ബ്രഹ്‌മപുരം തീപിടിത്തത്തിന് 500 കോടി രൂപ പിഴ ഈടാക്കുമെന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍. തീപിടിത്തവും വിഷപ്പുകയും സംസ്ഥാനത്തെ ഭരണനിര്‍വഹണത്തിലെ വീഴ്ചയാണ്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് എ കെ ഗോയല്‍ അധ്യക്ഷനായ ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയാ കേസെടുത്തത്.
◾കേരളത്തിലെ സ്ത്രീ ശാക്തീകരണത്തിന്റെ മഹത്തായ മുന്നേറ്റമായ കുടുംബശ്രീ ലോകത്തെ ഏറ്റവും വലിയ വനിതാ സ്വയം സഹായ ശ്രഖലയാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷം തിരുവനന്തപുരം കവടിയാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. ഭരണത്തില്‍ വനിതകളുടെ പ്രാധാന്യത്തെക്കുറിച്ചും രാഷ്ട്രപതി സംസാരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായി.
◾ഇന്ത്യയില്‍ ജനാധിപത്യമുണ്ടെങ്കില്‍ ലോക്സഭയില്‍ സംസാരിക്കാന്‍ അനുവദിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളി. സ്പീക്കര്‍ക്കു മാപ്പ് എഴുതിക്കൊടുത്താലേ സംസാരിക്കാന്‍ അനുവദിക്കൂവെന്നാണു കേന്ദ്ര നിലപാട്. രാഹുലിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നും അദാനി വിഷയം ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി സഭാനടപടികള്‍ തടസപ്പെടുത്തി. ഗാന്ധികുടുംബത്തെ അധിക്ഷേപിച്ചു പാര്‍ലമെന്റില്‍ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോണ്‍ഗ്രസ് അവകാശലംഘനത്തിനു നോട്ടീസ് നല്‍കി.
◾സ്വപ്ന സുരേഷിനും വിജേഷ് പിള്ളയ്ക്കുമെതിരെ തളിപ്പറമ്പ് പോലീസ് കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചു കേസെടുത്തു. ഗൂഢാലോചന, വ്യാജ രേഖ ചമക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. ബംഗളൂരുവിലുള്ള സ്വപ്ന സുരേഷിനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചിട്ടുണ്ട്. വിജേഷ് പിള്ളയെ ബംഗളൂരു മഹാദേവപുര പൊലീസ് സ്റ്റേഷനില്‍ ഇന്നലെ പത്തു മണിക്കൂറോളം ചോദ്യം ചെയ്തു. സ്വപ്നയും സരിത്തും സ്റ്റേഷനില്‍ എത്തിയിരുന്നു.
◾സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനു സര്‍ക്കാര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ തുടര്‍നടപടി അരുതെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. സിസ തോമസ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. നോട്ടീസിന് മറുപടി നല്‍കാന്‍ സിസയോട് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ വിശദമായ സത്യവാങ്മൂലവും നല്‍കണം.
◾കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം പാര്‍ലമെന്റില്‍ . സംസ്ഥാനം സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്കു നല്‍കേണ്ട പണം സംസ്ഥാനത്തിന് നല്‍കുമെന്നും കേന്ദ്രം പറഞ്ഞു. 2017-18 സാമ്പത്തിക വര്‍ഷം സിഎജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടിലെന്നാണ് കേന്ദ്രം കുറ്റപ്പെടുത്തിയത്.
◾ബ്രഹ്‌മപുരം അഴിമതിയുടെ ഗൂഢാലോചന മുഖ്യമന്ത്രി വിദേശയാത്രക്കിടയിലാണ് നടത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനത്തെ മാലിന്യ നിര്‍മാര്‍ജ്ജനത്തിനായി ലോക ബാങ്ക് അനുവദിച്ച തുക എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
◾ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും. പ്രയോജനപ്പെടുത്താവുന്നതാണ്.
◾കമ്യൂണിസ്റ്റ് നേതാവ് ആര്‍ സുഗതന്‍ ജീവിച്ചിരുന്നെങ്കില്‍ സെക്രട്ടേറിയറ്റിനു പകരം നിയമസഭാ മന്ദിരം ഇടിച്ചു നിരത്തി അവിടെ ചൊറിയണം നടണമെന്നു പറയുമായിരുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. സുഗതന്‍ മുമ്പ് സെക്രട്ടേറിയറ്റിനെക്കുറിച്ചാണ് അങ്ങനെ പറഞ്ഞതെങ്കിലും ഇപ്പോള്‍ രണ്ടിടത്തും അതാണു ചെയ്യേണ്ടത്. ജീര്‍ണതയുടെ മൂര്‍ധന്യത്തിലെത്തിയ കേരള നിയമസഭയില്‍ ജനാധിപത്യ അവകാശങ്ങളെ ചവിട്ടിമെതിക്കുകയാണ്. പ്രതിപക്ഷ അംഗങ്ങളെ അടിച്ചുവീഴ്ത്തുന്ന ഭീകരരുടെ താവളമായെന്നും അദ്ദേഹം പറഞ്ഞു.
◾പ്രതിഷേധങ്ങള്‍ സെന്‍സര്‍ ചെയ്യുകയാണെങ്കില്‍ സമാന്തര ഇടപെടലുകള്‍ നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സഭാ ടിവി നയത്തില്‍ പ്രതിഷേധിച്ച് സഭാ ടിവി ഉന്നതാധികാര സമിതിയില്‍നിന്ന് പ്രതിപക്ഷ അംഗങ്ങള്‍ രാജിവച്ചിരുന്നു. അതിനു പിറകേ, പുതിയ അംഗങ്ങളുമായി സഭാ ടിവിയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു.
◾സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധയാത്ര ഇന്നു തിരുവനന്തപുരത്തു സമാപിക്കും. വൈകുന്നേരം അഞ്ചിനു പുത്തരിക്കണ്ടം മൈതാനിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ഇന്ന് ഉച്ചമുതല്‍ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം.
◾കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 100 കോടി രൂപ കൂടി അനുവദിച്ചെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. ഈ സാമ്പത്തിക വര്‍ഷം ഇതോടെ 900 കോടി രൂപയാണ് കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയ്ക്കായി സംസ്ഥാനം അനുവദിച്ചത്. 42 ലക്ഷം കുടുംബങ്ങളാണ പദ്ധതിയിലുള്ളത്.
◾ഖരമാലിന്യ സംസ്‌കരണ പ്ലാന്റിനുള്ള അനുമതിക്കായി പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുളള യുഡിഎഫ് നേതാക്കള്‍ വന്‍തുക കൈക്കൂലി വാങ്ങി വഞ്ചിച്ചെന്നു പരാതി. കോഴിക്കോട് കട്ടിപ്പാറ പഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കെതിരെയാണ് താമരശേരി സ്വദേശി ഷെരീഫ് പരാതി നല്‍കിയത്.
◾തൃശൂര്‍ ചേര്‍പ്പിലെ സദാചാര കൊലക്കേസില്‍ കൊലയാളികളായ നാലു പേര്‍ ഉത്തരാഖണ്ഡില്‍ പൊലീസിന്റെ കസ്റ്റഡിയിലായി. ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്.
◾കൊച്ചി മെട്രോ റെയില്‍ പാളത്തില്‍ ഫ്ലക്സ് ബോര്‍ഡ് വീണു ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 12 മിനിറ്റാണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടത്.
◾തൃശൂര്‍ ഗവണ്‍മെന്റ് ലോ കോളജില്‍ കെഎസ്യു - എസ്എഫ്ഐ സംഘട്ടനം. നാല് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കും നാല് കെഎസ്യു പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. കെഎസ്യു പ്രവര്‍ത്തകര്‍ സ്ഥാപിച്ച കൊടി മാറ്റിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
◾തിരുവനന്തപുരം ലോ കോളേജില്‍ 21 അധ്യാപകരെ പത്തു മണിക്കൂര്‍ പൂട്ടിയിടുകയും കൈയേറ്റം ചെയ്യുകയും ചെയ്തതിന് 60 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. എസ്എഫ്ഐയുടെ സമരത്തിനിടെ അസിസ്റ്റന്റ് പ്രൊഫസര്‍ വി.കെ. സഞ്ജുവിനെ ആക്രമിച്ചതിനാണ് കേസ്.
◾ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. ആറളം ഫാമിലെ താമസക്കാരന്‍ ആയ രഘു (43) ആണ് മരിച്ചത്. ആറളത്ത് ഇന്ന് എല്‍ഡിഎഫ്, ബിജെപി ഹര്‍ത്താല്‍.
◾കാറിലിടിച്ച ടോറസ് ലോറി നൂറു മീറ്ററോളം കാറിനെ വലിച്ചിഴച്ചു. കാര്‍ യാത്രികരായ ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുന്നംകുളം പാറേമ്പാടത്ത് ഇന്നലെ മൂന്നരയോടെയാണ് അപകടമുണ്ടായത്.
◾വിവാഹത്തില്‍നിന്നു പിന്മാറിയതിനെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്ത കേസില്‍ യുവാവ് പിടിയില്‍. കാട്ടാമ്പള്ളി സ്വദേശിയായ അഖിലിനെയാണ് ബംഗളൂരുവില്‍ നിന്നും കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കൊല്ലം കടയ്ക്കലിലെ യുവതിയുമായി രണ്ടു വര്‍ഷത്തെ പ്രണയത്തിനുശേഷമാണ് വിവാഹത്തിനു തീരുമാനിച്ചതും പിന്നീട് പിന്മാറിയതും.
◾കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞ് നാലര വയസുകാരന്‍ മരിച്ചു. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ ഷമീര്‍, സുബൈറ ദമ്പതികളുടെ മകന്‍ മുഹമ്മദ് യാമിനാണ് മരിച്ചത്.
◾കോട്ടയത്ത് കള്ളനോട്ടു നല്‍കി ലോട്ടറി ടിക്കറ്റുകള്‍ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിലായി. കങ്ങഴ സ്വദേശിയും വിമുക്ത ഭടനുമായ ബിജി തോമസ് ആണ് പിടിയിലായത്.
◾മാപ്പു പറയേണ്ട ഒന്നും രാഹുല്‍ഗാന്ധി പറഞ്ഞിട്ടില്ലെന്ന് ശശി തരൂര്‍. ജനാധിപത്യം അപകടത്തിലാണെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. അനാവശ്യ കാര്യങ്ങളില്‍ സര്‍ക്കാര്‍ പാര്‍ലമെന്റ് തടസപ്പെടുത്തുന്നു. ഇന്ത്യയിലെ ജനാധിപത്യം സംരക്ഷിക്കാന്‍ വിദേശ ശക്തികള്‍ ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടില്ലെന്നും ശശി തരൂര്‍.
◾ബഹിരാകാശ ടൂറിസം എന്ന സ്വപ്ന പദ്ധതി ആരംഭിക്കുമെന്ന് ഐഎസ്ആര്‍ഒ. 2030 ആകുമ്പോഴേക്കും ബഹിരാകാശത്ത് വിനോദ സഞ്ചാരം നടത്താം. ഒരാള്‍ക്ക് ആറു കോടി രൂപയോളം ചിലവാകും. ടൂറിസം ബഹിരാകാശ മൊഡ്യൂളിനായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.
◾സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനെതിരായ സൈബര്‍ ആക്രമണത്തില്‍ ഇടപെടണമെന്ന് പ്രതിപക്ഷം. സൈബര്‍ ആക്രമണം തടയുന്നതിനും കുറ്റക്കാര്‍ക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം. 13 പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ രാഷ്ട്രപതിക്കു കത്തു നല്‍കി.
◾പ്രണയപ്പകമൂലം തമിഴ്നാട് വിഴുപുരത്ത് നഴ്സിംഗ് വിദ്യാര്‍ഥിനിയെ യുവാവ് കഴുത്തറുത്തു കൊന്നു. രാധാപുരം സ്വദേശിനി ധരണിയാണ് കൊല്ലപ്പെട്ടത്. ധരണിയുടെ വീട്ടിലെത്തി വാക്കത്തി കൊണ്ട് കഴുത്തിന് വെട്ടിയ മധുരപ്പാക്കം സ്വദേശിയായ ഗണേഷ് എന്ന യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
◾ഓസ്‌കര്‍ പുരസ്‌കാരവുമായി നാട്ടില്‍ തിരിച്ചെത്തിയ ആര്‍.ആര്‍.ആര്‍ ടീമിന് ഊഷ്മള വരവേല്‍പ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ കീരവാണി, എസ്.എസ് രാജമൗലി, കാലഭൈരവന്‍ എന്നിവരെ സ്വീകരിക്കാന്‍ നൂറുകണക്കിന് ആരാധകരാണ് എത്തിയത്.
◾ഓസ്‌കര്‍ പുരസ്‌കാരം നേടിയ നാട്ടു നാട്ടു ഗാനം രചിച്ച ചന്ദ്രബോസ് തങ്ങളുടെ പഴയ നേതാവാണെന്ന് തെലുങ്കാനയിലെ എസ്എഫ്ഐ. ചന്ദ്രബോസിന്റെ ചിത്രവും അഭിനന്ദനങ്ങളും അവകാശവാദവും ചേര്‍ത്തുള്ള ബോര്‍ഡുകളും സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളുമാണ് എസ്എഫ്ഐ തെലുങ്കാനയില്‍ നടത്തുന്നത്.
◾ജയിലില്‍ കഴിയുന്ന അധോലോക നേതാവ് ലോറന്‍സ് ബിഷ്ണോയെ കാണാന്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ടു പെണ്‍കുട്ടികള്‍ വീട്ടുവിട്ടിറങ്ങിയ സംഭവത്തില്‍ പോലീസ് അന്വേഷണം. പഞ്ചാബിലെ ബതിന്ദ ജയിലില്‍നിന്ന് പുറത്തിറക്കിയ ബിഷ്ണോയെ കാണാന്‍ എത്തിയ പെണ്‍കുട്ടികള്‍ അയാളുമൊന്നിച്ചു ഫോട്ടോ എടുത്ത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതു വിവാദമായിരിക്കേയാണ് അന്വേഷണം.
◾മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ജാട്ട് താലൂക്കില്‍ ബിജെപി നേതാവായ കോര്‍പറേഷന്‍ കൗണ്‍സിലര്‍ വെടിയേറ്റ് മരിച്ചു. വിജയ് ടാഡ് ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തില്‍ കല്ലുകൊണ്ട് ഇടിച്ചു ചതച്ചശേഷമാണ് അക്രമികള്‍ സ്ഥലംവിട്ടത്.
◾കാബൂളിലെ താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കില്ലെന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ഇന്ത്യന്‍ ടെക്‌നിക്കല്‍ ആന്‍ഡ് ഇക്കണോമിക്‌സിനു കീഴിലുള്ള ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അഫ്ഗാന്‍ വിദേശനയ സമിതി തങ്ങളുടെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതിനു പിറകേയാണ് ഇന്ത്യ നയം വ്യക്തമാക്കിയത്.
◾അമേരിക്കയില്‍ സിലിക്കണ്‍വാലി, സിഗ്നേച്ചര്‍ ബാങ്കുകളുടെ തകര്‍ച്ചയ്ക്കു പിറകേ മൂന്നാമതൊരു ബാങ്കുകൂടി പ്രതിസന്ധിയില്‍. 1985 മുതല്‍ പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് റിപ്പബ്ലിക് ബാങ്കാണു പ്രതിസന്ധിയിലായത്. പ്രതിസന്ധിയില്‍നിന്നു കരകയറ്റാന്‍ മറ്റു ബാങ്കുകള്‍ ചേര്‍ന്ന് മൂവായിരം കോടി ഡോളറിന്റെ നിക്ഷേപം നല്‍കണമെന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ നിര്‍ദേശം.
◾ഉത്തര കൊറിയയില്‍ ബാലിസ്റ്റിക് മിസൈലുകളുടെ വിക്ഷേപണം മകളുമൊത്ത് നിരീക്ഷിച്ച് ഭരണാധികാരി കിം ജോങ് ഉന്‍. ഉത്തര കൊറിയ ഈ വര്‍ഷം നടത്തുന്ന രണ്ടാമത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണിത്.
◾യുവതിയെ കൊലപ്പെടുത്തി ഹൃദയം മുറിച്ചെടുത്ത് കറിവച്ച് വിളമ്പിയ ശേഷം ബന്ധുക്കളെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു ജീവപര്യന്തം തടവ്. മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ ഓക്ലഹോമ സ്വദേശിയായ ലോറന്‍സ് പോള്‍ ആന്‍ഡേഴ്സണെയാണു (44) ജീവിതാവസാനം വരെ തടവിന് ശിക്ഷിച്ചത്.
◾ബ്രിട്ടനില്‍ തടവുകാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 18 വനിതാ ജീവനക്കാരെ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ പിരിച്ചുവിട്ടു. 'മിറര്‍' ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. ബ്രിട്ടനിലെ ഏറ്റവും വലിയ ജയിലായ റെക്സ്ഹാമിലെ എച്ച്എംപി ബെര്‍വിനിലാണ് സംഭവം.
◾ഓസ്ട്രേലിയക്കെതിരായ ഏകദിനപരമ്പരയിലെ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന അഞ്ച് വിക്കറ്റ് വിജയം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ മിച്ചല്‍ മാര്‍ഷിന്റെ 81 റണ്‍സ് പോരാട്ടത്തെ നിഷ്പ്രഭമാക്കി ഓസ്ട്രേലിയയെ 188 റണ്‍സിലൊതുക്കി. അനായാസ വിജയം പ്രതീക്ഷിച്ച് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ വിലപ്പെട്ട നാല് വിക്കറ്റുകള്‍ 39 റണ്‍സിനിടയില്‍ വീണപ്പോള്‍ പരാജയം മണത്ത ഇന്ത്യയെ വിജയത്തിലെത്തിച്ചത് 75 റണ്‍സെടുത്ത കെ.എല്‍ രാഹുലിന്റെയും 45 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുടേയും സെഞ്ച്വറി കൂട്ടുകെട്ടാണ്. നേരത്തെ ഓസ്ട്രേലിയയുടെ 2 വിക്കറ്റുകള്‍ കൂടി വീഴ്ത്തിയ രവീന്ദ്ര ജഡേജയാണ് കളിയിലെ താരം.
◾യുപിഐ മുഖാന്തരം നടക്കുന്ന ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തി കേന്ദ്രം. ഒരു ദിവസം യുപിഐ ഉപയോഗിച്ച് 20- ലധികം പണമിടപാടുകള്‍ നടത്താന്‍ സാധിക്കുകയില്ല. ആദ്യത്തെ പണമിടപാട് നടത്തിയ സമയം മുതല്‍ 24 മണിക്കൂര്‍ എന്ന രീതിയിലാണ് സമയപരിധി കണക്കാക്കുക. യുപിഐ സേവനം വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്ഫോമുകളായ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയ എല്ലാ പണമിടപാട് ആപ്പുകള്‍ക്കും ഈ ചട്ടം ബാധകമാണ്. കൂടാതെ, യുപിഐയില്‍ ഉള്‍പ്പെട്ട എല്ലാ ബാങ്കുകളും വ്യവസ്ഥകള്‍ പാലിക്കേണ്ടതാണ്. സാമ്പത്തിക തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താവിനെ സംരക്ഷിക്കുവാനും, യുപിഐ ആപ്ലിക്കേഷനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താനും 24 മണിക്കൂര്‍ പരിധി ഏറെ ഗുണം ചെയ്യും. ബാങ്കില്‍ പോകാതെ തന്നെ നിമിഷനേരം കൊണ്ട് പണമടയ്ക്കാനും, സ്വീകരിക്കാനും സാധിക്കുമെന്നതാണ് യുപിഐ സേവനത്തിന്റെ പ്രധാന പ്രത്യേകത.
◾ഏറെ ചര്‍ച്ചയായ 'നായാട്ട്' എന്ന ചിത്രത്തിനുശേഷം കുഞ്ചാക്കോ ബോബനും മാര്‍ട്ടിന്‍ പ്രക്കാട്ടും വീണ്ടും ഒന്നിക്കുന്നു. ഇത്തവണ ബിജു മേനോനും ഇവര്‍ക്കൊപ്പമുണ്ട്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ഈ സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഏറെ നാളുകള്‍ക്കുശേഷം ബിജു മേനോനും ചാക്കോച്ചനും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. മല്ലുസിങ്, സീനിയേഴ്സ്, സ്പാനിഷ് മസാല, ഓര്‍ഡിനറി, ത്രീ ഡോട്സ്, മധുരനാരങ്ങ, ഭയ്യാ ഭയ്യാ, റോമന്‍സ്, 101 വെഡ്ഡിങ്സ്, ട്വന്റി 20, കഥവീട് എന്നിങ്ങനെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച ആ ഹിറ്റ് കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്കു ശേഷം മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം വീണ്ടും ഒരുമിച്ചെത്തുകയാണ്. ഷൈജു ഖാലിദാണ് സിനിമയുടെ ഛായാഗ്രഹണം. കുഞ്ചാക്കോ ബോബന്‍ പ്രൊഡക്ഷന്‍സ്, ഗ്രീന്‍ റൂം പ്രൊഡക്ഷന്‍സ്, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസ് എന്നീ കമ്പനികള്‍ സംയുക്തമായാണ് സിനിമയുടെ നിര്‍മാണ നിര്‍വഹണം.
◾പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'ജനഗണമന'. 2022 ഏപ്രിലില്‍ റീലീസ് ചെയ്ത ചിത്രം നിരൂപക- പ്രേക്ഷക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. ബോക്സ് ഓഫീസിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. റിലീസ് ചെയ്ത് ഒരുവര്‍ഷം ആകാനൊരുങ്ങുമ്പോള്‍ പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഓഫീഷ്യല്‍ സെലക്ഷനായിരിക്കുക ആണ് ചിത്രം. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരിക്കുന്നത്. ജനഗണമനയെ കൂടാതെ ആദിവാസി, പല്ലൊട്ടി 90സ് കിഡ്സ്, സൌദി വെള്ളക്ക എന്നീ സിനിമകളും ചലച്ചിത്രമേളയിലെ ഇന്ത്യന്‍ കോമ്പറ്റിഷന്‍ വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ലീഗല്‍ ത്രില്ലര്‍ ചിത്രമാണ് ജനഗണമന. 2022 മെയ് 24ന് ആണ് ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ അറിയിച്ചത്.
◾തിരഞ്ഞെടുത്ത കാറുകള്‍ക്ക് വന്‍ വിലക്കിഴിവ് പ്രഖ്യാപിച്ച് മാരുതി സുസുക്കി. പരമാവധി 64,000 രൂപ വരെ കമ്പനി ഓഫര്‍ ചെയ്യുന്നാതായാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തുടനീളം മാരുതി സുസുക്കി ഈ ഓഫര്‍ നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വില്‍പ്പന റെക്കോര്‍ഡുള്ള മാരുതി സുസുക്കി വാഗണ്‍ആറിന് പരമാവധി കിഴിവ് നല്‍കുന്നു. ആകെ 64,000 രൂപയാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്വിഫ്റ്റ് കാറിന് മൊത്തം 54,000 രൂപയുടെ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എസ് പ്രസോ, ആള്‍ട്ടോ കാറുകള്‍ക്ക് മൊത്തം 49,000 രൂപ കിഴിവ് നല്‍കിയിട്ടുണ്ട്. സെലേറിയോ കാറിന് മൊത്തം 44,000 രൂപയുടെ കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. ആള്‍ട്ടോ 800 ന് 38,000 രൂപയുടെ കിഴിവാണ് നല്‍കുന്നത്. ഡിസയര്‍ കാറിന് 10,000 രൂപയുടെ കിഴിവ് പ്രഖ്യാപിച്ചു. ഓഫര്‍ മാര്‍ച്ച് 31ന് അവസാനിക്കും.
◾പലപ്പോഴായി പ്രസിദ്ധീകരിച്ച സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക ലേഖനങ്ങളാണ് ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതത് കാലത്തെ പ്രത്യേക പ്രശ്നങ്ങളോടുള്ള പ്രതികരണമായി എഴുതിയിട്ടുള്ള ലേഖനങ്ങളായതിനാല്‍ ആ ചരിത്രസംഭവത്തിലേക്കുള്ള ഒരെത്തിനോട്ടം കൂടിയാകുന്നു. ബീഫ് ഫെസ്റ്റ്, ചുംബനസമരം, മാധ്യമസംസ്‌കാരം തുടങ്ങി വ്യത്യസ്ത തലങ്ങളില്‍കൂടിയുള്ള ഒരു സംവാദമാണ് ഈ കൃതി മുന്നോട്ട് വയ്ക്കുന്നത്. 'മരണം കാത്ത് ദൈവങ്ങള്‍'. എം. സ്വരാജ്. ഡി സി ബുക്സ്. വില 199 രൂപ.
◾ശാരീരികമായ പല അസ്വസ്ഥതകള്‍ക്കും ചൂടുവെള്ളം കുടിക്കുന്നത് പരിഹാരമാണ്. സാധാരണ ചുമയേയും ജലദോഷത്തേയും നേരിടാന്‍ ചൂടുവെള്ളത്തിനു കഴിയും. തൊണ്ടവേദനക്കും ചൂടുവെള്ളം ഉത്തമ പരിഹാരമാണ്. ആര്‍ത്തവ ദിവസങ്ങളില്‍ അതിരാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. വയറുകളിലെ മസിലുകള്‍ക്ക് ആയാസം പകരാന്‍ ചൂടുവെള്ളത്തിന് കഴിയും. ഇതിലൂടെ വേദനയും കുറയും. ഭക്ഷണശേഷം ചൂടുവെള്ള കുടിക്കുന്നത് ഭക്ഷണത്തെ വേഗം വിഘടിപ്പിച്ച് ദഹനം എളുപ്പമാക്കാന്‍ സഹായിക്കുന്നു. പോഷകങ്ങളെ വളരെ വേഗത്തില്‍ വിതരണം ചെയ്യാന്‍ സഹായിക്കുന്നു. മലബന്ധം അകറ്റുന്നു. ശരീരത്തിലെ വിഷാംശങ്ങളെ നീക്കി ഡീടോക്സിഫൈ ചെയ്യാന്‍ ചൂടുവെള്ളം സഹായിക്കുന്നു. ഭക്ഷണശേഷം ചൂടുവെള്ളം കുടിച്ചാല്‍ ദഹനസമയത്ത് നഷ്ടപ്പെടുന്ന ഫ്ലൂയിഡുകളെ വീണ്ടും നിറച്ച് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ഭക്ഷണത്തിനു മുന്‍പ് ചൂടുവെള്ളം കുടിക്കുന്നത് ഉപാപചയപ്രവര്‍ത്തനങ്ങളെ 32 ശതമാനം വര്‍ധിപ്പിക്കും എന്ന് അടുത്തിടെ നടന്ന പഠനം തെളിയിക്കുന്നു. ഗര്‍ഭപാത്രത്തിലെ കട്ടിയുള്ള മസിലുകള്‍ക്ക് അയവു വരുത്തി രക്തപ്രവാഹം വര്‍ധിക്കാന്‍ ഭക്ഷണശേഷം ചൂടുവെള്ളം കുടിക്കുന്നതു മൂലം സാധിക്കും. ചൂടുവെള്ളത്തെ വാസോഡൈലേറ്റര്‍ എന്നാണ് വിളിക്കുന്നത്. രക്തക്കുഴലുകളെ വികസിപ്പിച്ച് രക്തപ്രവാഹം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു.
*ശുഭദിനം*