*പ്രഭാത വാർത്തകൾ*2023 | മാർച്ച് 17 | വെള്ളി |

◾രാജ്യത്തു ജനാധിപത്യമുണ്ടെങ്കില്‍ ലോക്സഭയില്‍ തനിക്കു പ്രസംഗിക്കാന്‍ അവസരം തരണമെന്നും പ്രസംഗം സഭാരേഖകളില്‍നിന്ന് നീക്കം ചെയ്യാതിരിക്കണമെന്നും രാഹുല്‍ഗാന്ധി. വിദേശത്തു നടത്തിയ പ്രസംഗത്തിനു മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്ന ബിജെപി നേതൃത്വത്തോടാണ് രാഹുല്‍ ഗാന്ധിയുടെ വെല്ലുവിളി. ലണ്ടനിലെ പ്രസംഗത്തിനു സഭയ്ക്കുള്ളില്‍ വിശദീകരണം നല്കാന്‍ തയാറാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

◾ബഫര്‍സോണ്‍ വിധിയില്‍ ഭേദഗതി വന്നാലും ഖനനം അടക്കം പരിസ്ഥിതിക്കു ദോഷമുണ്ടാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് തുടരുമെന്ന് സുപ്രീം കോടതി. വിധിയില്‍ ഭേഗഗതി വരുത്തിയാല്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആശങ്കകള്‍ക്കു പരിഹാരമാകില്ലേയെന്ന് സുപീം കോടതി ചോദിച്ചു.

◾സെക്രട്ടേറിയറ്റില്‍ പഞ്ചിംഗ് രേഖപ്പെടുത്തി മുങ്ങുന്നവരെ കണ്ടെത്തി ശമ്പളം തടയണമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി. കീഴുദ്യോഗസ്ഥര്‍ കൃത്യമായി ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് മേലുദ്യോഗസ്ഥരാണ്. വീഴ്ച വരുത്തുന്നവരുടെ വിവരങ്ങള്‍ അക്കൗണ്ട് വിഭാഗത്തെ കൃത്യമായി അറിയിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

◾ഇന്നു ഡോക്ടര്‍മാരുടെ പണിമുടക്ക്. രാവിലെ ആറു മുതല്‍ വൈകുന്നേരം വരെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുകയോ ചികില്‍സ നല്‍കുകയോ ഇല്ലെന്ന് ഐഎംഎ.

◾ശസ്ത്രക്രിയക്കുശേഷം വയര്‍ തുന്നിച്ചേര്‍ക്കാതെ നിര്‍ദ്ധനയായ വീട്ടമ്മയെ വീട്ടിലേക്കയച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പത്തനാപുരം മുല്ലൂര്‍നിരപ്പ് സ്വദേശിനി കെ ഷീബക്ക് കൊല്ലത്തെ സ്വകാര്യ ആശുപത്രി, പുനലൂര്‍ താലൂക്ക് ആശുപത്രി, പാരിപ്പള്ളി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് ചികിത്സ നല്‍കിയത്. ഡോക്ടര്‍മാരുടെ പിഴവു നിയമസഭയില്‍ വിവരിച്ച കെ.ബി. ഗണേഷ്‌കുമാറിനെതിരേ കലാപാഹ്വാനത്തിനു കേസെടുക്കണമെന്ന് ഐഎംഎ ആവശ്യപ്പെട്ടിരുന്നു.

◾മൂന്നു ദിവസം സംസ്ഥാനത്തു മഴയ്ക്കു സാധ്യത. കണ്ണൂര്‍, കാസര്‍കോട് ഒഴികേയുള്ള ജില്ലകളിലാണ് മഴ ലഭിക്കുക.

◾ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിയാക്കി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര സിബിഐക്കു പരാതി നല്‍കി. ലൈഫ് മിഷന്‍ സിഇഒ തദ്ദേശ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് അയച്ച കത്തിന്റെ പകര്‍പ്പും കൈമാറി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് വിദേശനാണ്യ കൈമാറ്റ നിയമം ലംഘിച്ചു പണം വാങ്ങി വടക്കാഞ്ചേരിയില്‍ ഫ്ളാറ്റ് നിര്‍മ്മിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടതെന്ന് അനില്‍ അക്കര അപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

◾കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷങ്ങള്‍ ഇന്നു വൈകുന്നേരം രാഷ്ട്രപതി ദ്രൗപതി മുര്‍മു ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം കവടിയാറിലാണ് ജൂബിലി സമ്മേളനം. ഇന്നലെ എത്തിയ രാഷ്ട്രപതി ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് സന്ദര്‍ശിച്ചു. നാവികസേനയുടെ പരിശീലനകേന്ദ്രമായ ഐഎന്‍എസ് ദ്രോണാചാര്യക്കു രാഷ്ട്രപതിയുടെ ഉയര്‍ന്ന ബഹുമതിയായ 'പ്രസിഡന്റ്സ് കളര്‍' സമ്മാനിച്ചു.

◾കേരളം ഉള്‍പ്പെടെയുള്ള ആറു സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപന നിരക്ക് വര്‍ധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേരളത്തില്‍ പ്രതിവാര കേസുകള്‍ മാര്‍ച്ച് 15 ന് 434 ല്‍ നിന്ന് 579 ആയി. പോസിറ്റിവിറ്റി നിരക്ക് 0.61 ല്‍ നിന്ന് 2.64 ശതമാനം ആയെന്നും കേന്ദ്രം അറിയിച്ചു.

◾ഹെല്‍ത്ത് കാര്‍ഡ് നല്‍കാന്‍ പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍. കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഷാജി മാത്യൂസാണ് പിടിയിലായത്. മുറുക്ക് കമ്പനിക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കാന്‍ ആദ്യം 10,000 രൂപ വാങ്ങിയിരുന്നു. വീണ്ടും തുക അവശ്യപ്പെട്ടതോടെ അപേക്ഷകന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

◾പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നട്ടെല്ല് വാഴപ്പിണ്ടിയാണെന്നു പരിഹസിച്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും അമ്മായിയച്ചന്‍ മുഖ്യമന്ത്രി പിണറായി വിജയനും നട്ടെല്ല് സ്വപ്നയ്ക്കു പണയംവച്ചവരാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍. കിച്ചണ്‍ ക്യാബിനെറ്റിന്റെ ആനുകൂല്യത്തില്‍ പദവിയിലെത്തിയ ആളല്ല സതീശനെന്നും ഷാഫി പറഞ്ഞു.

◾എഡിജിപി ശ്രീജിത്ത് ആറു അക്കൗണ്ടുകള്‍ വഴി സാമ്പത്തിക ഇടപാടും ക്രമക്കേടും നടത്തിയെന്ന ആരോപണത്തില്‍ തുടരന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ശ്രീജിത്തിനെതിരെ ഒന്‍പത് ആരോപണങ്ങളിലാണ് അന്വേഷണം നടത്താന്‍ മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ശ്രീജിത്തിനെതിരായ ഭൂരിഭാഗം ആരോപണങ്ങളിലും കഴമ്പില്ലെന്ന വിജിലന്‍സ് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് മറികടന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

◾ക്ഷേത്രോത്സവത്തിന് കോഴിക്കോട് സിറ്റി പൊലീസിന്റെ നേതൃത്വത്തില്‍ പൊങ്കാല നടത്തുന്നതിനെതിരേ പോലീസ് സേനയില്‍ത്തന്നെ എതിര്‍പ്പ്. സേനയുടെ മതനിരപേക്ഷ സ്വഭാവത്തിന് എതിരാണ് പൊങ്കാല. കോഴിക്കോട് മുതലക്കുളം ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ പരിപാലന ചുമതല കോഴിക്കോട് സിറ്റി പൊലീസിനാണ്. ക്ഷേത്രം ഭരണസമിതി പ്രസിഡന്റ് സിറ്റി പൊലീസ് കമ്മീഷണറാണ്. പ്രതിഷ്ഠാ ദിനാഘോഷമായ 24 നു പൊങ്കാല നടത്താന്‍ കഴിഞ്ഞ ദിവസമാണു തീരുമാനിച്ചത്.

◾അപകീര്‍ത്തിപരമായ പ്രതികരണത്തിന് ഇടതു നിരീക്ഷകനായ അഡ്വ. ബി എന്‍ ഹസ്‌കറിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചെന്നു സ്വപ്ന സുരേഷ്. ഒരാഴ്ചക്കുള്ളില്‍ നിരുപാധികം മാപ്പു പറയാത്ത പക്ഷം ഹസ്‌കറിനെതിരെ കോടതിയില്‍ കേസ് കൊടുക്കുമെന്ന് സ്വപ്ന പറഞ്ഞു.

◾സ്വപ്ന സുരേഷിനെതിരെ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ മാനനഷ്ടത്തിനു നോട്ടീസയച്ചിട്ടും മുഖ്യമന്ത്രി നോട്ടീസ് അയക്കാത്തത് എന്തുകൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. ഇക്കാര്യം സിപിഎം വിലയിരുത്തണം. മടിയില്‍ കനമുള്ളതുകൊണ്ടാണ് പിണറായി പരാതി നല്‍കാത്തതെന്നും സുധാകരന്‍ പറഞ്ഞു.

◾കെഎസ്ആര്‍ടിസിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറായി പ്രമോജ് ശങ്കര്‍ ചുമതലയേറ്റു. സുശീല്‍ഖന്ന റിപ്പോര്‍ട്ടനുസരിച്ച് പ്രൊഫഷണലുകളെ കെഎസ്ആര്‍ടിസിയില്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് നിയമനം. കേന്ദ്ര സര്‍വ്വീസില്‍ നിന്നു ഡെപ്യൂട്ടേഷനിലുള്ള അദ്ദേഹത്തിനു മൂന്നു വര്‍ഷത്തേക്കോ, ഡെപ്യൂട്ടേഷന്‍ കാലാവധി കഴിയുന്നതുവരേയോ കെഎസ്ആര്‍ടിസിയില്‍ ജോയിന്റ് എംഡിയായി തുടരാം. അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറായതിനാല്‍ കെഎസ്ആര്‍ടിസി ക്ക് അധിക സാമ്പത്തിക ബാധ്യത ഇല്ല.

അന്വേഷണ ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും അശ്രദ്ധ പ്രതികള്‍ക്കു ഗുണമാകുന്നുണ്ടെന്ന് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ അഭിഭാഷകര്‍ക്കും പരിശീലനം നല്‍കണമെന്ന് സംസ്ഥാന പൊലീസ് മേധാവിയോടും പ്രോസിക്യൂഷന്‍ മേധാവിയോടും കോടതി ആവശ്യപ്പെട്ടു. ലഹരിമരുന്ന് കേസില്‍ കസ്റ്റഡിയിലുള്ള തൃശൂര്‍ സ്വദേശിയുടെ ജാമ്യഹര്‍ജി അനുവദിച്ചുകൊണ്ടാണ് കോടതിയുടെ വിമര്‍ശനം. കസ്റ്റഡി കാലാവധി നീട്ടണമെന്ന് പ്രോസിക്യൂഷന്‍ അപേക്ഷിച്ചില്ല.

◾കോഴിക്കോട് ഞെളിയന്‍പറമ്പ് മാലിന്യ സംസ്‌കരണ കേന്ദ്രവും സോണ്‍ടയുമായുള്ള കരാറിനെക്കുറിച്ചു വിശദീകരണം പറയാതെ കോഴിക്കോട് മേയര്‍ ബിന ഫിലിപ്പ്. ഇന്നലത്തെ കൗണ്‍സില്‍ യോഗത്തില്‍ വിശദീകരണം നല്‍കുമെന്നാണു മേയര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്. എന്നാല്‍ പഠിച്ചശേഷം പറയാമെന്നാണ് ഇന്നലെ മേയര്‍ പ്രതികരിച്ചത്.

◾ബ്രഹ്‌മപുരം വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷനിലേക്കു കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ കോര്‍പറേഷന്‍ സെക്രട്ടറി അടക്കമുള്ളവരെ മര്‍ദിച്ച സംഭവത്തില്‍ നാലു പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്. കോര്‍പ്പറേഷന്‍ സീനിയര്‍ ക്ലര്‍ക്ക് ഒ.വി. ജയരാജ്, കണ്ടാലറിയാവുന്ന മൂന്ന് പേര്‍ എന്നിവര്‍ക്കെതിരെയാണ് വധശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തത്. അതേസമയം, കോണ്‍ഗ്രസ് ഉപരോധത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കം അഞ്ഞൂറു പേര്‍ക്കെതിരെയും കേസെടുത്തു.

◾തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ ഉപരോധിച്ചു. കെഎസ് യുവിന്റെ കൊടിമരം നശിപ്പിച്ച 24 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉപരോധിച്ചത്.

◾ബ്രഹ്‌മപുരം വിഷപ്പുക ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വ്യവസായി എം.എ. യൂസഫലി വാഗ്ദാനം ചെയ്ത ഒരു കോടി രൂപയുടെ ചെക്ക് കൊച്ചി മേയര്‍ അനില്‍കുമാറിനു കൈമാറി.

◾കൊച്ചി കുണ്ടന്നൂരില്‍ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് മാഗസിനില്‍ ബാക്കി വന്ന മൂവായിരം കിലോ വെടികോപ്പുകള്‍ നിര്‍വീര്യമാക്കിത്തുടങ്ങി. കരിങ്കല്‍ ക്വാറിയില്‍ എത്തിച്ചാണ് വെടികോപ്പുകള്‍ നിര്‍വീര്യമാക്കുന്നത്.

◾കോടതി വിധിച്ച 29.64 ലക്ഷം രൂപ ഭാര്യക്കു നല്‍കാത്ത ഭര്‍ത്താവിനെ വടകര കുടുംബ കോടതി പൊലീസിനു കൈമാറിയെങ്കിലും യുവാവ് ഓടി രക്ഷപ്പെട്ടു. കൊയിലാണ്ടി നടേരി തിരുമംഗലത്ത് മുഹമ്മദ് ജാസിം ആണ് രക്ഷപ്പെട്ടത്. കോടതിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ കൊയിലാണ്ടി സ്റ്റേഷനിലെ പോലീസിന്റെ സഹായം തേടിയെങ്കിലും അവര്‍ എത്തുന്നതിനു മുമ്പേ മുഹമ്മദ് ജാസിം ഓടി രക്ഷപ്പെട്ടു.

◾സര്‍ക്കാര്‍ സ്‌കൂളിലേക്ക് ഓടിക്കയറിയ മുള്ളന്‍പന്നിയെ വനം ഉദ്യോഗസ്ഥര്‍ പിടികൂടി. തിരുവനന്തപുരം കഠിനംകുളം ഗവ എല്‍.പി സ്‌കൂളിലെ ക്ലാസ് മുറിയിലേക്കാണ് മുള്ളന്‍പന്നി ഓടിക്കയറിയത്.

◾മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തോട്ടംതൊഴിലാളിക്കു ഗുരുതര പരിക്കേറ്റു. മൂന്നാര്‍ നല്ലതണ്ണി വെസ്റ്റ് ഡിവിഷനില്‍ താമസിക്കുന്ന മോഹനാണ് പരിക്കേറ്റത്.

◾അടിമാലിക്കു സമീപം ട്രാവലര്‍ മറിഞ്ഞ് 19 പേര്‍ക്ക് പരിക്കേറ്റു. അടിമാലി മൂന്നാര്‍ റോഡില്‍ ആനച്ചാലിലാണ് അപകടമുണ്ടായത്. എറണാകുളം പനങ്ങാടുനിന്ന് എത്തിയ വിനോദസഞ്ചാരികള്‍ക്കാണു പരിക്കേറ്റത്.

◾കണ്ണൂര്‍ തിമിരിയില്‍ ദമ്പതികള്‍ തൂങ്ങി മരിച്ചു. ഓലക്കണ്ണ് സ്വദേശി സന്തോഷ് (48) ഭാര്യ ദീപ (40) എന്നിവരെയാണ് വീടിനു സമീപത്തുള്ള കശുമാവിന്‍ തോട്ടത്തില്‍ തൂങ്ങി മരിച്ചത്.

◾വെഞ്ഞാറമൂടില്‍ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ അജ്ഞാതന്‍ തീയിട്ടു നശിപ്പിച്ചു. വെഞ്ഞാറമൂട് വലിയകട്ടയ്ക്കാല്‍ മുരുകവിലാസത്തില്‍ മുരുകന്റെ രണ്ട് കാറുകളാണ് കത്തിച്ചത്.

◾അനധികൃത സര്‍വീസ് നടത്തിയ ബോട്ട് പിടികൂടിയ പൊഴിയൂര്‍ എസ് ഐയെ ഫോണില്‍ ഭീഷണിപ്പെടുത്തിയ പ്രതിയെ പൂവാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പൂവാര്‍ തെക്കേതെരുവ് കുപ്പയില്‍ വീട്ടില്‍ മഹീന്‍ (34) ആണ് പിടിയിലായത്.

◾കോഴിക്കോട് ആനിഹാള്‍ റോഡില്‍ ഉപയോഗിക്കാത്ത കിണറില്‍ കയറുകൊണ്ടു ചുറ്റിവരിഞ്ഞ നിലയില്‍ യുവാവിന്റെ അഴുകിയ മൃതദേഹം. പൊക്കുന്ന് സ്വദേശി ജിഷാന്താണു മരിച്ചത്. പോലീസ് അന്വേഷണം ആരംഭിച്ചു.

◾ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. മലപ്പുറം കുറ്റിപ്പാല സ്വദേശി അഭിനന്ദാണ് ആറന്മുള പൊലീസിന്റെ പിടിയിലായത്.

◾കാറില്‍ കഞ്ചാവ് കടത്തിയ രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. സുല്‍ത്താന്‍ബത്തേരി സ്‌കൂക്കുന്ന് സ്വദേശിയായ പാലത്തി വീട്ടില്‍ ജുനൈസ് (32), കുപ്പാടി മൂന്നാംമൈല്‍ സ്വദേശി തയ്യില്‍ വീട്ടില്‍ മുഹമ്മദ് മകന്‍ സുബീര്‍ (26) എന്നിവരെയാണ് പിടികൂടിയത്.

◾ഭാര്യയുടെ മരണാനന്തര ചടങ്ങിനെത്തിയ ബന്ധുവിന്റെ മകളെ പീഡിപ്പിച്ച കേസില്‍ 58 കാരന് ഏഴ് കൊല്ലം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. അഞ്ചേരി സ്വദേശി ക്രിസോസ്റ്റം ബഞ്ചമിനെയാണ് തൃശൂര്‍ ഒന്നാം അഡീ ജില്ലാ കോടതി ശിക്ഷിച്ചത്.

◾പതിനൊന്നു വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 40 വര്‍ഷം തടവു ശിക്ഷ. ചിറയിന്‍കീഴ്, അക്കോട്ട് വിള, ചരുവിള പുത്തന്‍ വീട്ടില്‍ മധു എന്ന ബാല (48) നെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. അറുപതിനായിരം രൂപ പിഴ ഒടുക്കുകയും വേണം.

◾ഇടുക്കി കുമളിക്കു സമീപം പതിനാറുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വീട്ടില്‍ പ്രസവിച്ചു. കുമളി പൊലീസെത്തി അമ്മയെയും കുഞ്ഞിനെയും പീരുമേട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പ്രായപൂര്‍ത്തിയാകാത്ത സഹപാഠിക്കു വേണ്ടി പൊലീസ് തെരച്ചില്‍ തുടങ്ങി.

◾പാര്‍ലമെന്റ് സമ്മേളനത്തിന്റെ നാലാംദിവസവും ഭരണപക്ഷ പ്രതിപക്ഷ ബഹളം. സഭാ നടപടികള്‍ തടസപ്പെട്ടു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തി ബിജെപിയും അദാനി വിഷയത്തില്‍ പ്രതിപക്ഷവും ബഹളംവയ്ക്കുകയായിരുന്നു.

◾ഇന്ത്യയില്‍നിന്നുള്ള എഴുന്നൂറോളം വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയില്‍. കാനഡയിലെ വിവിധ കോളജുകളില്‍ അഡ്മിഷനുവേണ്ടി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ച ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്നു കണ്ടെത്തിയതോടെയാണു വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലായത്.

◾ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്നും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് മേയ് മാസത്തില്‍ പ്രതിപക്ഷ കക്ഷി നേതാക്കള്‍ കാഷ്മീരിലേക്ക്. ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷണല്‍ ക്ലബ്ബില്‍ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളുടെ യോഗം ജനങ്ങളുടെ അവകാശങ്ങള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു. സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍സിപി നേതാവ് ശരദ് പവാര്‍, ഫാറൂഖ് അബ്ദുള്ള എംപി തുടങ്ങി കോണ്‍ഗ്രസ്, ഡിഎംകെ, ടിഎംസി, സിപിഐഎം, ആര്‍ജെഡി, എസ്പി, എഎപി തുടങ്ങിയ പാര്‍ട്ടികളുടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്തു.

◾പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നോബെല്‍ സമാധാന പുരസ്‌കാരത്തിനുു പരിഗണനയിലുണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് നോര്‍വീജിയന്‍ നോബെല്‍ കമ്മിറ്റി ഉപാദ്ധ്യക്ഷന്‍ അസ്ലെ തോയെ. വ്യാജവാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും അസ്ലെ തോയെ വിശദീകരിച്ചു.

◾സൈനിക വിഭാഗങ്ങള്‍ക്ക് ആയുധങ്ങള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ 70,500 കോടി രൂപ അനുവദിച്ചു. നാവിക സേനയ്ക്ക് പുതിയ മിസൈല്‍, ബ്രഹ്‌മോസ് മിസൈലുകള്‍ അടക്കം വിവിധ സേന വിഭാഗങ്ങള്‍ക്കായി ആയുധങ്ങള്‍ തുടങ്ങിയവയാണു വാങ്ങുന്നത്.

◾രാഹുല്‍ ഗാന്ധിക്കു ഡല്‍ഹി പൊലീസിന്റെ നോട്ടീസ്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടി ഭാരത് ജോഡോ യാത്രക്കിടെ തന്നെ കണ്ടെന്നു പ്രസംഗിച്ച രാഹുലിനോടു പെണ്‍കുട്ടിയുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. പൊലീസില്‍ അറിയിക്കണമെന്നു ചൂണ്ടിക്കാണിച്ചപ്പോള്‍ പെണ്‍കുട്ടി വിലക്കിയെന്നും രാഹുല്‍ ശ്രീനഗറില്‍ പ്രസംഗിച്ചിരുന്നു. രാഹുലിന്റെ വസതിക്കു മുന്നില്‍ വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

◾അഞ്ചു വര്‍ഷത്തിനകം രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും ഉപയോഗം കുറയ്ക്കണമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി. ജനങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങളോ ഫ്ലെക്സ് ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങളോ വാങ്ങണം. എല്‍എന്‍ജി, സിഎന്‍ജി, ബയോഡീസല്‍, ഹൈഡ്രജന്‍, ഇലക്ട്രിക്, എത്തനോള്‍ എന്നിവയില്‍ ഓടുന്ന വാഹനങ്ങള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

◾പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ ചമഞ്ഞ് കശ്മീരില്‍ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ അടക്കമുള്ള സൗകര്യങ്ങള്‍ നേടി തട്ടിപ്പു നടത്തിയ ഗുജറാത്ത് സ്വദേശി അറസ്റ്റിലായി. ബുള്ളറ്റ് പ്രൂഫ് എസ് യു വിയും പഞ്ചനക്ഷത്ര ഹോട്ടലിലെ സൗജന്യ താമസവും ഉള്‍പ്പടെയുള്ള സൗകര്യങ്ങളാണ് ജമ്മു കശ്മീര്‍ അധികൃതര്‍ ഇയാള്‍ക്കായി സജ്ജമാക്കിയത്. കിരണ്‍ ഭായി പട്ടേല്‍ എന്നയാളാണ് പിടിയിലായത്.

◾കേന്ദ്രമന്ത്രി നിരഞ്ജന്‍ ജ്യോതിയുടെ വാഹനത്തില്‍ ട്രക്ക് ഇടിച്ചു. കര്‍ണാടകയിലെ വിജയപുരയ്ക്ക് സമീപത്താണ് അപകടമുണ്ടായത്. അമിത വേഗതയില്‍ എത്തിയ ട്രക്ക് മന്ത്രിയുടെ കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മന്ത്രി അത്ഭുതകരമായി രക്ഷപ്പെട്ടു. ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്നു പോലീസ്.

◾വാതുവയ്പുകാരനായ പിതാവിനെതിരായ ക്രിമിനല്‍ കേസ് ഒതുക്കിത്തീര്‍ക്കാന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിന് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത മുംബൈയിലെ ഡിസൈനര്‍ അനിഷ ജയ്സിന്‍ഘാനി അറസ്റ്റിലായി. അനിഷയുടെ അച്ഛന്‍ അനില്‍ ഒളിവിലാണ്.

◾കര്‍ണാടകത്തിലെ ചിക്കമംഗളൂരുവില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് എത്തിയ മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദിയൂരപ്പയെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി. രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് യെദിയൂരപ്പയെ തടഞ്ഞത്. ഇതോടെ പരിപാടി റദ്ദാക്കി യെദിയൂരപ്പ മടങ്ങിപ്പോയി.

◾കത്തിയും സിഗരറ്റും ഉപയോഗിച്ചുള്ള റീല്‍സ് പോസ്റ്റു ചെയ്ത ഗുണ്ടാസംഘത്തിലെ പെണ്‍കുട്ടി അറസ്റ്റിലായി. നഴ്സിംഗ് വിദ്യാര്‍ത്ഥിനി തമന്ന എന്ന വിനോദിനി (23) യാണ് വിരുതുനഗര്‍ പോലീസിന്റെ പിടിയിലായത്.

◾മഹാരാഷ്ട്രയിലെ ശിവസേനകള്‍ തമ്മിലുള്ള അധികാരത്തര്‍ക്കത്തില്‍ സുപ്രീം കോടതി ഭരണഘടന ബെഞ്ച് വിധി പറയാന്‍ മാറ്റി. ഒമ്പതു ദിവസം നീണ്ട വാദത്തിനു ശേഷമാണു വിധി പറയാന്‍ മാറ്റിയത്. വാദത്തിനിടെ മുന്‍ ഗവര്‍ണറുടെ നടപടികളെ കോടതി വിമര്‍ശിച്ചിരുന്നു.

◾അരുണാചല്‍ പ്രദേശില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ രണ്ട് പൈലറ്റുമാരും മരിച്ചു. കരസേനയുടെ ചീറ്റ ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്.

◾പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഇ മെയില്‍ അയച്ച തഞ്ചാവൂര്‍ സ്വദേശിയായ ഗവേഷക വിദ്യാര്‍ഥിയെ സിബിഐ കസ്റ്റഡിയിലെടുത്തു. വിക്ടര്‍ ജെയിംസ് രാജ എന്ന യുവാവിനെ സിബിഐ ചോദ്യം ചെയ്തുവരികയാണ്.

◾ഏവറസ്റ്റ് കൊടുമുടി ലോകമെങ്ങുമുള്ള രോഗാണുക്കളുടെ കേന്ദ്രമാണെന്ന് പഠന റിപ്പോര്‍ട്ട്. ഏവറസ്റ്റ് കൊടുമുടി കയറിയ പര്‍വ്വതാരോഹകര്‍ യാത്രയ്ക്കിടെ തുമ്മുകയോ ചുമക്കുകയോ തുപ്പുകയോ ചെയ്തപ്പോള്‍ പുറംതള്ളിയ രോഗാണുക്കള്‍ നൂറ്റാണ്ടുകളായി തണുത്തുറഞ്ഞ മഞ്ഞുമലയില്‍ സംരക്ഷിക്കപ്പെട്ടിരിക്കുകയാണെന്നാണു പഠന റിപ്പോര്‍ട്ട്.  

◾വനിതാ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 11 റണ്‍സിന് തോല്‍പിച്ച് ഗുജറാത്ത് ജയന്റ്സ്. ഗുജറാത്ത് ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 18.4 ഓവറില്‍ 136 റണ്‍സിന് പുറത്താകുകയായിരുന്നു.

◾മൂന്ന് മത്സരങ്ങളടങ്ങിയ ഇന്ത്യാ - ഓസ്ട്രേലിയ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. ഉച്ചക്ക് 1.30 നാണ് മത്സരം ആരംഭിക്കുക. അതേസമയം ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ കുടുംബപരമായ കാരണങ്ങളാല്‍ കളിക്കില്ല. ഇതോടെ, മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാകും ഇന്ത്യയെ നയിക്കുക..

◾ഫിഫ പ്രസിഡന്റായി ജിയാന്നി ഇന്‍ഫന്റീനോ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. നാലുവര്‍ഷത്തേക്കാണ് ഇന്‍ഫാന്റീനോ പ്രസിഡന്റാവുന്നത്. എതിരാളികള്‍ ഇല്ലാതിരുന്നതിനാല്‍ ഐകകണ്ഠേനയായിരുന്നു തെരഞ്ഞെടുപ്പ്.

◾കാനറ ബാങ്കിന്റെ റൂപേ ക്രെഡിറ്റ് കാര്‍ഡ് ഇനി മുതല്‍ യുപിഐ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിക്കാന്‍ അവസരം. എന്‍സിപിസിഐയുമായി ചേര്‍ന്നാണ് ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതോടെ, ഉപഭോക്താക്കള്‍ക്ക് ഭീം ആപ്പ് ഉപയോഗിച്ച് റൂപേ ക്രെഡിറ്റ് കാര്‍ഡ് യുപിഐ സേവനവുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. കാനറ ബാങ്കിന്റെ റൂപേ ക്ലാസിക്, റൂപേ പ്ലാറ്റിനം, റൂപേ സെലക്ട് എന്നീ മൂന്ന് കാര്‍ഡുകളാണ് യുപിഐയുമായി ബന്ധിപ്പിക്കാന്‍ സാധിക്കുക. റുപേ ക്രെഡിറ്റ് കാര്‍ഡും യുപിഐയും ബന്ധിപ്പിക്കുന്നതോടെ, കാര്‍ഡ് ഉപയോഗിക്കാതെ തന്നെ ഡിജിറ്റലായി പേയ്മെന്റുകള്‍ നടത്താന്‍ സാധിക്കുന്നതാണ്. ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചുള്ള യുപിഐ ഇടപാടുകള്‍ക്ക് സമാനമായ രീതിയിലാണ് ഈ സംവിധാനവും വികസിപ്പിച്ചിട്ടുള്ളത്. പിഒഎസ് മെഷീന്‍ ഇല്ലാത്ത ഇടങ്ങളിലും ക്യുആര്‍ റെക്കോര്‍ഡ് സ്‌കാന്‍ ചെയ്ത് പേയ്മെന്റുകള്‍ നടത്താന്‍ കഴിയുന്നതാണ്.

◾ദര്‍ശന രാജേന്ദ്രന്‍ പ്രധാന കഥാപാത്രമാകുന്ന ചിത്രം 'പുരുഷ പ്രേത'ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. സംസ്ഥാന അവാര്‍ഡ് ഉള്‍പ്പടെ ഒട്ടേറെ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ 'ആവാസവ്യൂഹം' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ക്രിഷാന്ദ് ഒരുക്കുന്നതാണ് 'പുരുഷ പ്രേതം'. ചിത്രം ഡയറക്ട് ഒടിടി റിലീസായിരിക്കും.
സോണി ലിവില്‍ 'പുരുഷ പ്രേത'മെന്ന ചിത്രം 24 മുതലാണ് സ്ട്രീമിംഗ് തുടങ്ങുക. ജഗദീഷ്, അലക്സാണ്ടര്‍ പ്രശാന്ത് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. സംവിധായകന്‍ ക്രിഷാന്ദ് തന്നെ ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നു. എഡിറ്റിംഗ് സുഹൈല്‍ ബക്കര്‍ ആണ്. റാപ്പര്‍ ഫെജോ, എം സി കൂപ്പര്‍, സൂരജ് സന്തോഷ്, ജ'മൈമ തുടങ്ങിയവരാണ് 'പുരുഷ പ്രേത'ത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. സഞ്ജു ശിവറാം, ജെയിംസ് ഏലിയാസ്, ജോളി ചിറയത്ത്,ഗീതി സംഗീത, സിന്‍സ് ഷാന്‍, രാഹുല്‍ രാജഗോപാല്‍, ദേവിക രാജേന്ദ്രന്‍, പ്രമോദ് വെളിയനാട്, ബാലാജി, ശ്രീജിത്ത് ബാബു, മാല പാര്‍വതി, അര്‍ച്ചന സുരേഷ്, അരുണ്‍ നാരായണന്‍, നിഖില്‍, ശ്രീനാഥ് ബാബു, സുധ സുമിത്ര, പൂജ മോഹന്‍രാജ് എന്നിവര്‍ക്കൊപ്പം സംസ്ഥാന അവാര്‍ഡ് ജേതാവായ സംവിധായകന്‍ ജിയോ ബേബിയും ദേശീയ പുരസ്‌ക്കാര ജേതാവായ സംവിധായകന്‍ മനോജ് കാനയും ചിത്രത്തില്‍ വേഷമിടുന്നു.

◾അക്ഷയ് കുമാറിന്റേതായി വരാനിരിക്കുന്ന അടുത്ത ചിത്രം 'ഓ മൈ ഗോഡ് 2' തിയറ്റര്‍ റിലീസ് ഒഴിവാക്കി ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്. 2021 സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തെത്തിയിരുന്നു. ഭഗവാന്‍ ശിവനെ അനുസ്മരിപ്പിക്കുന്ന രൂപത്തിലായിരുന്നു ഫസ്റ്റ് ലുക്കില്‍ അക്ഷയ് കുമാര്‍. വൂട്ട്/ ജിയോ സിനിമയാണ് ചിത്രത്തിന്റെ ഡയറക്റ്റ് ഒടിടി റൈറ്റ് സ്വന്തമാക്കിയിരിക്കുന്നതെന്ന് ലെറ്റ്സ് സിനിമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റുകളില്‍ ചിലരും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും എത്തിയിട്ടില്ല. യാമി ഗൗതം നായികയാവുന്ന ചിത്രത്തില്‍ പങ്കജ് ത്രിപാഠിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉമേഷ് ശുക്ലയുടെ സംവിധാനത്തില്‍ 2012ല്‍ പുറത്തെത്തിയ 'ഒഎംജി- ഓ മൈ ഗോഡി'ന്റെ രണ്ടാംഭാഗമാണ് പുതിയ ചിത്രം.

◾മാരുതി സുസുക്കി ജിംനി (അഞ്ച് സീറ്റര്‍), മാരുതി സുസുക്കി ഫ്രോങ്ക്സ് എന്നീ രണ്ട് പുതിയ മോഡലുകള്‍ ചേര്‍ത്ത് തങ്ങളുടെ എസ്യുവി പോര്‍ട്ട്‌ഫോളിയോ ശക്തിപ്പെടുത്താനാണ് മാരുതി സുസുക്കി ഇന്ത്യ ലക്ഷ്യമിടുന്നത്. രണ്ട് എസ്യുവികളും ജനുവരി 12ന് നടന്ന ഓട്ടോ എക്‌സ്‌പോ 2023ല്‍ പ്രദര്‍ശിപ്പിച്ചു. അതേ ദിവസം തന്നെ ഇവയുടെ ബുക്കിംഗ് ആരംഭിക്കുകയും ചെയ്തിരുന്നു. ഇതുവരെ മാരുതി സുസുക്കി ഫ്രോങ്ക്സിന് 13,000 ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഫ്രോങ്ക്സിന്റെ വില 6.75 ലക്ഷം രൂപയില്‍ തുടങ്ങി 11 ലക്ഷം രൂപ വരെ (എക്‌സ് ഷോറൂം) ആകാം. അഞ്ച് വേരിയന്റുകളാണ് നിലവിലുള്ളത്. സിഗ്മ, ഡെല്‍റ്റ, ഡെല്‍റ്റ+, സീറ്റ, ആല്‍ഫ എന്നിവയാണത്. കെ12എന്‍ 1.2ലിറ്റര്‍ ഡ്യുവല്‍-ജെറ്റ് ഡ്യുവല്‍-വിവിടി പെട്രോള്‍, കെ10സി 1.0ലിറ്റര്‍ ടര്‍ബോ ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഫ്രോങ്ക്സ് എത്തുന്നത്.

◾സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്നു വേര്‍തിരിക്കാനാവാത്ത അനുഭവങ്ങളുടെ ലോകമാണ് ഈ പുസ്തകം. ഓരോ അടരും വായനക്കാര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം പൂരിപ്പിക്കാവുന്ന തരത്തിലാണ് ഇതില്‍ പ്രത്യക്ഷമാകുന്നത്. സവിശേഷമായ കോപ്പിലെഫ്റ്റ് സ്വഭാവമുള്ള എഴുത്തുകളാണ് സ്മിത ഗിരീഷിന്റേത്. എവിടെയും വേരുകളില്ലാത്ത നിരന്തര സഞ്ചാരിയായ ജിപ്‌സിപ്പെണ്‍കുട്ടിയെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള 'സ്വപ്നമെഴുത്തുകാരി' എന്ന പേര് പുസ്തകത്തിന്റെ ത്രെഡ് തന്നെയാണ്. കഥകളും അനുഭവങ്ങളും തമ്മിലുള്ള അതിരുകള്‍ കലങ്ങുന്ന ഹൃദ്യമായ അനുഭവമാണ് ഈ പുസ്തകം. ഭാവനയുടെയും അനുഭവത്തിന്റെയും അതിരുകള്‍ മായ്ക്കുന്ന രചനകളുടെ സമാഹാരം. 'സ്വപ്നമെഴുത്തുകാരി'. മാതൃഭൂമി. വില 160 രൂപ.

◾വേനല്‍ക്കാലത്ത് അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമായി ശ്രദ്ധിക്കേണ്ട അസുഖമാണ് ചിക്കന്‍പോക്‌സ്. അതിവേഗം പടരുന്ന രോഗമാണിത്. ഗര്‍ഭിണികള്‍, എയ്ഡ്സ് രോഗികള്‍, പ്രമേഹ രോഗികള്‍, നവജാത ശിശുക്കള്‍, അര്‍ബുദം ബാധിച്ചവര്‍, ഹോസ്റ്റലുകളിലും മറ്റും കൂട്ടത്തോടെ ഒരുമിച്ച് താമസിക്കുന്നവര്‍ തുടങ്ങിയവര്‍ ചിക്കന്‍പോക്‌സിനെതിരെ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. രോഗിയുടെ വായില്‍നിന്നും മൂക്കില്‍നിന്നും ഉള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക. കൂടാതെ സ്പര്‍ശനം മൂലവും ചുമയ്ക്കുമ്പോള്‍ പുറത്തുവരുന്ന ജലകണങ്ങള്‍ വഴിയും രോഗം പടരും. കുമിളകള്‍ പ്രത്യക്ഷപ്പെടുന്നതിന് രണ്ടുദിവസം മുമ്പ് മുതല്‍ കുമിള പൊന്തി 6-10 ദിവസംവരെയും രോഗം പരത്തും. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പുതൊട്ട് 58 ദിവസംവരെ അണുക്കള്‍ പകരാനുള്ള സാധ്യതയുണ്ട്. സാധാരണഗതിയില്‍ ഒരിക്കല്‍ രോഗം ബാധിച്ചാല്‍ ജീവിതകാലം മുഴുവന്‍ ഈ രോഗം വരാതെയിരിക്കാം. എന്നാല്‍ ചിലരില്‍ വീണ്ടും രോഗം വരാറുണ്ട്. ആദ്യം ചെറിയ കുരുവായും പിന്നീട് അത് ഒരു തരം ദ്രാവകം നിറഞ്ഞ കുമിളകാളായും മാറുന്നു. പലരിലും ചിക്കന്‍പോക്‌സ് വരുന്നത് വ്യത്യസ്ഥമായിട്ടായിരിക്കും. പ്രധാന ലക്ഷണങ്ങളായി ശരീരവേദന, കഠിനമായ ക്ഷീണം, പനി, നടുവേദന തുടങ്ങിയ കാണപ്പെടാം. കുമിളകള്‍ പൊങ്ങുന്നതിന് മുമ്പുള്ള ഒന്നോ രണ്ടോ ദിവസമാണിത് കൂടുതലും കാണുന്നത്. തൊലിപ്പുറത്ത് ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള കുമിളകള്‍ ആണ് രോഗബാധയുടെ പ്രധാന ലക്ഷണം. തുടക്കത്തില്‍ മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിക്കാം. പനിക്കൊപ്പം ഛര്‍ദ്ദി, തലവേദന, തലകറക്കം, വിശപ്പില്ലായ്മ, ശരീരത്തില്‍ അസഹനീയ ചൊറിച്ചില്‍ തുടങ്ങിയവയും ചിക്കന്‍ പോക്‌സിന്റെ മറ്റ് ലക്ഷണങ്ങളാകാം. ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇളം ചൂടുവെള്ളത്തില്‍ ദിവസവും കുളിക്കുക. ശരീരത്തില്‍ ഉണ്ടാകുന്ന കുമിളകള്‍ തൊടുകയോ പൊട്ടിക്കുകയോ ചെയ്യരുത്. രോഗം തുടങ്ങി ആദ്യ ദിനം മുതല്‍ കൃത്യമായ വിശ്രമ രീതി സ്വീകരിക്കണം. എളുപ്പത്തില്‍ പകരുന്ന രോഗമായത് കൊണ്ട് രോഗികള്‍ കുട്ടികള്‍, ഗര്‍ഭിണികള്‍, വൃദ്ധര്‍ എന്നിവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. എണ്ണ, എരിവ്,പുളി തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. കുളിക്കുന്ന വെള്ളത്തില്‍ ആരിവേപ്പില ഇട്ട് തിളപ്പിക്കുക.

*ശുഭദിനം*
*കവിത കണ്ണന്‍*
രാജാവിന് മന്ത്രിയുടെ കഴിവില്‍ അത്രയ്ക്ക് മതിപ്പുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ചെറിയൊരു വീഴ്ച മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായപ്പോള്‍ രാജാവ് ആ സന്ദര്‍ഭം മുതലെടുത്ത് മന്ത്രിയെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. ഈ വിവരം മന്ത്രിയെ ധരിപ്പിക്കാന്‍ സേവകര്‍ എത്തിയപ്പോള്‍ മന്ത്രിയുടെ വീട്ടില്‍ ആഘോഷം നടക്കുകയായിരുന്നു. അന്ന് മന്ത്രിയുടെ പിറന്നാള്‍ ആയിരുന്നു. ആഘോഷങ്ങളില്‍ മുങ്ങി മന്ത്രി നൃത്തം ചവിട്ടുന്ന സമയത്താണ് സേവകര്‍ രാജകല്‍പന വായിച്ചത്. എല്ലാവരുടേയും പാട്ടും നൃത്തവും നിലച്ചു. പക്ഷേ, മന്ത്രി തന്റെ നൃത്തം തുടര്‍ന്നു. രാജകല്‍പന മന്ത്രി കേട്ടിട്ടുണ്ടാകില്ല എന്ന് കരുതി സേവകര്‍ ഒന്നുകൂടി സന്ദേശം വായിച്ചു. അപ്പോഴും മന്ത്രി നൃത്തം തുടര്‍ന്നു. സേവകര്‍ കാര്യങ്ങള്‍ രാജാവിനെ ധരിപ്പിച്ചു. രാജാവ് മന്ത്രിയുടെ വീട്ടില്‍ നേരിട്ടെത്തി ചോദിച്ചു: നിങ്ങള്‍ക്ക് ശിക്ഷയെന്താണെന്ന് മനസ്സിലായില്ലേ? മന്ത്രി പറഞ്ഞു: എനിക്ക് അങ്ങയോട് നന്ദിയുണ്ട്. ജനിച്ച ദിവസം തന്നെ മരിക്കുന്നത് ഭാഗ്യമാണ്, മാത്രവുമല്ല, മരണത്തിന് ഇനിയും മണിക്കൂറുകള്‍ ബാക്കിയാണ്. അത്രയും സമയം കൂടി എനിക്ക് ആഘോഷിക്കാമല്ലോ... ഇത് കേട്ട് രാജാവ് തന്റെ ഉത്തരവ് റദ്ദാക്കി. രാജാവ് പറഞ്ഞു: മരണത്തെ പേടിയില്ലാത്തവനെ തൂക്കിലേറ്റുന്നതില്‍ എന്തര്‍ത്ഥം. വര്‍ത്തമാന കാലത്തില്‍ ജീവിക്കുന്നവര്‍ക്ക് മാത്രമാണ് ജീവിതം രസച്ചരടുകളില്‍ കോര്‍ത്തിണക്കാനാകുക. തല്‍സമയം മാത്രമാണ് യാഥാര്‍ത്ഥ്യം. മുന്‍പുളളവ കഴിഞ്ഞുപോയി. വരാനുള്ളവയെക്കുറിച്ച് ഒരു ഉറപ്പുമില്ല. ഇന്നലയോടും നാളെയോടുമുള്ള അനാരോഗ്യകരമായ അഭിനിവേശമാണ് ഇന്നിന്റെ സ്വാതന്ത്ര്യം ഇല്ലതാക്കുന്നത്. നല്ലകാലം നാളെവരും എന്ന് വിശ്വസിച്ചു കാത്തിരിക്കുന്നവര്‍ എന്നും കഷ്ടകാലത്തിലായിരിക്കും. മൂന്ന് തലത്തിലാണ് ആളുകള്‍ ജീവിക്കുന്നത്. ഭൂതകാലത്തിലും, വര്‍ത്തമാനത്തിലും ഭാവികാലത്തിലും. അതതു നിമിഷത്തെ സന്തോഷത്തേയും സംതൃപ്തിയേയും തിരിച്ചറിയുന്നവര്‍ക്ക് മാത്രമേ ഓര്‍ത്തിരിക്കാനൊരു ഭൂതകാലവും പ്രതീക്ഷിക്കാനൊരു ഭാവികാലവും ഉണ്ടാകൂ. വര്‍ത്തമാനകാലത്തിന്റെ രസച്ചരടുകള്‍ അനുഭവിക്കാന്‍ നമുക്കും പരിശ്രമിക്കാം - ശുഭദിനം.