◾സ്വവര്‍ഗ വിവാഹത്തെ അംഗീകരിക്കാനാവില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. സ്വവര്‍ഗ വിവാഹം ഇന്ത്യന്‍ കുടുംബ സങ്കല്‍പത്തിന് എതിരാണ്. വിവാഹം വ്യക്തികളുടെ സ്വകാര്യത മാത്രമായി കാണാനാവില്ല. മാത്രമല്ല, അനുബന്ധ നിയമങ്ങള്‍ക്കു വെല്ലുവിളിയാകുകയും ചെയ്യും. സ്വവര്‍ഗ വിവാഹത്തിനു സാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളിലാണു കേന്ദ്ര സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിയത്.
◾മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷം ഒരു ലക്ഷത്തി പതിനയ്യായിരം കോടി രൂപ കേരളത്തിനു നല്‍കിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുപിഎ സര്‍ക്കാര്‍ നല്‍കിയത് 45,900 കോടി രൂപ മാത്രമാണ്. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാര്‍ അഴിമിതിയില്‍ മുങ്ങിക്കുളിച്ചു. കേരളത്തില്‍ തമ്മിലടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ത്രിപുരയില്‍ ഒന്നിച്ചെങ്കിലും ജനം തെരഞ്ഞെടുത്തത് ബിജെപിയെയാണ്. കമ്യൂണിസ്റ്റുകളെ ലോകവും കോണ്‍ഗ്രസിനെ രാജ്യവും തിരസ്‌കരിച്ചു. അമിത് ഷാ പറഞ്ഞു.
◾ബ്രഹ്‌മപുരത്തെ വിഷപ്പുക ഭീഷണിമൂലം കൊച്ചിയിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കു മൂന്നു ദിവസം കൂടി അവധി. കൊച്ചി കോര്‍പ്പറേഷന്‍, നഗരസഭകളായ തൃക്കാക്കര, തൃപ്പൂണിത്തുറ, മരട്, കളമശ്ശേരി, ഗ്രാമപഞ്ചായത്തുകളായ വടവുകോട് -പുത്തന്‍കുരിശ്, കിഴക്കമ്പലം, കുന്നത്തുനാട് എന്നീ തദ്ദേശ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ഉള്‍പെടെയാണ് അവധി.
◾പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം സസ്പെന്‍ഡു ചെയ്യാന്‍ ബിജെപിയുടെ നീക്കം. ഇന്നു തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതിനുള്ള നടപടികള്‍ ഉണ്ടാകുമെന്നു ബിജെപി നേതാക്കള്‍ സൂചന നല്‍കി. രാഹുലിനെ പുറത്താക്കണമെന്ന് അവകാശ സമിതിയിലും ബിജെപി ആവശ്യപ്പെട്ടിരുന്നു.
◾വേനല്‍ മഴയ്ക്കു സാധ്യത. മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലുമാണ് ഒറ്റപ്പെട്ട മഴയ്ക്കു കൂടുതല്‍ സാധ്യത. ബുധനാഴ്ചയോടെ കൂടുതല്‍ സ്ഥലങ്ങളില്‍ വേനല്‍ മഴ ലഭിച്ചേക്കും. വേനല്‍ മഴ എത്തിയാലും ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ താപനില വലിയ തോതില്‍ വര്‍ധിക്കില്ല.
◾ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മല്‍സരിക്കാന്‍ തയാറാണെന്ന് സുരേഷ് ഗോപി. തൃശൂരില്‍നിന്നോ കണ്ണൂരില്‍നിന്നോ മല്‍സരിക്കാം. കേരളം എടുക്കുമെന്നു മോദി പറഞ്ഞാല്‍ ഏതു ഗോവിന്ദന്‍ വന്നാലും എടുത്തിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
◾ബ്രഹ്‌മപുരം മേഖലയില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഏഴു മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഇന്നു പ്രവര്‍ത്തനമാരംഭിക്കും. ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളും അനുബന്ധ രോഗാവസ്ഥകളും പരിശോധിച്ച് അടിയന്തര വൈദ്യ സഹായം ലഭ്യമാക്കാനാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ സജ്ജമാക്കുന്നത്. നാളെ മുതല്‍ സര്‍വേയും ആരംഭിക്കും..
◾ബ്രഹ്‌മപുരം തീപിടുത്തത്തില്‍ ദുരിത ബാധിതര്‍ക്കു സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് കോണ്‍ഗ്രസ്. തീപിടിത്തത്തെക്കുറിച്ചു അന്വേഷിക്കാന്‍ കോണ്‍ഗ്രസ് എട്ടംഗ സമിതിയെ നിയോഗിച്ചു. ബെന്നി ബഹനാന്‍ എം.പി, ഹൈബി ഈഡന്‍ എംപി, ടി ജി വിനോദ് എംഎല്‍എ, ഉമാ തോമാസ് എംഎല്‍എ, ഡോ. വി.വി ഉമ്മന്‍, പ്രൊഫ ലാല ദാസ്, ഡോ. മനോജ് പെലിക്കന്‍, ഡോ. എസ് എസ് ലാല്‍ എന്നിവരാണ് സമിതിയിലുള്ളത്.
◾ബ്രഹ്‌മപുരത്തെ തീയും പുകയും അണഞ്ഞെന്ന് മന്ത്രി എംബി രാജേഷ്. തീയും പുകയും അണഞ്ഞതിന്റെ ആകാശ ദൃശ്യങ്ങള്‍ സഹിതം ഫേസ്ബുക്കിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെന്നല്ല ഒരിടത്തും ബ്രഹ്‌മപുരം ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍മ്മ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
◾മുഖ്യമന്ത്രിക്കെതിരെ തൃശൂരില്‍ കേന്ദ്ര ആഭ്യന്തര അമിത് ഷാ നടത്തിയ പ്രസംഗം വെറും വ്യാജ ഏറ്റുമുട്ടലാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. സിപിഎമ്മുമായി ബിജെപി ഉണ്ടാക്കിയ രഹസ്യധാരണയെ മറയ്ക്കാനാണ് ഇങ്ങനെയൊരു പ്രസംഗം അമിത് ഷാ നടത്തിയത്. കേരളത്തില്‍ ബിജെപിയെ സഹായിക്കുന്ന ഉറ്റചങ്ങാതിമാരാണ് സിപിഎമ്മുകാര്‍. വേണുഗോപാല്‍ പറഞ്ഞു.
◾ബ്രഹ്‌മപുരം തീപിടിത്തത്തെക്കുറിച്ച് ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്ന് കൊച്ചി മേയര്‍ എം അനില്‍കുമാര്‍. കരാറില്‍ ഒരിടത്തും ഇടപെട്ടിട്ടില്ല. പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ എല്ലാവരും സഹകരിക്കണമെന്നും മേയര്‍ ആവശ്യപ്പെട്ടു. മാലിന്യത്തിന് ആരെങ്കിലും തീയിട്ടതാണോ മാലിന്യ സംസ്‌ക്കരണ കരാറില്‍ അഴിമതിയുണ്ടോ എന്നിങ്ങനെ കോര്‍പ്പറേഷനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കേയാണ് മേയറുടെ പ്രതികരണം.
◾ബ്രഹ്‌മപുരത്തെ വിഷപ്പുക നിയന്ത്രിക്കുന്നതില്‍ ഭരണാധികാരികള്‍ക്കു വീഴ്ച പറ്റിയെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. അന്വേഷണം നടക്കട്ടെ, തെറ്റുകാര്‍ ശിക്ഷിക്കപ്പെടട്ടെ. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് കര്‍മ്മപദ്ധതികള്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
◾ബ്രഹ്‌മപുരത്തേത് ഭീകരമായ വിപത്തെന്ന് സാഹിത്യകാരന്‍ എം കെ സാനു. ശാസ്ത്ര സാങ്കേതിക വിദ്യ ഇത്രയും വികസിച്ച കാലത്താണ് ഇത് സംഭവിച്ചതെന്നത് ലജ്ജാകരമെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്‌മ പുരത്തെ യഥാര്‍ത്ഥ പ്രശ്നം എന്താണെന്ന് മന്ത്രി പുംഗവന്മാര്‍കടക്കം എല്ലാവര്‍ക്കും അറിയാമെന്നു സാഹിത്യകാരന്‍ ടി പത്മനാഭന്‍. കരാറുകാര്‍ തടിച്ചു കൊഴുക്കുകയാണ്, കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നുമില്ല. പത്മനാഭന്‍ പറഞ്ഞു.
◾കൊച്ചിയെ സ്മാര്‍ട്ട് സിറ്റിയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പണം എന്തുചെയ്തെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരന്‍. ബ്രഹ്‌മപുരത്തുനിന്ന് വിഷപ്പുകയുണ്ടാക്കിയ കൊച്ചി കോര്‍പറേഷന്‍ ഭരണസമിതിയെ പിരിച്ചുവിടണമെന്നും തൃശൂരിലെ ബിജെപി സമ്മേളനത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
◾നന്നായി പ്രവര്‍ത്തിച്ചാല്‍ നിലനില്‍ക്കും, ഇല്ലെങ്കില്‍ ഉപ്പുകലംപോലെയാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. പാര്‍ട്ടിയെ വെല്ലുവിളിച്ച് മുന്നോട്ടു പോകാന്‍ ആരേയും അനുവദിക്കില്ല. കുട്ടനാട്ടിലേയും ആലപ്പുഴയിലേയും സിപിഎം വിഭാഗീയതകള്‍ക്കെതിരേയാണ് ഗോവിന്ദന്റെ പ്രസംഗം.
◾ഇടുക്കി പാറത്തോട് സ്വദേശിയായ യുവാവിനെ മുംബൈയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാറത്തോട് ശാന്തി ഇല്ലം രത്തിന പാണ്ഡ്യന്റെ മകന്‍ വസന്ത്(32) ആണ് മരിച്ചത്. ഫെബ്രുവരി 27 നാണ് വസന്ത് മുംബൈയിലേക്ക് പോയത്. മാര്‍ച്ച് 10 ന് നാട്ടില്‍ വരുമെന്നറിയിച്ചിരുന്നു. എന്നാല്‍ എത്തിയില്ല. ആരോ പിന്തുടരുന്നുണ്ടെന്ന് വിളിച്ചറിയച്ചെന്നു വീട്ടുകാര്‍ പറയുന്നു.
◾ലോറിയുടെ ഗ്രില്ലില്‍ ഇടിച്ച് തൃശൂരിലെ കൊമ്പനാന കുട്ടന്‍കുളങ്ങര അര്‍ജ്ജുനന്റെ കൊമ്പുകള്‍ പിളര്‍ന്നു. ചെറുതുരുത്തി കോഴിമാമ്പറമ്പ് പൂരം എഴുന്നള്ളിപ്പിനുശേഷം ആനയെ ലോറിയില്‍ കൊണ്ടുവരുമ്പോഴാണ് അപകടം. ആനയെ ഉത്സവങ്ങളില്‍നിന്ന് തത്ക്കാലം മാറ്റി നിര്‍ത്തി ചികിത്സ നല്‍കണമെന്നു വനംവകുപ്പ് നിര്‍ദ്ദേശിച്ചു.
◾സന്ദര്‍ശന വിസ പുതുക്കാന്‍ ബെഹറിനില്‍ പോയി മടങ്ങവേ മലയാളി കുടുംബങ്ങളുടെ കാര്‍ മറിഞ്ഞ് യുവതി മരിച്ചു. മലപ്പുറം മങ്കട വെള്ളില സ്വദേശി പള്ളിക്കത്തൊടി വീട്ടില്‍ ഹംസയുടെ ഭാര്യ ഖൈറുന്നിസ (34) ആണ് മരിച്ചത്.
◾നിരവധി പേരെ വിവാഹം ചെയ്ത് ഭാര്യമാരുടെ ആഭരണങ്ങളുമായി മുങ്ങുന്ന വിവാഹ തട്ടിപ്പുവീരനെ പുതിയ വധുവിന്റെ വീട്ടില്‍നിന്നു പൊലീസ് പൊക്കി. ഗുരുവായൂര്‍ രായന്മരാക്കാര്‍ വീട്ടില്‍ റഷീദ് (41) നെയാണ് മാനന്തവാടി പിലാക്കാവില്‍ നവവധുവിന്റെ വീട്ടില്‍നിന്നു വൈത്തിരി പോലീസ് പിടികൂടിയത്.
◾പ്രണയാഭ്യര്‍ത്ഥന നിരസിച്ച വീട്ടമ്മയെ ശല്യം ചെയ്യുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ഇവരുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയില്‍. ചിങ്ങവനം, പനച്ചിക്കാട്, കുഴിമറ്റം ഭാഗത്ത് ഓലയിടം വീട്ടില്‍ സച്ചു മോന്‍ എന്നയാളെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റു ചെയ്തത്.
◾മദ്യലഹരിയില്‍ മൊബൈല്‍ ടവര്‍ മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. രണ്ടര മണിക്കൂര്‍ നേരത്തെ ശ്രമത്തിനൊടുവിലാണ് മാമലക്കണ്ടം സ്വദേശിയായ ഷിബുവിനെ മാന്നാനത്തെ ടവറില്‍ നിന്ന് താഴെയിറക്കിയത്.
◾മൂവാറ്റുപുഴയില്‍ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ കണ്ടുമുട്ടിയ അന്‍പതുകഴിഞ്ഞ സുഹൃത്തുക്കള്‍ കുടുംബം ഉപേക്ഷിച്ച് ഒളിച്ചോടി. 35 വര്‍ഷത്തിനുശേഷം കണ്ടുമുട്ടിയവരാണ് പഴയ പ്രണയം പുഷ്പിച്ചെടുത്ത് വീട്ടുകാരെ ഉപേക്ഷിച്ച് സ്ഥലംവിട്ടത്. 1987 ലെ പത്താംക്ലാസുകാരുടെ സംഗമത്തിലാണ് കരിമണ്ണൂര്‍ സ്വദേശിനിയും മൂവാറ്റുപുഴ സ്വദേശിയും വീണ്ടും കണ്ടുമുട്ടി ഒളിച്ചോടിയത്. ഇരുവരുടേയും വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി.
◾പണി പൂര്‍ത്തിയാക്കാത്ത ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തെന്ന് ആരോപിച്ച് കര്‍ണാടകത്തിലെ രാമനഗരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിഷേധം. അണ്ടര്‍പാസുകളും സര്‍വീസ് റോഡുകളും പണിതിട്ടില്ല. സ്ഥലം ഏറ്റെടുത്തതിന്റെ പണം സ്ഥലമുടമകളായ കര്‍ഷകര്‍ക്ക് ഇനിയും നല്‍കിയിട്ടില്ല. കന്നഡ സംഘടനകളാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
◾കോണ്‍ഗ്രസ് തന്റെ ശവക്കുഴി തോണ്ടുന്ന തിരക്കിലാണെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ താനാകട്ടേ, പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താന്‍ ലോകോത്തര ഹൈവേകള്‍ നിര്‍മിക്കുന്ന തിരക്കിലാണെന്നും മോദി പറഞ്ഞു. ബംഗളൂരു- മൈസൂരു എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മോദി.
◾പ്രധാനമന്ത്രി നരേന്ദ്രമോദി ദൈവം ചമയരുതെന്നും വിമര്‍ശനാതീതനല്ലെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര. പ്രധാനമന്ത്രിയുടെ ജനദ്രോഹ നയങ്ങളെ വിമര്‍ശിക്കുന്നതു രാജ്യസ്നേഹമുള്ളവരുടെ ചുമതലയാണ്. പ്രധാനമന്ത്രിയുടെ ദുഷ്ചെയ്തികളെ വിമര്‍ശിക്കുന്നതു രാജ്യത്തെ വിമര്‍ശിക്കുന്നതിനു തുല്യമെന്നു വ്യാഖ്യാനിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കരുതെന്നും പവന്‍ ഖേര.
◾പഞ്ചാബില്‍ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയില്‍ എന്തു നടപടിയെടുത്തെന്നു വിശദീകരണം തേടി കേന്ദ്രം. പഞ്ചാബ് ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയാണു റിപ്പോര്‍ട്ടു തേടിയത്. കര്‍ഷകരുടെ പ്രതിഷേധംമൂലം 20 മിനിറ്റോളം പ്രധാനമന്ത്രി മേല്‍പ്പാലത്തില്‍ കുടുങ്ങിയിരുന്നു.
◾റാലിക്കിടെ ശിവസേന എംഎല്‍എ പ്രകാശ് സര്‍വെ വനിതാ നേതാവ് ശീതള്‍ മാത്രെയെ ചുംബിക്കുന്ന വ്യാജവീഡിയോ പ്രചരിപ്പിച്ച രണ്ടു പേരെ അറസ്റ്റു ചെയ്തു. എംഎല്‍എയുടെ കുടുംബം നല്‍കിയ പരാതിയിലാണ് അറസ്റ്റ്.
◾തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിനെ ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിവയറ്റില്‍ വേദന അനുഭവപ്പെട്ടതാണു കാരണം. വയറില്‍ അള്‍സര്‍ കണ്ടെത്തിയെന്നും ചികില്‍സ തുടരുമെന്നും ആശുപത്രി അധികൃതര്‍.
◾ദുര്‍മന്ത്രവാദത്തിനായി സ്ത്രീയെ കെട്ടിയിട്ട് ആര്‍ത്തവ രക്തം ശേഖരിച്ച സംഭവത്തില്‍ സ്ത്രീയുടെ കുടുംബാംഗങ്ങള്‍ അടക്കമുള്ളവര്‍ക്കെതിരേ കേസ്. പുനെയിലാണ് സംഭവം. 28 കാരിയെ ഭര്‍ത്താവും ബന്ധുക്കളും മന്ത്രവാദത്തിനു നിര്‍ബന്ധിച്ചു. ആര്‍ത്തവരക്തം 50,000 രൂപയ്ക്കു വിറ്റെന്നാണു വിശാരന്ത് വാഡി പൊലീസ് പറയുന്നത്. ഭര്‍ത്താവ്, ഭര്‍തൃമാതാവ്, ഭര്‍തൃപിതാവ്, ഭര്‍തൃസഹോദരന്‍, മരുമകന്‍ എന്നിവരടക്കം ഏഴു പേര്‍ക്കെതിരെ കേസെടുത്തു.
◾സൗദി അറേബ്യ 'റിയാദ് എയര്‍' എന്ന പേരില്‍ പുതിയ ദേശീയ വിമാനക്കമ്പനി ആരംഭിക്കുന്നു. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂര്‍ണ ഉടമസ്ഥതയില്‍ സ്ഥാപിക്കുന്ന 'റിയാദ് എയര്‍' ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നിവിടങ്ങളിലാണു സര്‍വീസ് നടത്തുക. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഇക്കാര്യം അറിയിച്ചത്.
◾ബെംഗളൂരു എഫ് സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഫൈനലില്‍. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മുംബൈ സിറ്റി എഫ് സിയെ 9-8 ന് കീഴടക്കിയാണ് ബെംഗളൂരു ഫൈനലിലെത്തിയത്. രണ്ടാംപാദ സെമിയില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് മുംബൈ മുന്നിലെത്തിയെങ്കിലും ആദ്യപാദ സെമിയില്‍ ബെംഗളൂരു ഏകപക്ഷീയമായ ഒരു ഗോളിന് ജയിച്ചിരുന്നതിനാല്‍ അഗ്രിഗേറ്റ് സ്‌കോര്‍ 2-2 എന്ന നിലയില്‍ തുല്യമായി. ഇതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. എടികെ മോഹന്‍ ബഗാനും ഹൈദരാബാദും തമ്മിലുള്ള രണ്ടാം സെമിയിലെ വിജയികളെയാണ് ഫൈനലില്‍ ബെംഗളൂരു നേരിടുക.
◾വനിതാ പ്രീമിയര്‍ ലീഗില്‍ യുപി വാരിയേഴ്‌സിനെ എട്ട് വിക്കറ്റിന് വീഴ്ത്തി മുംബൈ ഇന്ത്യന്‍സ് വനിതകള്‍. യുപി മുന്നോട്ടുവെച്ച 160 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മുംബൈ ടീം നേടി.
◾ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ ഇന്ത്യയ്ക്ക് 91 റണ്‍സിന്റെ ലീഡ്. വിരാട് കോലിയുടെയും ശുഭ്മാന്‍ ഗില്ലിന്റെയും തകര്‍പ്പന്‍ സെഞ്ചുറികളുടെ മികവില്‍ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 571 റണ്‍സിന് പുറത്തായി. 186 റണ്‍സെടുത്ത വിരാട് കോലിയുടെ പ്രകടനമാണ് നാലാം ദിവസത്തെ ഹൈലൈറ്റ്. രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ നാലാം ദിനം മത്സരമവസാനിക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ മൂന്ന് റണ്‍സെടുത്തിട്ടുണ്ട്. അഞ്ചാം ദിനമായ ഇന്ന് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മത്സരം സമനിലയിലേക്ക് നീങ്ങും.
◾മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണിയില്‍ തിരിച്ചുവരാന്‍ ഒരുങ്ങി ജനപ്രീയ പാനീയ ബ്രാന്‍ഡായ കാമ്പ കോള. മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പാണ് 50 വര്‍ഷം പഴക്കമുള്ള ജനപ്രിയ ബിവറേജ് ബ്രാന്‍ഡ് ഈ വേനല്‍ക്കാലത്ത് വിപണിയിലെത്തിക്കുന്നത്. 1970കളിലും 1980കളിലും ഏറെ പ്രചാരത്തിലുണ്ടായിരുന്ന പാനീയമായ കാമ്പ കോള, ഇനി കോള, നാരങ്ങ, ഓറഞ്ച് തുടങ്ങിയ രുചികളില്‍ ലഭ്യമാകും. കാമ്പ കോളയുടെ റീ ലോഞ്ചോടെ അദാനി ഗ്രൂപ്പ്, ഐടിസി, യൂണിലിവര്‍ എന്നിവയില്‍ നിന്നുള്ള മത്സരം ഏറ്റെടുക്കാനാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്. കാമ്പ കോളയുടെ തുടക്കത്തില്‍ കാമ്പ കോള, കാമ്പ നാരങ്ങ, കാമ്പ ഓറഞ്ച് എന്നിവയാകും ഉള്‍പ്പെടുക. ഇവ ആദ്യം ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ലഭ്യമാകുമെന്നും പിന്നീട് രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. സല്‍മാന്‍ ഖാന്‍ ആദ്യമായി ടെലിവിഷനില്‍ മുഖം കാണിച്ചത് ഈ പരസ്യത്തിലൂടെയായിരുന്നു. പരസ്യത്തില്‍, കൗമാരപ്രായത്തില്‍ ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ ഉള്‍പ്പെടെയുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരു ബോട്ടില്‍ സഞ്ചരിക്കുന്നതും ആകര്‍ഷകമായ സംഗീത പശ്ചാത്തലത്തില്‍ കാമ്പകോള കുടിക്കുന്നതും കാണാം. ടൈഗര്‍ ഷ്രോഫിന്റെ അമ്മ ആയിഷ ഷ്രോഫും ഈ പരസ്യത്തിലുണ്ട്.
◾സൈജു കുറുപ്പ് നായകനാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. നവാഗതനായ സിന്റോ സണ്ണിയുടെ സംവിധാനത്തിലുള്ള ചിത്രത്തിന് 'പാപ്പച്ചന്‍ ഒളിവിലാ'ണ് എന്നാണ് പേരിട്ടിരിക്കുന്നത്. സിന്റോ സണ്ണിയുടേതാണ് ചിത്രത്തിന്റെ തിരക്കഥയും. ജിബു ജേക്കബ്ബിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു പോരുകയായിരുന്നു സിന്റോ സണ്ണി. ഒരു നാട്ടില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. സിനിമക്ക് ആവശ്യമായ മാറ്റങ്ങളും ചേരുവകളും ചേര്‍ത്തുകൊണ്ട് തികഞ്ഞ ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ചിത്രം എത്തിക്കുക. ജിബു ജേക്കബ് ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി അഭിനയിക്കുന്നു. ചിത്രത്തിലെ നായികയായി ദര്‍ശനയാണ് എത്തുക. തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ തോമസ് തിരുവല്ലയാണ് നിര്‍മ്മിക്കുന്നത്. 'മേ ഹൂം മുസ' എന്നീ ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്നതാണ് ഇത്. ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീര്‍, ശ്രിന്ധ, ജോളി ചിറയത്ത്, ശരണ്‍ രാജ് എന്നിവര്‍ക്കൊപ്പം 'കടത്തല്‍ക്കാരന്‍' എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
◾ബിഗ്‌ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയ റോബിന്‍ രാധാകൃഷ്ണന്‍ നായകനും സംവിധായകനുമായ പുതിയ സിനിമ പ്രഖ്യാപിച്ചത്. 'രാവണയുദ്ധം' എന്ന് പേരിട്ട ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും റോബിന്‍ തന്നെയാണ്. വേണു ശശിധരന്‍ ലേഖ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ ശര്‍മ്മ സംഗീത സംവിധാനം നിര്‍വ്വഹിക്കും. റോബിന്‍ രാധാകൃഷ്ണന്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോബിന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഡലും നടിയുമായ ആരതി പൊടിയാകും പുതിയ സിനിമയില്‍ നായികാ വേഷത്തില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വന്നതിന് പിന്നാലെ വലിയ രീതിയിലെ ട്രോളുകളാണ് റോബിനെതിരെ ഉയരുന്നത്. ഏറെ നിഗൂഢതകളൊളിപ്പച്ചുള്ള പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. ശംഭു വിജയകുമാര്‍ ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാത്താന്റെ നമ്പറായ 666 പോസ്റ്ററില്‍ കാണാം.
◾അമേരിക്കന്‍ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാതാക്കളായ സീറോ മോട്ടര്‍സൈക്കിളുമായി ഹീറോ ധാരണയിലെത്തി. ഇതോടെ തിരശീല ഉയരുന്നത് ഇലക്ട്രിക് ബൈക്കുകളുടെ പുതിയ ലോകത്തിനായിരിക്കുമെന്നാണ് സൂചന. പ്രീമിയം ഇലക്ട്രിക് മോട്ടര്‍സൈക്കിള്‍ നിര്‍മാണത്തില്‍ സഹകരിക്കുന്നതിനാണ് കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സീറോ മോട്ടര്‍സൈക്കിള്‍സുമായി ഹീറോ ധാരണയിലെത്തിയത്. ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാണ രംഗത്തിന്റെ വളര്‍ച്ചയ്ക്ക് ഈ സഹകരണം ഏറെ പ്രയോജനപ്പെടുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഇവി റൈഡിങ് അനുഭവം പുതുക്കുകയും ഇന്ത്യ ഉള്‍പ്പെടെയുള്ള ആഗോള വിപണികളിലെ ഇലക്ട്രിക് മൊബിലിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉയരത്തിലെത്തിക്കുകയുമാണ് 2 കമ്പനികളുടെയും ലക്ഷ്യം. സീറോ മോട്ടര്‍സൈക്കിള്‍സിന്റെ ഇലക്ട്രിക് മോട്ടര്‍, പവര്‍ട്രെയിന്‍ എന്നിവ ഉപയോഗിച്ച് ഹീറോയുടെ നേതൃത്വത്തില്‍ പുതിയ മോട്ടര്‍സൈക്കിളുടെ വികസിപ്പിക്കുന്ന വിധത്തിലാണ് പദ്ധതികള്‍. വിദ എന്ന ഇലക്ട്രിക് സ്‌കൂട്ടറിലൂടെ ഇമൊബിലിറ്റിയിലേക്ക് ഹീറോ കാലെടുത്തു വച്ചിട്ടുണ്ട്. വിദ സ്‌കൂട്ടറിന്റെ 2 വേരിയന്റുകളാണ് ഹീറോ വാഗ്ദാനം ചെയ്യുന്നത്. മുന്തിയ മോഡലിന് 1.59 ലക്ഷം രൂപയും കുറഞ്ഞ മോഡലിന് 1.45 ലക്ഷം രൂപയുമാണ് വില പ്രഖ്യാപിച്ചിട്ടുള്ളത്.
◾ബാലസാഹിത്യത്തില്‍ ഇങ്ങനെ ഒരു സംഭവമോ? ശാസ്ത്രത്തെ ഇത്രയും ലളിതവും ആകര്‍ഷകവുമായ രീതിയില്‍ അവതരിപ്പിക്കുന്ന ഒരു പുസ്തകമോ? ഈ ഗ്രന്ഥം സയന്‍സില്‍ താല്പര്യമുള്ള എല്ലാപ്രായക്കാര്‍ക്കും (ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെ)ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കും. ഭൂമി മുതല്‍ ബഹിരാകാശം വരെ സംഭവിക്കുന്ന പ്രതിഭാസങ്ങളെ ലളിതമായഭാഷയില്‍ വായനക്കാരിലേക്ക് എത്തിക്കുവാനുള്ള ഈ പ്രയത്നം ശ്ലാഘനീയമാണ്. കുഞ്ഞുമനസ്സുകളില്‍ ജിജ്ഞാസ ഉദ്ദീപിപ്പിക്കാന്‍ ഈ പുസ്തകം അത്യധികം ഉപയോഗപ്പെടും. 'ഞണ്ടു മഴ, തവള മഴ, മത്സ്യമഴ'. രാജു നാരായണസ്വാമി ഐ എ എസ്. വിഷന്‍ മില്ലേനിയം പബ്ളിഷേഴ്സ്. വില 90 രൂപ.
◾ലോകമെമ്പാടുമുളള ഉപ്പിന്റെ അമിത ഉപയോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയാണ് ലോകാരോഗ്യ സംഘടന പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇതനുസരിച്ച് കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്ത ഏഴ് വര്‍ഷത്തിനുള്ളില്‍ ഇത് മൂലമുണ്ടാകുന്ന രോഗങ്ങള്‍ മൂലം 70 ലക്ഷത്തോളം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്ന് ഈ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. ലോകത്തിലെ ഭൂരിഭാഗം ആളുകളും പ്രതിദിനം 10.8 ഗ്രാം ഉപ്പ് കഴിക്കുന്നു. എന്നാല്‍ ശരിയായ ആരോഗ്യത്തിന് ഈ അളവ് പ്രതിദിനം 5 ഗ്രാം ആണ്. അതായത്, ഭൂരിഭാഗം ആളുകളും ദിവസവും ഇരട്ടി ഉപ്പ് കഴിക്കുന്നവരാണെന്നര്‍ഥം. ഇതുമൂലം രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. കൂടാതെ ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റ് ഹൃദ്രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നു. ഉപ്പിലടങ്ങിയിരിക്കുന്ന സോഡിയം രക്തക്കുഴലുകളെ വികസിപ്പിക്കുകയും ഇതുമൂലം ഹൃദയവുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ ഉപ്പിന്റെ കാര്യത്തില്‍ സ്ഥിതിഗതികള്‍ ഗുരുതരമായി മാറിയത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. ഇന്ന് അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപ്പ് കൂടാതെ സംസ്‌കരിച്ച, ടിന്നിലടച്ചതോ പാക്കറ്റുകളിലോ ലഭിക്കുന്ന റെഡിമെയ്ഡ് ഭക്ഷണത്തിന്റെ ഉപയോഗം വര്‍ധിച്ചു. ഇതില്‍ സോഡിയത്തിന്റെ അളവ് വളരെ കൂടുതലാണ്. ഇത്തരത്തില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപ്പും പുറത്തുനിന്നുള്ള ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന ഉപ്പു കൂടിയാകുമ്പോള്‍ ശരീരത്തില്‍ ഉപ്പിന്റെ അളവ് വളരെ ഉയര്‍ന്നതാകുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ ഇത് അനുഭവപ്പെടില്ലെങ്കിലും ഈ ഉപ്പ് പതുക്കെ ശരീരത്തില്‍ അതിന്റെ പ്രഭാവം കാണിക്കുകയും ഒരു ദിവസം അത് ഹൃദയത്തെ ബാധിക്കുകയും ചെയ്യാം. 2030ഓടെ ഉപ്പിന്റെ ഉപയോഗം 30 ശതമാനം കുറയ്ക്കാനാണ് ലോകാരോഗ്യ സംഘടനയുടെ ശ്രമം. ഇതിനായി ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനൊപ്പം ദൈനംദിന ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ് കുറയ്ക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
*ശുഭദിനം*
*കവിത കണ്ണന്‍*
ബെഞ്ചമിന്‍ വാര്‍ണര്‍ എന്ന ചെരുപ്പുകുത്തി കഠിനാധ്വാനിയായിരുന്നു. പട്ടിണികൂടാതെ കഴിഞ്ഞുകൂടാന്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ അയാള്‍ അധ്വാനിക്കുമായിരുന്നു. 1800 കളുടെ അവസാനകാലത്ത് പോളണ്ടില്‍ നിന്നും കാനഡയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും കുടിയേറിയവരാണ് ബെഞ്ചമിനും കുടുംബവും. അയാള്‍ക്ക് നാല് ആണ്‍മക്കളായിരുന്നു. ഹാരി, ആല്‍ബര്‍ട്ട്, സാം, ജാക്ക്. അവരും അച്ഛനെ തങ്ങളാല്‍ ആകും വിധം സഹായിക്കുമായിരുന്നു. ഒരിക്കല്‍ മൂത്തമകന്‍ ഹാരിക്ക് ഒരാശയം തോന്നി. ഒരു സിനിമാ പ്രദര്‍ശനശാല തുടങ്ങുക. ശബ്ദങ്ങളില്ലാതെ ദൃശ്യങ്ങള്‍ മാത്രമുള്ളതായിരുന്നു അക്കാലത്തെ സിനിമ. അങ്ങനെ ഹാരിയും സഹോദരന്മാരും ഒരു പ്രൊജക്ടര്‍ വാടകയ്‌ക്കെടുത്ത് സിനിമാ പ്രദര്‍ശനം തുടങ്ങി. പലയിടങ്ങളിലായി സഞ്ചരിച്ചാണ് അവര്‍ സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. ഇതില്‍ നിന്നും ലഭിച്ച പണം സ്വരുക്കൂട്ടിവെച്ച് 1903 ല്‍ പെന്‍സില്‍വേനിയയില്‍ കാസ്‌കോഡ് എന്നൊരു തിയേറ്റര്‍ തുടങ്ങി. ഈ തിയേറ്റര്‍ നല്ല രീതിയില്‍ മുന്നോട്ട് പോയി. വാര്‍ണര്‍ സഹോദരന്മാര്‍ സിനിമയില്‍ കൂടുതല്‍ സജീവമായി. 'ദ ഗ്രേറ്റ് ട്രെയിന്‍ റോബറി' എന്ന സിനിമ അവര്‍ നിര്‍മ്മിച്ചു. ഈ കൊച്ചുസിനിമ വലിയ ഹിറ്റായി. ശബ്ദമുള്ള സിനിമകള്‍ പ്രചാരത്തില്‍ വന്നതോടെ അതിലും അവര്‍ വെന്നിക്കൊടി പാറിച്ചു. 1923 ല്‍ അവര്‍ വാര്‍ണര്‍ ബ്രദേഴ്‌സ് ഇന്‍കോര്‍പറേറ്റ്ഡ് കമ്പനി രൂപീകരിച്ചു. അങ്ങനെ പില്‍ക്കാലത്ത് ടൈം ഇന്‍കോര്‍പറേഷന്‍ കമ്പനിയുമായി ചേര്‍ന്ന് വാര്‍ണര്‍ സഹോദരന്മാര്‍ ' ടൈം വാര്‍ണര്‍ ഇന്‍കോര്‍പറേഷന്‍ ' എന്ന വലിയ കമ്പനിയായി മാറുകയും ചെയ്തു. കാലനുസൃതമായ മാറ്റങ്ങള്‍ വരുത്തി ഇവര്‍ മുന്നേറി. അങ്ങനെ സിനിമാലോകത്ത് ഒരു സുവര്‍ണ്ണഅധ്യായം തന്നെ വാര്‍ണര്‍ ബ്രദേഴ്‌സ് എഴുതിചേര്‍ത്തു. മാറുന്ന കാലത്തിനനുസരിച്ച് മാറുന്ന സാങ്കേതികവിദ്യകളിലൂന്നി മുന്നോട്ട് പോകുവാന്‍ ശ്രമിക്കുക. കാരണം മാറ്റം കാലത്തിന്റെ അനിവാര്യതയാണ്. - ശുഭദിനം.