പ്രഭാത വാർത്തകൾ2023/മാർച്ച് 12 /ഞായർ /

◾ചൂടും അത്യുഷ്ണവും നേരിടാന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും തണ്ണീര്‍പ്പന്തല്‍ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളവും സംഭാരവും വിതരണം ചെയ്യും. ഇതിനായി കോര്‍പറേഷനുകള്‍ക്ക് അഞ്ചും നഗരസഭകള്‍ക്ക് മുന്നും പഞ്ചായത്തുകള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും അനുവദിക്കും. കുടിവെള്ളം വിതരണം ചെയ്യാനും ക്രമീകരണം ഒരുക്കണമെന്നു നിര്‍ദേശം നല്‍കിയിട്ടുണ്ട്.

◾നായാട്ട് ആരംഭിച്ചു, സഖാക്കളേ; പക്ഷേ ആ അജ്ഞാതന്‍ ആരെന്ന് സ്വപ്ന സുരേഷ്. സ്വര്‍ണക്കടത്തു കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍ 30 കോടി രൂപ വാഗ്ദാനവുമായി ചര്‍ച്ചയ്ക്കെത്തിയെന്ന് ആരോപിച്ച വിജേഷ് പിള്ളയ്ക്കെതിരേ കര്‍ണാടക പോലീസ് കേസെടുത്ത് നടപടികള്‍ ആരംഭിച്ചെന്നു സ്വപ്ന സാമൂഹ്യ മാധ്യമങ്ങളിലൂടെ വെളിപെടുത്തി. വിജേഷ് താമസിച്ച ഹോട്ടലില്‍ തന്നെ വിളിച്ചുവരുത്തി തെളിവെടുപ്പു നടത്തി. വിജേഷിനൊപ്പം മറ്റൊരാളും താമസിച്ചിരുന്നതായി ഹോട്ടലില്‍നിന്നു വ്യക്തമായി. ആരായിരിക്കും ആ അജ്ഞാതന്‍ എന്ന ചോദ്യത്തോടെ ഉദ്വേഗജനകമായ പുതിയ ചര്‍ച്ചയ്ക്കു വഴി തുറന്നുകൊണ്ടാണ് സ്വപ്ന പോസ്റ്റിട്ടത്. പോസ്റ്റിന്റെ തലക്കെട്ടിലെ 'വേട്ട തുടങ്ങി' എന്ന വാക്കു പിന്നീടു മാറ്റി 'നടപടി തുടങ്ങി' എന്നു തിരുത്തുകയും ചെയ്തു.

◾ഈ മാസം 17 ന് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ പണിമുടക്കും. ഐഎംഎയുടെ നേതൃത്വത്തില്‍ രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണു പണിമുടക്ക്. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ചയായിട്ടും പ്രതികളെ അറസ്റ്റു ചെയ്തില്ലെന്ന് ആരോപിച്ചാണ് സമരം. രണ്ടു പേര്‍ പോലീസില്‍ കീഴടങ്ങിയിരുന്നു.

◾ബ്രഹ്‌മപുരത്ത് വിഷപ്പുക ശ്വസിച്ച് 899 പേര്‍ ചികിത്സ തേടിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇവരില്‍ 17 പേര്‍ക്കു കിടത്തി ചികിത്സ വേണ്ടിവന്നു. അഗ്നിശമന സേനാംഗങ്ങള്‍ അടക്കം നിരവധി പേര്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തലവേദന, തൊണ്ട വേദന, കണ്ണുനീറ്റല്‍ എന്നിവയാണ് പ്രധാന ആരോഗ്യ പ്രശ്നങ്ങള്‍.

◾ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ മാലിന്യ സംസ്‌കരണം തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് 54 കോടി രൂപയ്ക്കു ബയോ മൈനിംഗ് കരാര്‍ ഏറ്റെടുത്ത സോന്‍ട ഇന്‍ഫ്രാടെക് കമ്പനി. ബയോ മൈനിംഗ്, കാപ്പിംഗ് വഴി പഴയ മാലിന്യങ്ങളുടെ സംസ്‌കരണത്തില്‍ മാത്രമേ കമ്പനിക്ക് ഉത്തരവാദിത്തമുള്ളൂ. ഓരോ ദിവസവും വരുന്ന മാലിന്യങ്ങളുടെ സംസ്‌കരണവും പ്ലാസ്റ്റിക് സംസ്‌കരണവും സോണ്‍ടയുടെ ഉത്തരവാദിത്തമല്ല. തീപിടിത്തത്തിന് കാരണം മീഥേന്‍ ബഹിര്‍ഗമനവും ചൂടുമാണെന്നും കമ്പനി പറയുന്നു. സിപിഎം നേതാവ് വൈക്കം വിശ്വന്റെ മരുമകന്റെ കമ്പനിയാണ സോന്‍ട ഇന്‍ഫ്രാടെക്.

◾വിഷപ്പുക പതിനൊന്നാം ദിവസവും തുടരുന്ന കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. ആരോഗ്യ സര്‍വേ ചൊവ്വാഴ്ച ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.

◾മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ ജയിലില്‍നിന്ന് ആശുപത്രിയിലേക്കു മാറ്റി. ദേഹസ്വാസ്ഥ്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് എം ശിവശങ്കറിനെ കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റിയത്. സ്വര്‍ണക്കടത്തു കേസിലെ കള്ളപ്പണകേസില്‍ റിമാന്‍ഡിലായി ജയിലിലായിരുന്ന ശിവശങ്കര്‍ ഏതാനും ദിവസമായി സുഖമില്ലെന്നു പരാതിപ്പെട്ടിരുന്നു.

◾പുതുതായി അനുവദിച്ച എറണാകുളം- കോട്ടയം- വേളാങ്കണ്ണി ട്രെയിന്‍ ആഴ്ചയില്‍ രണ്ടു ദിവസം സര്‍വീസ് നടത്തും. തിങ്കള്‍, ശനി ദിവസങ്ങളില്‍ എറണാകുളത്തുനിന്നു ഉച്ചയ്ക്കു പന്ത്രണ്ടരയ്ക്കു പുറപ്പെട്ട് രാവിലെ ആറിനു വേളാങ്കണ്ണിയിലെത്തും. വേളാങ്കണ്ണിയില്‍നിന്നു ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം ആറരയ്ക്കു പുറപ്പെടും. ശബരിമലയും തിരുപ്പതിയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് കൊല്ലം - തിരുപ്പതി ട്രെയിന്‍ ബുധനാഴ്ചയും ശനിയാഴ്ചയും പുറപ്പെടും. രണ്ടു ട്രെയിനുകളും സര്‍വീസ് ആരംഭിക്കുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല.

◾കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എന്‍ഐഎ കേസിലെ തടവുകാരനെതിരേ കേസെടുത്തു. ഐഎസ് ബന്ധത്തിന്റെ പേരില്‍ യുഎപിഎ ചുമത്തപ്പെട്ട നാറാത്ത് സ്വദേശി മുഹമ്മദിനെതിരേയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.

◾കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ അമിത്ഷാ ഇന്നു വൈകുന്നേരം അഞ്ചിനു തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ ബിജെപി സമ്മേളനത്തില്‍ പ്രസംഗിക്കും. ഉച്ചയ്ക്കു പന്ത്രണ്ടുമുതല്‍ തൃശൂര്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം. രാവിലെ മുതല്‍ സ്വരാജ് റൗണ്ടിലും തേക്കിന്‍കാട് മൈതാനിയിലെ തെക്കുഭാഗത്തും വാഹന പാര്‍ക്കിംഗ് അനുവദിക്കില്ല.

◾'ശ്, ഹലോ, അവിടെ ഇരിക്കാന്‍ പറ, പോകരുത്.' പ്രസംഗം കേള്‍ക്കാതെ സദസുവിട്ടു പോകുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ശാസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ജനകീയ പ്രതിരോധ യാത്രയുടെ കോട്ടയം പാമ്പാടിയിലെ സമ്മേളനത്തിനിടെയാണ് ഗോവിന്ദന്‍ ക്ഷുഭിതനായത്. യോഗം എങ്ങനെ പൊളിക്കാമെന്നാണ് ചിലരുടെ ഗവേഷണമെന്ന് വിമര്‍ശിക്കുകയും ചെയ്തു.

◾രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 50 പാലങ്ങളുടെ പ്രവൃത്തി പൂര്‍ത്തിയാക്കിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. മൂന്നു വര്‍ഷത്തിനിടെ 50 പാലങ്ങളുടെ പണി പൂര്‍ത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിത്. എന്നാല്‍ രണ്ടു വര്‍ഷത്തിനകം അത്രയും പദ്ധതികള്‍ പൂര്‍ത്തീകരിച്ചെന്ന് മന്ത്രി പറഞ്ഞു.

◾തൊടുപുഴ ന്യൂമന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മുഖ്യ പ്രതി എറണാകുളം ഓടക്കലി സ്വദേശി സവാദിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പരിതോഷികം നല്‍കുമെന്ന് എന്‍ഐഎ. സംഭവം നടന്ന 2010 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. കേസില്‍ 11 പ്രതികളാണുള്ളത്.

◾ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം കേരളത്തിലെ ഭരണ സംവിധാനത്തിന്റെ പരാജയമാണെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍. കരാറിന് പിന്നില്‍ വലിയ അഴിമതിയാണ്. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

◾പാലക്കാട് പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പാലക്കാട് ധോണി സ്വദേശി വിനീഷയാണ് പാലക്കാട് പോളിക്ലിനിക്ക് ആശുപത്രിയില്‍ മരിച്ചത്. ചികിത്സാ പിഴവുകൊണ്ടാണ് മരിച്ചതെന്ന് ആരോപിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കി.



◾കൊച്ചി മുനമ്പത്ത് വിനോദ സഞ്ചാരികളെ ശല്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍. ചേര്‍ത്തല കുട്ടോത്തുവെളി വീട്ടില്‍ മനു (22), പയ്യന്നൂര്‍ ചെറുപുഴ വെട്ടുവേലില്‍ വീട്ടില്‍ സെന്‍ജോ (31) എന്നിവരെയാണ് മുനമ്പം പൊലീസ് അറസ്റ്റു ചെയ്തത്.

◾മണ്ണാര്‍ക്കാട് കല്ലടിക്കോട് നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടയിലേക്ക് ഇടിച്ചു കയറി ബൈക്കു യാത്രക്കാരന്‍ മരിച്ചു. കിഴക്കേച്ചോല സ്വദേശി അശ്വിന്‍ (18) ആണു മരിച്ചത്.

◾പാലക്കാട് മേലെ പട്ടാമ്പിയില്‍ ലോറിക്കടിയിലേക്കു ചാടി മധ്യവയസ്‌കന്‍ ആത്മഹത്യ ചെയ്തു. കൊപ്പം പുലാശ്ശേരി സ്വദേശി സുകുമാരന്‍ ആണ് മരിച്ചത്.

◾ഫോണ്‍ നോക്കിയതിനു വീട്ടുകാര്‍ വഴക്കു പറഞ്ഞു, നെല്ലിയാമ്പതിയില്‍ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. പുലയമ്പാറ സ്വദേശിനി നന്ദന (17) യെയാണ് മരിച്ചത്. നെന്മാറ ജിബിഎച്ച് എസ്എസി-ല്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് നന്ദന.

◾വയനാട് മീനങ്ങാടി കിഴക്കേ കോളേരിയിലെ കൃഷിയിടത്തില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. മൂന്നാനക്കുഴി യൂക്കാലി കോളനിയിലെ മാധവനാണു മരിച്ചത്. തല വേര്‍പെട്ട നിലയിലായിരുന്നു.

◾പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതിയെ ചേവായൂര്‍ പെലീസ് അറസ്റ്റ് ചെയ്തു. എലത്തൂര്‍ സ്വദേശിനി ജെസ്‌ന(22)യെയാണ് അറസ്റ്റ് ചെയ്തത്.

◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു പണം തട്ടിയെടുക്കുകയും പെണ്‍കുട്ടി ജീവനൊടക്കുകയും ചെയ്ത സംഭവത്തില്‍ തിരുവനന്തപുരം പാരിപ്പള്ളി പാമ്പുറം സന്ധ്യനിവാസില്‍ കണ്ണന്‍ എസ് മോഹന്‍ (മായക്കണ്ണന്‍-21) ചാത്തന്നൂര്‍ പൊലീസിന്റെ പിടിയിലായി. സിനിമാ തീയേറ്ററിലെ ജീവനക്കാരനാണ് ഇയാള്‍.

◾ജിമ്മില്‍ വ്യായാമത്തിനിടെ യുവതിക്കെതിരെ ലൈംഗികാതിക്രമത്തിനു ശ്രമിച്ച ഫിറ്റ്നെസ് സെന്റര്‍ ഉടമയും ട്രെയിനറുമായ യുവാവ് അറസ്റ്റില്‍. വടൂക്കര ഫോര്‍മല്‍ ഫിറ്റ്നെസ് സെന്റര്‍ ഉടമ പാലക്കല്‍ സ്വദേശി അജ്മലിനെയാണ് നെടുപുഴ പൊലീസ് അറസ്റ്റു ചെയ്തത്.

◾മധ്യപ്രദേശില്‍ ഇന്ദിരാ ഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം. സെക്യൂരിറ്റി ജീവനക്കാരാണ് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്.

◾കേന്ദ്ര സാഹിത്യ അക്കാദമിയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച മാധവ് കൗശിക്ക് ജയിച്ചു. സംഘപരിവാര്‍ അനുകൂല സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ചാണ് വിജയം. വൈസ് പ്രസിഡന്റായി മത്സരിച്ച സി. രാധാകൃഷ്ണന്‍ ഒരു വോട്ടിനു തോറ്റു. സംഘപരിവാര്‍ സ്ഥാനാര്‍ത്ഥി കുമുദ് ശര്‍മ്മയാണ് ജയിച്ചത്.

◾ഡല്‍ഹി മദ്യനയ കേസില്‍ തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആര്‍എസ് നേതാവുമായ കവിതയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തു. പതിനാറിന് വീണ്ടും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതേസമയം, തെലുങ്കാനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ ഫ്ളക്സ്, പോസ്റ്റര്‍ യുദ്ധം ആരംഭിച്ചിരിക്കുകയാണ് ബിആര്‍എസ് പ്രവര്‍ത്തകര്‍.

◾കീഴ്‌ക്കോടതി ജഡ്ജിയുടെ ആഭരണങ്ങളെക്കുറിച്ച് മോശമായി പരാമര്‍ശിക്കുകയും ബ്രഹ്‌മാസുരനെന്ന് വിളിക്കുകയും ചെയ്തതിന് അഭിഭാഷകനായ ഉത്പല്‍ ഗോസ്വാമിയെ ഗോഹട്ടി ഹൈക്കോടതി ശിക്ഷിച്ചു. സ്വമേധയാ കേസെടുത്ത കോടതി പതിനായിരം രൂപ പിഴയാണു ശിക്ഷിച്ചത്.

◾ബിജെപി നേതാവും ഹരിയാന ആരോഗ്യവകുപ്പ് മന്ത്രിയുമായ അനില്‍ വിജിന്റെ ഓഫീസ് ഒരു സംഘം സ്ത്രീകള്‍ തകര്‍ത്തു. കാണാന്‍ സമയം അനുവദിച്ചതനുസരിച്ച് മണിക്കൂറുകളോളം കാത്തിരുന്നിട്ടും മന്ത്രിയെ കാണാനാകാതെ പ്രകോപിതരായാണ് സ്ത്രീകള്‍ ഓഫീസില്‍ അതിക്രമം നടത്തിയത്.

◾കുട്ടിക്കാലത്ത് അച്ഛന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍. ദേശീയ വനിത കമ്മീഷന്‍ അംഗവും നടിയുമായ ഖുശ്ബുവിന്റെ വെളിപ്പെടുത്തലിന് പിറകേയാണ് സ്വാതിയുടെ വെളിപ്പെടുത്തല്‍. 'അദ്ദേഹം എന്നെ മര്‍ദിക്കാറുണ്ടായിരുന്നു, പേടിച്ച് ഞാന്‍ കട്ടിലിനടിയില്‍ ഒളിക്കാറുണ്ടായിരുന്നു'- സ്വാതി പറഞ്ഞു.

◾ഗുജറാത്ത് ജയന്റ്‌സിനെ 10 വിക്കറ്റിന് തകര്‍ത്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഗുജറാത്ത് ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യം വെറും 7.1 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഡല്‍ഹി സ്വന്തമാക്കി. 19 പന്തില്‍ നിന്ന് 50 തികച്ച, 28 പന്തുകളില്‍ നിന്ന് അഞ്ച് സിക്‌സും 10 ഫോറുമടക്കം 76 റണ്‍സോടെ പുറത്താകാതെ നിന്ന ഷഫാലിയുടെ ഇന്നിംഗ്സാണ് ഡല്‍ഹിക്ക് അനായാസ ജയം നേടി കൊടുത്തത്.

◾ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ നാലാം ടെസ്റ്റ് സമനിലയിലേക്ക്. മൂന്നാം ദിനമായ ഇന്നലെ കളിയവസാനിക്കുമ്പോള്‍ ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 3 ന് 289 റണ്‍സെന്ന ഭേദപ്പെട്ട നിലയിലാണ്. 59 റണ്‍സെടുത്ത വിരാട് കോഹ്ലിയും 16 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്ലിന്റെ 128 റണ്‍സാണ് ഇന്ത്യക്ക് അടിത്തറയേകിയത്. ബാറ്റിംഗിന് അനുകൂലിക്കുന്ന പിച്ചില്‍ അത്ഭുതങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ രണ്ടു ദിവസത്തിനുള്ളില്‍ ഒരു ഫലം പ്രതീക്ഷിക്കാനാകൂ.

◾രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലെ 49% ഓഹരി വിഹിതം വില്‍ക്കാന്‍ ഒരുങ്ങുന്നു. ഈ ഇടപാടിന് ഉപദേശകരായി പ്രവര്‍ത്തിക്കുന്നത് ഐസിഐസിഐ സെക്യൂരിറ്റീസാണ്. ബിഒബി ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് എന്ന ഉപകമ്പനിയാണ് ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് നടത്തുന്നത്. നിലവിലെ വളര്‍ച്ച നിരക്ക് അനുസരിച്ച് കാര്‍ഡുകളുടെ എണ്ണം നിലവില്‍ 18.5 ലക്ഷം ഉള്ളത് മാര്‍ച്ച് 2024 ല്‍ 30 ലക്ഷമായി വര്‍ധിക്കും. കുടിശ്ശിക കടം 5000 കോടി രൂപയാകും. ക്രെഡിറ്റ് കാര്‍ഡ് ബിസിനസില്‍ പ്രതീക്ഷ ഉള്ളത് കൊണ്ട് 2022-23 ല്‍ 300 കോടി രൂപയുടെ മൂലധന നിക്ഷേപം ബാങ്ക് നടത്തി, 2021 -22 ല്‍ 100 കോടി രൂപയും. സ്വയം തൊഴില്‍ ചെയ്ത് ഉപജീവനം കണ്ടെത്തുന്നവരാണ് ബാങ്ക് ഓഫ് ബറോഡയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരില്‍ കൂടുതലും. ശമ്പള വരുമാനം ഉള്ളവരെ കൂടുതല്‍ ഉള്‍പ്പെടുത്താന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. ക്രെഡിറ്റ് കാര്‍ഡ് ബിസിനസിലെ ലാഭക്ഷമത വര്‍ധിച്ചിട്ടുണ്ട്. അടുത്തിടെ ആക്‌സിസ് ബാങ്ക് സിറ്റി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉള്‍പ്പടെ ഉള്ള ഉപഭോക്തൃ ബാങ്കിംഗ് ബിസിനിസ് ഏറ്റെടുത്തിരുന്നു. എച്ച്ഡിഎഫ്സി ബാങ്ക് -ഐആര്‍സിടിസിയു മായി സഹകരിച്ച് പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കിയിരുന്നു.

◾തമിഴ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ് നടി അന്ന ബെന്‍. പി എസ് വിനോദ്രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'കൊട്ടുകാളി' എന്നാണ് പേരിട്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തെത്തി. വേറിട്ട ഗെറ്റപ്പില്‍ എത്തുന്ന അന്ന ബെന്‍ തന്നെയാണ് ഫസ്റ്റ് ലുക്ക് ടീസറിലെ ഹൈലൈറ്റ്. മേക്ക് ഡൌണ്‍ ചെയ്താണ് ചിത്രത്തിലെ കഥാപാത്രമായി അന്ന എത്തുന്നത്. സൂരിയാണ് ചിത്രത്തിലെ നായകന്‍. എസ് കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവകാര്‍ത്തികേയനാണ് കൊട്ടുകാളി നിര്‍മ്മിക്കുന്നത്. വിനോദ്രാജിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. പുതുതലമുറ സംവിധായകരില്‍ ഏറെ ശ്രദ്ധ നേടിയ ആളാണ് പി എസ് വിനോദ്രാജ്. അദ്ദേഹത്തിന്റെ ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം 'കൂഴങ്കല്‍' ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കര്‍ എന്‍ട്രി ആയിരുന്നു. ബി ശക്തിവേലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗണേഷ് ശിവയാണ് എഡിറ്റിങ്.

◾വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ലിയോ'യില്‍ ബാബു ആന്റണിയും. ലിയോയില്‍ താനുണ്ടെന്ന കാര്യം ബാബു ആന്റണി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. കശ്മീരിലേക്ക് പോകുന്ന ചിത്രവും ബാബു ആന്റണി പങ്കുവച്ചു. മലയാളി താരം മാത്യുവും ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ലിയോയുടെ ചിത്രീകരണം കശ്മീരില്‍ പുരോഗമിക്കുകയാണ്. ഷൂട്ടിങ് ലൊക്കേഷനിലേയ്ക്ക് പോകവെ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ.എം. വിജയനെ കണ്ടുമുട്ടിയെന്നും ബാബു ആന്റണി കുറിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. ഐ.എം. വിജയനൊപ്പമുള്ള ചിത്രവും ബാബു ആന്റണി പങ്കുവെച്ചു. ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിചേരുന്നത്. സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. മാസ്റ്ററിന് ശേഷം വിജയ്യും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അനിരുദ്ധ് സംഗീതം ഒരുക്കുന്നു. സെപ്റ്റംബര്‍ 19ന് ചിത്രം തിയറ്ററുകളില്‍ റിലീസിനെത്തും.

◾മഹീന്ദ്രയുടെ വില കുറഞ്ഞ പുതിയ ഥാര്‍ വകഭേദത്തിന് വന്‍ ഡിമാന്‍ഡ്. 5 ഡോര്‍ ഗൂര്‍ഖ, 5 ഡോര്‍ ജിംനി എന്നിവ വിപണിയിലെത്തുന്നതോടെ ഥാറിന് വലിയ വെല്ലുവിളി തന്നെയാകും. അതുകൊണ്ടു തന്നെയാണ് ഥാര്‍ എന്ന ബ്രാന്‍ഡില്‍ വില കുറഞ്ഞ വാഹനമെന്ന ടാഗില്‍ ബജറ്റ് വേരിയന്റ് പുറത്തിറക്കുന്നതും. പുതിയ റിയര്‍വീല്‍ വകഭേദം ജിംനിയുമായി നേരിട്ട് മത്സരത്തിന് ഇറങ്ങാന്‍ മാത്രം ശക്തനാണ്. 1.5 ലിറ്റര്‍ ഡീസല്‍ യൂണിറ്റിനൊപ്പം ലുക്കിന്റെ കാര്യത്തില്‍ കൂടുതല്‍ മസ്‌കുലറും ബോള്‍ഡുമായ വലിയ വാഹനമാണ് ഥാര്‍. ജിംനിക്ക് ഡീസല്‍ വകഭേദമില്ലെന്നതും വലുപ്പത്തില്‍ 3 ഡോര്‍ ഥാറിനെക്കാള്‍ ചെറുതാണെന്നുള്ളതും വെല്ലുവിളിയാണ്. 9.99 ലക്ഷം രൂപ മുതലാണ് ഥാര്‍ ബജറ്റ് വേരിയന്റിന്റെ വില ആരംഭിക്കുന്നത്. അതിനാല്‍ നിലവില്‍ ഏറ്റവുമധികം ആവശ്യക്കാരും ഈ വാഹനത്തിനാണ്. ഫോര്‍വീല്‍ ഡ്രൈവ് ബാഡ്ജിന്റെ അഭാവം മാത്രമാണ് ഥാറിന്റെ ഇരു വേരിയന്റുകളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം. വാഹനപ്രേമികളുടെ 2 വര്‍ഷത്തെ കാത്തിരിപ്പിനാണ് 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന്‍ മോഡലിലൂടെ മഹീന്ദ്ര അവസാനം കണ്ടിരിക്കുന്നത്. എസി, റിമോട്ട് ലോക്കിങ്, പവര്‍ വിന്‍ഡോ, റിയര്‍ ഡീഫോഗര്‍ തുടങ്ങിയ സന്നാഹങ്ങള്‍ കുറഞ്ഞ ഥാര്‍ മോഡലിനുണ്ട്.

◾തന്റെ ഗുരുവായ ഡോ. ബെല്ലില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട്, അദ്ദേഹത്തെ മാതൃകയാക്കിക്കൊണ്ടാണ് ആര്‍തര്‍ കോനല്‍ ഡോയല്‍ തന്റെ അനശ്വരകഥാപാത്രമായ ഷെര്‍ലക് ഹോംസിനെ സൃഷ്ടിച്ചത്. വൈദ്യവും കുറ്റാന്വേഷണവും വിസ്മയകരമായ ഒരദൃശ്യതലത്തില്‍ ഒത്തുചേരുന്ന അസുലഭനിമിഷമാണിത്. ഡോ. മുരളീധരന്റെ 'ആയുസ്സിന്റെ അവകാശികള്‍' എന്ന പുസ്തകത്തിലും ഈ നിരീക്ഷണപാടവത്തിന്റെ സവിശേഷതകള്‍ കാണാന്‍ പറ്റും. ഇവിടെ അത് സാഹിത്യവും വൈദ്യവും സംഗമിക്കുന്ന ജീവന്റെ അഴിമുഖമാകുന്നു എന്നുമാത്രം. ഒരു അനസ്‌തേഷ്യോളജിസ്റ്റിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ഒപ്പം അദ്ദേഹം സാക്ഷ്യംവഹിച്ച അതിജീവനകഥകളും. ആയുസ്സിന്റെ അവകാശികള്‍'. ഡോ. മുരളീധരന്‍ എ.കെ. മാതൃഭൂമി ബുക്സ്. വില 176 രൂപ.

◾ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളില്‍ വളരെ വേഗത്തില്‍ അസ്ഥിക്ഷയം സംഭവിക്കാന്‍ അന്തരീക്ഷമലിനീകരണം കാരണമാകുമെന്നാണ് പുതിയ പഠനം പറയുന്നത്. അസ്ഥികളുടെ ആരോഗ്യം ഇരട്ടി വേഗത്തില്‍ ക്ഷയിക്കാന്‍ വായു മലിനീകരണം കാരണമാകുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ഈസ്ട്രജന്റെ കുറവ് മൂലം മാത്രമല്ല, മലിനമായ വായു ശ്വസിക്കുന്നതുകൊണ്ടും ആര്‍ത്തവവിരാമം കഴിഞ്ഞ സ്ത്രീകളുടെ അസ്ഥികള്‍ക്ക് ഒടിവ് സംഭവിക്കാനും അസ്ഥി ധാതുക്കളുടെ സാന്ദ്രത കുറയാനും സാധ്യതയുണ്ട്. അതുകൊണ്ട് അന്തരീക്ഷ മലിനാകരണം കുറയ്ക്കാനും പൊതുജനാരോഗ്യം സംരക്ഷിക്കാനും കാര്യമായ ഇടപെടല്‍ ആവശ്യമാണ്. ഇത് ആശുപത്രിവാസവും മരണനിരക്കും കുറയ്ക്കാന്‍ വലിയ പങ്ക് വഹിക്കും, ഗവേഷകര്‍ പറഞ്ഞു. മലിനീകരണം ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് നട്ടെല്ലിന്റെ ആരോഗ്യത്തെയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. യു എസ്സിലെ നാല് വ്യത്യസ്ത സ്ഥലങ്ങളില്‍ താമസിക്കുന്ന 9000ത്തോളം സ്ത്രീകളില്‍ സ്‌കാനിങ് നടത്തിയാണ് അസ്ഥികളുടെ ആരോഗ്യവും ശ്വസിക്കുന്ന വായുവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗവേഷകര്‍ പഠനം നടത്തിയത്. ആറ് വര്‍ഷ കാലയളവിനിടയില്‍ മൂന്ന് തവണ അസ്ഥികളുടെ സ്‌കാനിങ് നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് വായു മലിനീകരണം അസ്ഥികളുടെ ആരോഗ്യം ഇരട്ടിവേഗത്തില്‍ ക്ഷയിക്കാന്‍ കാരണമാകുമെന്ന് കണ്ടെത്തിയത്. അന്തരീക്ഷത്തിലുള്ള മലിനകണങ്ങള്‍ ശ്വസിച്ചതുമൂലം ആശുപത്രിയിലാകുന്നവരുടെ എണ്ണത്തില്‍ എട്ട് ശതമാനം വര്‍ദ്ധനവുണ്ടെന്നും കണ്ടെത്തി. വായു മലിനീകരണം അനിയന്ത്രിതമായ തോതിലാണ് അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത്. ശ്വാസകോശ രോഗങ്ങളടക്കം പല ബുദ്ധിമുട്ടുകള്‍ക്കും ഇത് കാരണമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.