◾നിയമസഭയിലെ സ്പീക്കറുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധിച്ച എംഎല്‍എമാര്‍ക്കു മര്‍ദനം. അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ക്കു പരിക്കേറ്റു. കെ.കെ രമ, ഉമ തോമസ്, സനീഷ് കുമാര്‍ ജോസഫ്, ടി വി ഇബ്രാഹിം, എകെഎം അഷ്‌റഫ് എന്നിവര്‍ സ്പീക്കര്‍ക്കു പരാതി നല്‍കി. മര്‍ദിച്ച എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കും വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കുമെതിരെ നടപടി വേണമെന്നാണ് ആവശ്യം. ഇതേസമയം നിയമസഭയിലെ സംഘര്‍ഷം പരിഹരിക്കാന്‍ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. ഇന്നു രാവിലെ എട്ടിനാണ് യോഗം.
◾മോദി സര്‍ക്കാര്‍ രാജ്യത്തെ മിസൈല്‍, റഡാര്‍ അപ്ഗ്രഡേഷന്‍ കരാര്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കു കൈമാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിയുടെ കമ്പനിക്കൊപ്പം വിദേശ കമ്പനിയായ എലേറക്കും കരാറില്‍ പങ്കാളിത്തം നല്‍കി. നിഗൂഢതകളുള്ള എലേറ കമ്പനിയെ ആരാണ് നിയന്ത്രിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഇത്തരം കമ്പനികള്‍ക്കു കരാര്‍ നല്‍കിയതു ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നും രാഹുല്‍ ആരോപിച്ചു.
◾പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്സഭയിലെത്തി മാപ്പു പറയണമെന്ന് സര്‍ക്കാര്‍ നോട്ടീസ്. പ്രധാനമന്ത്രി മോദി മന്ത്രിമാരുമായി ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രിയെയും രാജ്യത്തെയും രാഹുല്‍ അപമാനിച്ചെന്നാണ് വ്യാഖ്യാനം. രാഹുലിനെതിരെ നടപടി വേണമെന്ന് രാജ് നാഥ് സിംഗും ആവശ്യപ്പെട്ടിരുന്നു. ഇതേസമയം, വിദേശ യാത്രയ്ക്കുശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിരിച്ചെത്തി. ഇന്ത്യയില്‍ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന് ലണ്ടനില്‍ പ്രസംഗിച്ചതു വിവാദമായിരിക്കേയാണ് രാഹുല്‍ തിരിച്ചെത്തിയത്.
◾വനത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വിധി പരിഷ്‌ക്കരിക്കുമെന്ന സൂചനയുമായി സുപ്രീം കോടതി. സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ല. മനുഷ്യരെ ഇറക്കി വിട്ട് പരിസ്ഥിതി സംരക്ഷിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാരും കോടതിയില്‍ വാദിച്ചു. കേരളത്തിന്റെ വാദം ഇന്നു നടക്കും.
◾ബ്രഹ്‌മപുരത്തെ വിഷപ്പുക നേരിടാന്‍ ജനങ്ങള്‍ക്കു ചികില്‍സാ നിര്‍ദേശങ്ങള്‍ക്കായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കാമെന്നു കേന്ദ്ര ആരോഗ്യവകുപ്പ് കേരളത്തെ അറിയിച്ചെങ്കിലും പ്രതികരിച്ചില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ജെബി മേത്തര്‍ എംപിയാണ് ഇക്കാര്യം വെളിപെടുത്തിയത്.
◾കൊച്ചിയില്‍ 'ആസിഡ്മഴ'. ഇന്നലെ പെയ്ത മഴയ്ക്കു പിറകേ നഗരത്തിലെങ്ങും വെള്ളപ്പത പ്രത്യക്ഷപ്പെട്ടു. വെള്ളത്തില്‍ ആസിഡിന്റെ അംശം കണ്ടെത്തി. ബ്രഹ്‌മപുരത്തെ തീപിടിത്തംമൂലം രണ്ടാഴ്ച നീണ്ട വിഷപ്പുക ദുരന്തത്തിനു ശേഷം പെയ്ത ആദ്യ മഴ കൊച്ചി നഗരവാസികളെ ആശങ്കയിലാഴ്ത്തി.
◾ബ്രഹ്‌മപുരത്തെ രക്ഷാപ്രവര്‍ത്തകര്‍ക്ക് അധികാരികള്‍ മാസ്‌കു പോലും നല്‍കാതിരുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. സുരക്ഷാ മാനദണ്ഡങ്ങളൊന്നും പാലിച്ചില്ല. തീ അണച്ചതിന്റെ ക്രെഡിറ്റ് ഏറ്റെടക്കാന്‍ ഒരു കൂട്ടര്‍ ശ്രമിക്കുകയാണ്. തീയണച്ച രക്ഷാപ്രവര്‍ത്തകരെ അനുമോദിക്കാന്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ദേവന്‍ രാമചന്ദ്രന്റെ പ്രതികരണം.
◾നിയമസഭയില്‍ നടന്ന കൈയാങ്കളിയില്‍ എല്‍ഡിഎഫ് എംഎല്‍എമാര്‍ക്കും അഡീഷണല്‍ ചീഫ് മാര്‍ഷലിനുമെതിരെ നടപടിയെടുക്കണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. മുഖ്യമന്ത്രിയെക്കാള്‍ വലിയ ധിക്കാരത്തോട പുതിയൊരു മുഖ്യന്‍ അവതാരമെടുത്തിട്ടുണ്ടെന്നു മന്ത്രി മുഹമ്മദ് റിയാസിനെക്കുറിച്ച് സുധാകരന്‍ പറഞ്ഞു. അതൊക്കെ ക്ലിഫ് ഹൗസില്‍ വച്ചാല്‍ മതി. അമ്മായിയപ്പന്‍ - മരുമകന്‍ ഭരണത്തിന്റെ പ്രത്യാഘാതങ്ങളാണ് കേരളം ഇന്ന് അനുഭവിക്കുന്നതെന്നും സുധാകരന്‍.
◾മീന്‍പിടുത്ത വള്ളങ്ങള്‍ക്കും കളര്‍കോഡ് ഏര്‍പ്പെടുത്തുന്നു. ഔട്ട് ബോര്‍ഡ് എന്‍ജിനുള്ള വലിയ യാനങ്ങള്‍ക്ക് ബോഡിക്ക് കടും നീലയും വീല്‍ ഹൗസിന് ഫ്ളൂറസന്റ് ഓറഞ്ചുമാണ് വേണ്ടത്. ചെറിയ തോണികളുടെ ബോഡി നൈല്‍ബ്ലൂ നിറമായിരിക്കണം. ബോഡിയുടെ മുകള്‍ ഭാഗത്ത് ഫ്ളൂറസെന്റ് ഓറഞ്ച് നിറമുള്ള ബോര്‍ഡര്‍ വേണമെന്നും നിര്‍ദ്ദേശമുണ്ട്. മുന്‍കൂട്ടി അറിയിക്കാതെയും മുന്നൊരുക്കമില്ലാതെയുമാണ് കളര്‍ കോഡ് നടപ്പാക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടു.
◾സോണ്‍ടയുടെ ഗോഡ്ഫാദറാണ് മുഖ്യമന്ത്രിയെന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി. 2019 ല്‍ മുഖ്യമന്ത്രി നെതര്‍ലാന്‍ഡ് സന്ദര്‍ശിച്ചപ്പോള്‍ സോണ്‍ട കമ്പനിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതനുസരിച്ചാണ് സോണ്‍ടക്ക് സിംഗിള്‍ ടെന്‍ഡറായി മുഴുവന്‍ മാലിന്യ പ്ലാന്റുകളുടെയും കരാര്‍ നല്‍കിയത്. സിബിഐ അന്വേഷണം വേണമെന്നും ടോണി ചമ്മണി ആവശ്യപ്പെട്ടു.
◾ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ് അഴിമതി ആരോപിച്ച് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാവ് വൈക്കം വിശ്വന്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണിക്കെതിരെ അപകീര്‍ത്തിക്കേസിനു വക്കീല്‍ നോട്ടീസയച്ചു. മരുമകനു വേണ്ടി രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ബയോമൈനിംഗ് കരാര്‍ നേടിക്കൊടുത്തെന്ന ആരോപണം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ആവശ്യം. ഒരു കോടി രൂപ നഷ്ടപരിഹാരം തരണമെന്നും നോട്ടീസില്‍ പറയുന്നു.
◾കോഴിക്കോട് ഞെളിയമ്പറമ്പ് മാലിന്യ സംസ്‌കരണ പ്ലാന്റ് വിഷയം ഇന്നു കോര്‍പറേഷന്‍ കൗണ്‍സിലില്‍ വിശദീകരിക്കുമെന്ന് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്. കെഎസ്ഐഡിസിക്ക് നല്‍കിയ 12 ഏക്കര്‍ അറുപത്തേഴ് സെന്റ് ഭൂമി തിരിച്ചെടുക്കണമെന്നും സോണ്‍ട കമ്പിക്ക് നല്‍കിയ കരാര്‍ റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
◾ഞെളിയന്‍പറമ്പ് മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ ബ്രഹ്‌മപുരത്ത് സംഭവിച്ചതു പോലുള്ള ദുരന്തം സംഭവിക്കാതിരിക്കാന്‍ നഗരസഭ സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കാണു നിര്‍ദ്ദേശം നല്‍കിയത്.
◾നാളെ വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകളിലാണു കൂടുതല്‍ മഴയ്ക്കു സാധ്യത. മണിക്കൂറില്‍ 40 കീലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത.
◾സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള 28.74 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു കിലോഗ്രാം അരി വീതം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിതരണത്തിനാവശ്യമായ അരി സപ്ലൈകോ സ്‌കൂളുകളില്‍ എത്തിക്കും.
◾നാളെ സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ പണിമുടക്കും. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണു ഡോക്ടര്‍മാര്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെ പണിമുടക്കുന്നത്.
◾ബ്രഹ്‌മപുരം വിഷപ്പുകമൂലമുണ്ടായ പ്രതിസന്ധി പരിഹരിയ്ക്കാന്‍ ഒരു കോടി രൂപ സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. ശ്വാസ സംബന്ധമായ പ്രശ്നങ്ങള്‍ അനുഭവിയ്ക്കുന്നവര്‍ക്ക് വൈദ്യസഹായം നല്‍കാനും, ബ്രഹ്‌മപുരത്ത് മെച്ചപ്പെട്ട മാലിന്യസംസ്‌കരണ സംവിധാനത്തിനുമായാണ് തുക കൈമാറുന്നതെന്ന് എം എ യൂസഫലി കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാറിനെ അറിയിച്ചു.
◾വ്യാജ മുദ്രപത്രം തയാറാക്കി വിറ്റ കേസില്‍ സിപിഎം നേതാവിന്റെ മകന്‍ ഉള്‍പ്പടെ രണ്ടുപേരെ തമിഴ്നാട് പൊലീസ് പിടികൂടി. നെടുങ്കണ്ടം മുണ്ടിയെരുമ പറമ്പില്‍ മുഹമ്മദ് സിയാദ്, കോമ്പയാര്‍ ചിരട്ടവേലില്‍ ബിബിന്‍ തോമസ് എന്നിവരാണ് അറസ്റ്റിലായത്. സിപിഎം ഇടുക്കി ജില്ല കമ്മറ്റി മുന്‍ അംഗം പിഎംഎം ബഷീറിന്റെ മകനാണ് മുഹമ്മദ് സിയാദ്.
◾വിജേഷ് പിള്ളയുടെ പരാതിയില്‍ തനിക്കെതിരേ ക്രൈം ബ്രാഞ്ച് കേസെടുത്തതു നന്നായെന്ന് സ്വപ്ന സുരേഷ്. മാനഷ്ടത്തിനു തനിക്കെതിരെ കേസെടുക്കാനാവില്ല. എന്നിട്ടും കേസെടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. വിജേഷ് പിള്ളയ്ക്ക് മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം ഉള്ളതുകൊണ്ടാകാം വഴിവിട്ട ഈ നടപടിയെന്നും സ്വപ്ന പറഞ്ഞു. കെ.ടി. ജലീലിന്റെ പരാതിയില്‍ തനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായിയെന്നും സ്വപ്ന പരിഹസിച്ചു.
◾വ്യാജ ആരോപണം ഉന്നയിച്ചതിന് സ്വപ്ന സുരേഷിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നോട്ടീസയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടുമാണ് നോട്ടീസ്.
◾ഓര്‍ത്തഡോക്സ് വിഭാഗം പ്രതിനിധികള്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. സഭ തര്‍ക്കം പരിഹരിക്കാന്‍ കൊണ്ടുവരുന്ന നിയമ നിര്‍മാണം സുപ്രീം കോടതി വിധിക്കു വിരുദ്ധമാണെന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും ഓര്‍ത്തഡോക്സ് വിഭാഗം ആവശ്യപ്പെട്ടു.
◾സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജാഥ പാലാ ബസ് സ്റ്റാന്‍ഡില്‍ സ്വീകരണം നല്‍കുമ്പോള്‍ ബോംബ് വയ്ക്കുമെന്നു ഭീഷണികത്ത് എഴുതിയ ആള്‍ അറസ്റ്റില്‍. പൊതുപ്രവര്‍ത്തകന്‍ പ്രവിത്താനം സ്വദേശി ജെയിംസ് പാമ്പയ്ക്കലാണ് അറസ്റ്റിലായത്. ഭീഷണി കത്ത് കോട്ടയം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍നിന്നാണു കിട്ടിയത്.
◾ആക്രിക്കച്ചവടത്തിന്റെ മറവില്‍ ആറരക്കോടി രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ആലപ്പുഴ സ്വദേശി സംസ്ഥാന ജിഎസ്ടി വിഭാഗം ആലപ്പുഴ സ്വദേശിയായ നസീബിനെ അറസ്റ്റു ചെയ്തു. മുപ്പതുകോടി രൂപയുടെ കച്ചവടം നടത്തിയെന്നാണ് സംസ്ഥാന ജി എസ് ടി ഇന്റലിജന്‍സ് ആരോപിക്കുന്നത്.
◾മാനന്തവാടി തലപ്പുഴ വെണ്മണി ചുള്ളിയില്‍നിന്ന് കാണാതായ വീട്ടമ്മയെ കണ്ണൂരില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചുള്ളി ഇരട്ട പീടികയില്‍ ലീലാമ്മ (65) യെയാണ് കണ്ണൂര്‍ കോളയാട് ചങ്ങലഗേറ്റിനു സമീപത്തുള്ള പന്നിയോട് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾തൊടുപുഴയില്‍ ബ്യൂട്ടി പാര്‍ലറിന്റെ മറവില്‍ അനാശാസ്യം. മലയാളി യുവതികള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ പിടിയില്‍. ലാവ ബ്യൂട്ടി പാര്‍ലറില്‍ മസാജ് സെന്ററും അനാശാസ്യ പ്രവര്‍ത്തനങ്ങളുമായിരുന്നു നടന്നിരുന്നത്. പാര്‍ലറിന്റെ ഉടമ ഒളിവിലാണെന്നു പോലീസ്.
◾കള്ളനോട്ട് കേസ്സില്‍ ഒരാള്‍ കൂടിപിടിയില്‍. ഫെഡറല്‍ ബാങ്കിന്റെ ആലപ്പുഴ ബ്രാഞ്ചില്‍ കള്ളനോട്ടുകള്‍ കണ്ടെത്തിയ കേസില്‍ ആലപ്പുഴ സക്കറിയ ബസാര്‍ യാഫി പുരയിടം വീട്ടില്‍ ഹനീഷ് ഹക്കിം (36) ആണ് ആലപ്പുഴ സൗത്ത് പൊലീസിന്റെ പിടിയിലായത്.
◾റാന്നി ഗ്രാമവികസന ഓഫീസര്‍ കായംകുളം സ്വദേശി ഷംനാദിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
◾വടക്കാഞ്ചേരി പുലിക്കുന്നത്ത് പുലി. അയ്യങ്കേരി സ്വദേശി അലക്സിന്റെ വീട്ടിലെ പട്ടിക്കൂടിന് സമീപമാണ് പുലിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പരിശോധന നടത്തി. പ്രദേശത്ത് ക്യാമറ സ്ഥാപിക്കുമെന്നു വനം വകുപ്പ്.
◾വഞ്ചനാകേസിലെ പ്രതിയായ പിടികിട്ടാപ്പുള്ളി 22 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി സി വി സക്കറിയയെയാണ് അറസ്റ്റു ചെയ്തത്.
◾ശൈശവവിവാഹം ചെയ്ത നാല്‍പ്പത്തഞ്ചുകാരന്‍ പിടിയിലായി. ഇടമലക്കുടി ആദിവാസി കുടിയില്‍ കണ്ടത്തുകൂടി ഊരിലെ രാമന്‍ ആണ് പിടിയിലായത്.
◾നെയ്യാര്‍ മണല്‍ ഖനനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ ഡാളിയമ്മൂമ്മ അന്തരിച്ചു. 90 വയസായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ അണ്ടൂര്‍ക്കോണത്തെ വയോജന കേന്ദ്രത്തിലായിരുന്നു ആയിരുന്നു അന്ത്യം. കൈയ്യില്‍ വെട്ടുകത്തിയുമായി നെയ്യാറിലെ മണല്‍മാഫിയക്കെതിരെ ഡാളിയമ്മൂമ്മ ഒറ്റക്കു സമരം നടത്തിയത് വാര്‍ത്തയായിരുന്നു. നെയ്യാറിലെ ഓലത്താന്നി പാതിരിശ്ശേരിക്കടവിലെ സ്ഥലങ്ങളെല്ലാം മണല്‍മാഫിയ വിലക്കു വാങ്ങി മണല്‍ കുഴിച്ചു കടത്തിയപ്പോഴും ഡാളിയമ്മൂമ്മ സ്വന്തം സ്ഥലം വിട്ടുകൊടുക്കാതെ പ്രതിരോധിച്ചു.
◾കൊച്ചി കടവന്ത്രയില്‍ പാചകവാതക സിലിണ്ടര്‍ തീ പിടിച്ച് പൊട്ടിത്തെറിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ആര്‍ക്കും പരിക്കില്ല.
◾വയനാട് തൊണ്ടര്‍നാടിലെ ആദിവാസി കോളനിയില്‍ സായുധ മാവോയിസ്റ്റ് സംഘമെത്തി. നാലംഗ മാവോയിസ്റ്റ് സംഘം ലഘു ലേഖകള്‍ വിതരണം ചെയ്തു. വനം വകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനം റദ്ദാക്കി പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് ആവശ്യപ്പെടുന്ന ലഘുലേഖകളാണ് വിതരണം ചെയ്തത്.
◾ലോക് സഭയില്‍ വീണ്ടും ഭരണ പ്രതിപക്ഷ ബഹളം. തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധി, അദാനി വിഷയങ്ങളെ ചൊല്ലിയായിരുന്നു ബഹളം. ഉച്ചവരെ ഇരുസഭകളും നിര്‍ത്തിവച്ചിരുന്നു. ഉച്ചയ്ക്കുശേഷവും സഭയില്‍ ബഹളം തുടര്‍ന്നു. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. ഇതോടെ ഇരുസഭകളും പിരിഞ്ഞു.
◾രാജ്യത്തെ കയറ്റുമതിയില്‍ തകര്‍ച്ച. ഫെബ്രുവരിയില്‍ ഇന്ത്യയുടെ കയറ്റുമതി 8.8 ശതമാനം ഇടിഞ്ഞ് 3388 കോടി ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസം രാജ്യത്തെ കയറ്റുമതി 3715 കോടി ഡോളറായിരുന്നു. തുടര്‍ച്ചയായ മൂന്നാം മാസമാണ് കയറ്റുമതിയില്‍ കുറവു രേഖപ്പെടുത്തുന്നത്. രാജ്യത്തെ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. ഇറക്കുമതി 8.21 ശതമാനം ഇടിഞ്ഞ് 5131 കോടി ഡോളറിലെത്തി.
◾ക്ഷേത്രോത്സവത്തിനിടെ രഥത്തിലെ ദീപാലങ്കാരത്തിനുള്ള ജനറേറ്ററില്‍ മുടി കുടുങ്ങി 13 വയസുകാരി മരിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ എസ് ലാവണ്യയാണ് മരിച്ചത്.
◾മധ്യപ്രദേശിലെ വിദിഷയില്‍ കുഴല്‍ കിണറ്റില്‍ വീണ എട്ടുവയസുകാരന്‍ മരിച്ചു. അറുപതടി താഴ്ചയുള്ള കുഴല്‍ കിണറില്‍നിന്ന് 20 മണിക്കൂറിനുശേഷമാണു പുറത്തെടുക്കാനായത്.
◾ഓസ്‌കര്‍ പുരസ്‌കാരം നേടിയ 'ദ എലിഫന്റ് വിസ്പേഴ്സി'ലെ ആന പരിപാലകരായ ദമ്പതികളെ തമിഴ്നാട് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആദരിച്ചു. ഗോത്രവിഭാഗത്തില്‍പ്പെട്ട ബൊമ്മന്‍, ബെല്ലി എന്നീ ദമ്പതിമാരും അമ്മു, രഘു എന്നീ ആനകളും തമ്മിലുള്ള ആത്മബന്ധമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. ബൊമ്മനേയും ബെല്ലിയേയും പൊന്നാട അണിയിച്ച് ആദരിച്ച മുഖ്യമന്ത്രി ഇരുവര്‍ക്കും ഒരു ലക്ഷം രൂപ വീതം പാരിതോഷികവും നല്‍കി. തെപ്പക്കാട് കോഴിക്കാമുത്തി ആന ക്യാമ്പിലെ 91 പാപ്പാന്‍മാര്‍ക്കും സ്റ്റാലിന്‍ ഒരു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു.
◾ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്മോഹന്‍ റെഡ്ഡിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് മുന്‍ രഞ്ജി ക്രിക്കറ്റ് താരം നാഗരാജു ബുദുമുരു (28) അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ പിഎ ആണെന്ന് അവകാശപ്പെട്ട് ഒരു ഇലക്ട്രോണിക്സ് കമ്പനിയില്‍നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്.
◾വീട്ടില്‍ 55 കാരിയായ അമ്മയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകള്‍ അറസ്റ്റില്‍. മുംബൈയിലെ ലാല്‍ബോഗിലാണു ബിനയെ കൊലപ്പെടുത്തിയതിന് 22 കാരിയായ മകള്‍ റിംപിള്‍ ജെയിന്‍ അറസ്റ്റിലായത്. ബിനയെ കാണാനില്ലെന്ന് സഹോദരനും അനന്തിരവനും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
◾ബോളിവുഡ് നടന്‍ സമീര്‍ ഖാഖര്‍ (71) അന്തരിച്ചു. ആന്തരികാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്നാണ് മരണം.
◾ത്രിപുരയിലെ ധന്‍പ്പൂര്‍ മണ്ഡലത്തില്‍നിന്ന് എം എല്‍ എ ആയി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്ക് എം എല്‍ എ സ്ഥാനം രാജിവച്ചു. ഇതോടെ ഇവിടെ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന നേതാവായിരുന്നു പ്രതിമ. എന്നാല്‍ ബി ജെ പി കേന്ദ്ര നേതൃത്വം മണിക്ക് സാഹ തുടരണമെന്നു തീരുമാനിക്കുകയായിരുന്നു.
◾ഉദ്ഘാടനം കഴിഞ്ഞ് നാലു ദിവസമായപ്പോഴേക്കും ബെംഗളുരു - മൈസുരു എക്സ്പ്രസ് വേയില്‍ കുഴികള്‍. ബിഡദി ബൈപ്പാസിന് സമീപത്താണ് കുഴികള്‍ രൂപപ്പെട്ടത്. ഈ ഭാഗം ബാരിക്കേഡുകള്‍ വച്ച് കെട്ടിയടച്ചതോടെ പ്രദേശത്ത് കനത്ത ഗതാഗതക്കുരുക്കാണ്.
ബെംഗളുരുവില്‍ എസ്എംവിടി റെയില്‍വേ സ്റ്റേഷനു മുന്നില്‍ യുവതിയുടെ മൃതദേഹം തള്ളിയ സംഭവത്തില്‍ പ്രതികളായ മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. കൊലയ്ക്കു പിറകില്‍ സീരിയല്‍ കില്ലറല്ലെന്ന് പൊലീസ്. യശ്വന്തപുര സ്റ്റേഷനില്‍ മൃതദേഹം തള്ളിയ സംഭവവുമായി ഇപ്പോള്‍ പിടിയിലായ പ്രതികള്‍ക്കു ബന്ധമില്ലെന്നു പൊലീസ്.
◾പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ ഇന്നു രാവിലെ പത്തുവരെ അറസ്റ്റു ചെയ്യരുതെന്നു ലാഹോര്‍ കോടതി. പൊലീസ് പിന്മാറിയതോടെ ഇമ്രാന്‍ വീടിനു മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. തന്നെ തട്ടിക്കൊണ്ടുപോയി കൊല്ലാനാണ് പോലീസിന്റെ അറസ്റ്റു നീക്കമെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു.
◾കൊവിഡ് വ്യാപനം കുറഞ്ഞതോടെ ചൈന വിദേശ വിനോദ സഞ്ചാരികള്‍ക്കു പ്രവേശനം അനുവദിച്ചു. മൂന്നു വര്‍ഷത്തിനു ശേഷമാണ് ചൈന വിദേശ സഞ്ചാരികള്‍ക്കായി അതിര്‍ത്തി തുറക്കുന്നത്.
◾വനിതാ പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്ക് ശേഷം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ ജയം. ആറാമത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് യുപി വാരിയേഴ്സിനെതിരെ അഞ്ച് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. യുപി വാരിയേഴ്‌സിനെ 135 റണ്‍സിന് പുറത്താക്കിയ റോയല്‍ ചലഞ്ചേഴ്‌സ് 18 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് വിജയത്തിലെത്തിയത്.
◾ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മടങ്ങുന്ന വിദേശ കമ്പനികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 559 വിദേശ കമ്പനികളാണ് ഇന്ത്യ വിട്ടതെന്ന് കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിന്റെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ല്‍ മാത്രം 137 കമ്പനികള്‍ പ്രവര്‍ത്തനം നിര്‍ത്തി. 2018ല്‍ 102, 2020ല്‍ 90, 2021ല്‍ 75, 2022ല്‍ 64 എന്നിങ്ങനെയും കമ്പനികള്‍ ഇന്ത്യയില്‍ നിന്ന് പിന്‍വാങ്ങി. കഴിഞ്ഞ 5 വര്‍ഷത്തിനിടെ പുതിയ 469 കമ്പനികളാണ് ഇന്ത്യയിലേക്ക് വന്നത്. 7 വാഹന നിര്‍മ്മാതാക്കളും മടങ്ങികഴിഞ്ഞ 5 വര്‍ഷത്തിനിടെ 7 പ്രമുഖ വിദേശ വാഹന നിര്‍മ്മാതാക്കളും ഇന്ത്യയിലെ പ്രവര്‍ത്തനം നിറുത്തി. അമേരിക്കന്‍ കമ്പനികളായ ഫോഡ്, ജനറല്‍ മോട്ടോഴ്‌സ് (ഷെവര്‍ലെ), യുണൈറ്റഡ് മോട്ടോഴ്‌സ്, ആഡംബര ടൂവീലര്‍ ബ്രാന്‍ഡായ ഹാര്‍ലി ഡേവിഡ്‌സണ്‍, പൊളാരിസ്, ഇറ്റാലിയന്‍ കമ്പനിയായ ഫിയറ്റ്, ഫോക്‌സ്വാഗണിന്റെ ട്രക്ക് ആന്‍ഡ് ബസ് വിഭാഗമായ മാന്‍ എന്നിവയാണ് ഇന്ത്യയില്‍ നിന്ന് മടങ്ങിയത്.
◾തമിഴിനു പിന്നാലെ തെലുങ്ക് സിനിമാ അരങ്ങേറ്റത്തിന് ജോജു ജോര്‍ജ്. നവാഗതനായ എന്‍ ശ്രീകാന്ത് റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്കിലെ പ്രമുഖ ബാനറുകളായ ആയ സിതാര എന്റര്‍ടെയ്ന്‍മെന്റ്സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പഞ്ച വൈഷ്ണവ് തേജ് നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ശ്രീലീലയാണ് ചിത്രത്തിലെ നായിക. ചിത്രത്തിലെ ജോജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്കിനൊപ്പമാണ് താരത്തിന്റെ തെലുങ്ക് അരങ്ങേറ്റം നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചെങ്ക റെഡ്ഡി എന്നാണ് ജോജു അവതരിപ്പിക്കുന്ന വില്ലന്‍ കഥാപാത്രത്തിന്റെ പേര്. സായ് ധരം തേജിന്റെ സഹോദരന്‍ പഞ്ച വൈഷ്ണവ് തേജിന്റെ കരിയറിലെ നാലാമത്തെ ചിത്രമാണ് വരുന്നത്. ബ്രൗണ്‍ നിറത്തിലുള്ള ഒരു ഷര്‍ട്ട് ധരിച്ച് ഒരു കൈയില്‍ ആയുധവും മറുകൈയില്‍ സിഗരറ്റ് ലൈറ്ററുമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ജോജുവിന്റെ നില്‍പ്പ്.
◾ആന്റണി വര്‍ഗീസ് നായകനായെത്തിയ 'ഓ മേരി ലൈല' എന്ന ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. സൈന പ്ലേ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. നവാഗതനായ അഭിഷേക് കെ എസ് ആണ് ഓ മേരി ലൈല സംവിധാനം ചെയ്തിരിക്കുന്നത്. ആക്ഷന്‍ ഹീറോ ഇമേജ് വെടിഞ്ഞ് റൊമാന്റിക് ഹീറോയായി ആന്റണി വര്‍ഗീസ് എത്തിയ ചിത്രമാണിത്. ചിത്രത്തില്‍ ആന്റണിയുടെ കഥാപാത്രത്തിന്റെ പേര് ലൈലാസുരന്‍ എന്നാണ്. പുതുമുഖം നന്ദന രാജനാണ് ചിത്രത്തിലെ നായിക. അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിന്റെ തിരക്കഥ. ഡോ. പോള്‍സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് നിര്‍മ്മാണം. സംഗീതം അങ്കിത് മേനോന്‍, വരികള്‍ ശബരീഷ് വര്‍മ്മ, വിനായക് ശശികുമാര്‍, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.
◾ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഷൈന്‍ 100 അവതരിപ്പിച്ചു. കമ്പനിയുടെ ഏറ്റവും മിതമായ വിലയില്‍ ഇന്ധനക്ഷമതയുള്ള മോട്ടോര്‍ സൈക്കിളാണിത്. നിലവില്‍ 125സിസി മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തിലെ ഏറ്റവും ജനപ്രിയവും വിശ്വസനീയവുമായ ബ്രാന്‍ഡാണ് ഹോണ്ട ഷൈന്‍ 125. ഷൈന്‍ 100 മോട്ടോര്‍സൈക്കിളിലൂടെ 100 സിസി യാത്രക്കാരുടെ വിഭാഗത്തിലും സാന്നിധ്യമറിയിക്കുകയാണ് കമ്പനി. ഉപഭോക്താക്കളുടെ കൂടുതല്‍ വിശ്വാസ്യതക്കായി 12 പേറ്റന്റ് ആപ്ലിക്കേഷനുകളോടെയാണ് ഷൈന്‍ 100 എത്തുന്നത്. ബ്ലാക്ക് വിത്ത് റെഡ് സ്ട്രൈപ്സ്, ബ്ലാക്ക് വിത്ത് ബ്ലൂ സ്ട്രൈപ്സ്, ബ്ലാക്ക് വിത്ത് ഗ്രീന്‍ സ്ട്രൈപ്സ്, ബ്ലാക്ക് വിത്ത് ഗോള്‍ഡ് സ്ട്രൈപ്സ്, ബ്ലാക്ക് വിത്ത്ഗ്രേ സ്ട്രൈപ്സ് എന്നിങ്ങനെ അഞ്ച് നിറഭേദങ്ങളില്‍ ഷൈന് 100 ലഭിക്കും. 64,900 രൂപയാണ് (എക്സ്ഷോറൂം, മഹാരാഷ്ട്ര) വില.
◾ആടുകണ്ണിന്റെ ഭീകരാക്രമണത്തിനു കീഴില്‍ നിഷ്‌ക്രിയമായ പൊലീസും നിയമവും. ബലാത്സംഗങ്ങള്‍, പാതകങ്ങള്‍, രക്തക്കറ പൂണ്ട കുടുംബചരിത്രങ്ങള്‍. അവസാനം ആടുകണ്ണന്റെ കഴുത്തറക്കാന്‍ തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കുന്നു. ഒരു നാള്‍ ദുരൂഹസാഹചര്യത്തില്‍ അയാള്‍ കൊല്ലപ്പെടുന്നു. ആരാണ് അയാളെ കൊന്നത്?. 'ആടുകണ്ണന്‍ ഗോപി'. ടി.അജീഷ്. ഗ്രീന്‍ ബുക്സ്. വില 205 രൂപ.
◾പുനരുപയോഗിക്കാവുന്ന വെള്ള കുപ്പികളില്‍ ടോയ്ലറ്റ് സീറ്റിനേക്കാള്‍ 40,000 മടങ്ങ് ബാക്ടീരിയകള്‍ അടങ്ങിയിരിക്കുമെന്ന് പുതിയ പഠനം. യുഎസ് ആസ്ഥാനമായുള്ള വാട്ടര്‍ഫില്‍ട്ടേഴ്സ്ഗുരുഡോട്ട്കോമിലെ ഗവേഷക സംഘമാണ് വ്യത്യസ്ത തരം അടപ്പുകളുള്ള വെള്ളക്കുപ്പികള്‍ പരിശോധനക്ക് വിധേയമാക്കിയത്. ഗ്രാം നെഗറ്റീവ്, ബാസിലസ് ബാക്ടീരിയകള്‍ എന്നിവയാണ് കുപ്പികളില്‍ അടങ്ങിയിരിക്കുന്നതായി കണ്ടെത്തിയെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാം നെഗറ്റീവ് ബാക്ടീരിയകള്‍ ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന അണുബാധക്ക് കാരണമാകും. ചിലതരം ബാസിലസ് ദഹനനാളത്തിന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഗവേഷകര്‍ വിശദീകരിച്ചതായി എന്‍.ഡി.ടി.വിയും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കുപ്പികളില്‍ അടുക്കളയിലെ പാത്രം കഴുകുന്ന സിങ്കിന്റെ ഇരട്ടിയും കമ്പ്യൂട്ടര്‍ മൗസിന്റെ നാലിരട്ടിയും വളര്‍ത്തുമൃഗങ്ങള്‍ കുടിക്കുന്ന പാത്രത്തേക്കാള്‍ 14 മടങ്ങ് കൂടുതലും ബാക്ടീരിയകള്‍ ഉണ്ടെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യന്റെ വായില്‍ വിവിധ ബാക്ടീരിയകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് കുടിവെള്ള കുപ്പികളില്‍ ഇത്രയധികം ബാക്ടീരിയകള്‍ അടങ്ങിയതില്‍ അതിശയിക്കാനാവില്ലെന്ന് ലണ്ടനിലെ ഇംപീരിയല്‍ കോളേജ് മോളിക്യുലര്‍ മൈക്രോബയോളജിസ്റ്റ് പറയുന്നു. എന്നാല്‍ കുപ്പികളില്‍ ഇത്രയധികം ബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ടെങ്കിലും അത് അത്രക്ക് അപകടരമല്ലെന്നാണ് റീഡിംഗ് യൂണിവേഴ്‌സിറ്റിയിലെ മൈക്രോബയോളജിസ്റ്റ് പറയുന്നത്. എന്നിരുന്നാലും പുനരുപയോഗിക്കാവുന്ന കുപ്പികള്‍ ദിവസത്തില്‍ ഒരിക്കലെങ്കിലും ചൂടുള്ള സോപ്പ് വെള്ളത്തില്‍ കഴുകാനും ആഴ്ചയില്‍ ഒരിക്കലെങ്കിലും അണുവിമുക്തമാക്കാനും ഗവേഷകര്‍ നിര്‍ദേശിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ആ രാജ്യത്തെ ആര്‍ക്കും തോല്‍പിക്കാനാകാത്ത മിടുക്കനായ പടയാളിയായിരുന്നു അദ്ദേഹം. തന്റെ കാലശേഷവും തന്നെപോലെ വൈദഗ്ദ്യമുള്ള ഒരു പടയാളി വേണമെന്ന് ആഗ്രഹത്തില്‍ അദ്ദേഹം രാജ്യത്തെ യുവാക്കള്‍ക്ക് പരിശീലനം നല്‍കാന്‍ തുടങ്ങി. അതില്‍ ഏറ്റവും മിടുക്കനായ ആളെ കണ്ടെത്തി തന്റെ കഴിവുമുഴുവന്‍ പകര്‍ന്നുനല്‍കി. വര്‍ഷങ്ങള്‍ക്ക് ശേഷം യുവാവിനു ഗുരുവിനെ തോല്‍പിച്ച് പേരെടുക്കണമെന്ന ആഗ്രഹം തോന്നി. ഗുരു ആ വെല്ലുവിളി സ്വീകരിച്ചു. അപ്പോഴാണ് ഒരു സംശയം ശിഷ്യന് തോന്നിയത്. ഇനി, തന്നെ പഠിപ്പിക്കാത്ത ഏതെങ്കിലും വിദ്യ ഉണ്ടാകുമോ? ആ വിദ്യ ഉപയോഗിച്ച് അദ്ദേഹം തന്നെ തോല്‍പിക്കുമോ? പരസ്യപോരാട്ടത്തിന്റെ ദിവസമടുക്കും തോറും ശിഷ്യനു സമ്മര്‍ദ്ദമേറി. അയാള്‍ ഗുരുവിനെ രഹസ്യമായി നിരീക്ഷിക്കാന്‍ തീരുമാനിച്ചു. ഒരു ദിവസം ഗുരു 15 അടി നീളമുള്ള വാളുറ പണിയിക്കുന്നത് കണ്ടു. ഇതു കണ്ട് ശിഷ്യന്‍ 16 അടി നീളമുള്ള വാളും വാളുറയും പണിതു. മത്സരദിവസമെത്തി. ഗുരു ആ വലിയ വാളുറയില്‍ നിന്നും സാധാരണ വാള്‍ പുറത്തെടുക്കുന്നത് കണ്ട് ശിഷ്യന്‍ തലതാഴ്ത്തി. അബദ്ധധാരണകളായിരിക്കും അനുഭവങ്ങളില്ലാത്തവരുടെ ഭ്രമണപഥം. പരിശീലനകളരിയിലൂടെ ലഭിക്കുന്നത് അടിസ്ഥാന അറിവ് മാത്രമാണ്. എന്നാല്‍ വൈദഗ്ദ്യം സ്വയം ശിക്ഷണത്തിലൂടെ രൂപപ്പെടുന്നതാണ്. ബാലപാഠങ്ങളില്‍ ചവിട്ടിനിന്ന് അവനവന്‍ ആര്‍ജ്ജിക്കേണ്ടതാണ് പ്രാഗല്ഭ്യം. ഓരോ അറിവും കൊടുമുടിയുടെ അഗ്രമായി വ്യാഖ്യാനിക്കാതെ, താഴ്വരയാണെന്ന് കരുതി മുകളിലേക്ക് കയറാന്‍ ശ്രമിക്കുക. പാഠങ്ങളെല്ലാം തുടരന്വേഷണത്തിന്റെ പടവുകളായി കരുതുന്നവര്‍ക്ക് മാത്രമേ അനുഭവങ്ങളിലൂടെ സഞ്ചരിക്കാനാകൂ.. - ശുഭദിനം.