*പ്രഭാത വാർത്തകൾ 2023 | മാർച്ച് 11 | ശനി |*

◾വിഷപ്പുക ഉയരുന്ന ബ്രഹ്‌മപുരത്ത് ഹൈക്കോടതി നിരീക്ഷണസമിതി രൂപീകരിച്ചു. ശുചിത്വ മിഷന്‍ ഡയറക്ടര്‍, തദ്ദേശ ഭരണ വകുപ്പ് ചീഫ് എഞ്ചിനീയര്‍, ജില്ലാ കളക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി, കെല്‍സ സെക്രട്ടറി എന്നിവര്‍ അടങ്ങുന്നതാണ് സമിതി. 24 മണിക്കുറിനുള്ളില്‍ സമിതി ബ്രഹ്‌മപുരം സന്ദര്‍ശിക്കണം. നാളെ മുതല്‍ കൊച്ചിയിലെ മാലിന്യ നീക്കം പുനരാരംഭിക്കണം. സര്‍ക്കാര്‍ നടപടികള്‍ അറിയിക്കണം. ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും കോടതി.

◾ബ്രഹ്‌മപുരം തീപിടിത്തവും വിഷപ്പുകയും പത്തു ദിവസം പിന്നിട്ടപ്പോള്‍ ആരോഗ്യ വകുപ്പ് രംഗത്ത്. ആര്‍ക്കെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടോയെന്നു വീടുകളിലെത്തി സര്‍വേ നടത്താനാണ് ആരോഗ്യവകുപ്പ് രംഗത്തിറങ്ങിയിരിക്കുന്നത്. പുക ശ്വസിച്ചുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

◾ചൈനീസ് പ്രസിഡന്റായി ഷി ചിന്‍ പിംഗ് മൂന്നാംവട്ടവും തെരഞ്ഞെടുക്കപ്പെട്ടു. ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ തലവനായി കഴിഞ്ഞ ഒക്ടോബറില്‍ ഷി ചിന്‍ പിംഗിനെ അഞ്ചു വര്‍ഷത്തേക്കു തെരഞ്ഞെടുത്തിരുന്നു. പത്തു വര്‍ഷം ഒരേയാള്‍ അധികാരത്തില്‍ തുടരരുതെന്ന പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്താണ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.

◾ഒത്തുതീര്‍പ്പിനായി സിപിഎമ്മിന്റെ ഇടനിലക്കാരന്‍ ബന്ധപ്പെട്ടെന്ന സ്വപ്ന സുരേഷിന്റെ ആരോപണം കള്ളക്കഥയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. സ്വര്‍ണകടത്തില്‍ കേസെടുത്തത് കേന്ദ്ര ഏജന്‍സികളാണ്, കേസ് പിന്‍വലിക്കാന്‍ പണം വാഗ്ദാനം നല്കിയെന്നത് കല്ലുവച്ച നുണയാണ്. കേന്ദ്ര ഏജന്‍സികളുടെ കേസില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും സിപിഎം.

◾നിയമ നിര്‍വഹണ സംവിധാനത്തെ കളങ്കപ്പെടുത്തുന്ന ആരോപണങ്ങളെ ശക്തമായി നേരിടേണ്ടിവരുമെന്നു ഹൈക്കോടതി. തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്ന മന്ത്രി ആന്റണി രാജുവിനെതിരായ എഫ്ഐആര്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിലാണ് ഈ പരാമര്‍ശം. ജുഡീഷ്യല്‍ സംവിധാനത്തെ കളങ്കപ്പെടാന്‍ അനുവദിക്കരുത്. ശരിയായ നീതി നിര്‍വഹണം ഉറപ്പാക്കണം. യഥാര്‍ഥ പ്രതികളെ കണ്ടെത്തി തക്കതായ ശിക്ഷ കൊടുക്കണമെന്നും കോടതി.

◾ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷയുടെ ചോദ്യപേപ്പര്‍ അച്ചടിച്ചത് ചുവന്ന നിറത്തില്‍. കറുപ്പിനു പകരം ചുവപ്പുനിറത്തില്‍ അച്ചടിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ചുവപ്പിന് എന്താ കുഴപ്പമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ പ്രതികരണം. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകള്‍ ഒന്നിച്ചു നടക്കുന്നതിനാല്‍ തിരിച്ചറിയാനാണ് നിറം മാറ്റിയതെന്നും മന്ത്രി പറഞ്ഞു.
Expressmalayali.com
◾കെടിയു വൈസ് ചാന്‍സലര്‍ സിസ തോമസിനെതിരേ അച്ചടക്ക നടപടിക്കു സംസ്ഥാന സര്‍ക്കാര്‍. മുന്‍കൂര്‍ അനുമതിയില്ലാതെ വൈസ് ചാന്‍സലര്‍ സ്ഥാനം ഏറ്റെടുത്തതിനു കാരണം കാണിക്കണമെന്ന് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി നോട്ടീസ് നല്‍കി. സിസാ തോമസിനെ നിയമിച്ച് അഞ്ചു മാസത്തിനു ശേഷമാണ് നോട്ടീസ് നല്‍കിയത്.

◾ത്രിപുരയിലെ സംഘര്‍ഷമേഖലകള്‍ സന്ദര്‍ശിച്ച എളമരം കരീം എംപി അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരേ ബിജെപി പ്രവര്‍ത്തകരുടെ ആക്രമണം. ബിശാല്‍ഘഢില്‍ എത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്രചൗധരിയും കോണ്‍ഗ്രസ് നേതാവ് അജോയ്കുമാറും അടക്കമുള്ളവരുടെ വാഹനങ്ങള്‍ തകര്‍ത്തു. പൊലീസ് എത്തിയാണ് എളമരത്തെയും സംഘത്തെയും രക്ഷിച്ചത്.

◾ഇന്ത്യയില്‍ എച്ച് 3 എന്‍ 3 ഇന്‍ഫ്ളുവന്‍സ വൈറസ് ബാധിച്ചു രണ്ടു പേര്‍ മരിച്ചു. ശ്വാസകോശ അണുബാധ ഉള്‍പെടെയുള്ള കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍മൂലമാണ് കര്‍ണാടക, ഹരിയാന സ്വദേശികളുടെ മരണം. മാസ്‌ക് ഉപയോഗിക്കണമെന്ന ജാഗ്രതാ മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം.

◾സംസ്ഥാന സര്‍ക്കാരുകള്‍ക്കുള്ള കേന്ദ്ര നികുതി വിഹിതമായി 1,40,318 കോടി രൂപ വിതരണം ചെയ്തു. കേരളത്തിന് 2,705 കോടി രൂപയാണു ലഭിക്കുന്നത്.

◾ബ്രഹ്‌മപുരത്ത് തീപ്പിടിത്തം മൂലമുണ്ടായ വിഷപ്പുക ശ്വസിച്ച് 678 പേര്‍ക്ക് ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തെന്നു മന്ത്രി പി രാജീവ്. ഇതില്‍ 421 പേര്‍ ക്യാമ്പില്‍ പങ്കെടുത്തവരാണ്. ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അടക്കം ഇതില്‍ ഉള്‍പ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

◾ബ്രഹ്‌മപുരത്തേത് കോടികളുടെ അഴിമതിയെന്നു കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. പിണറായി വിജയന്‍ സര്‍ക്കാരും സോണ്‍ട ഇന്‍ഫോടെക് കമ്പനിയും ചേര്‍ന്ന് നടത്തിയ അഴിമതിയെക്കുറിച്ചു സ്വതന്ത്രമായ അന്വേഷണം വേണം. കര്‍ണാടക മുഖ്യമന്ത്രി 2019 ല്‍ സോണ്‍ട ഇന്‍ഫാടെക്കിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നെന്നും മുരളീധരന്‍.

◾ബ്രഹ്‌മപുരം തീപിടുത്തത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് ഉമ തോമസ് എംഎല്‍എ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി. എറണാകുളത്തെയും സമീപ പ്രദേശത്തെയും ജനങ്ങളുടെ ജീവല്‍പ്രശ്നത്തെ കൈകാര്യം ചെയ്യുന്നതില്‍ സംസ്ഥാന സര്‍ക്കാരും കോര്‍പറേഷനും പരാജയപ്പെട്ടെന്ന് ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.

◾ബ്രഹ്‌മപുരം തീ പിടിത്തത്തില്‍ അന്വേഷണം വൈകിപ്പിക്കുന്നത് പ്രതികളെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മാലിന്യ സംസ്‌കരണത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഏകോപനമില്ലെന്നും സതീശന്‍ കുറ്റപ്പെടുത്തി.

◾ബ്രഹ്‌മപുരത്തെ വിഷപ്പുക ജനങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ഘടകം. പുകയുടെ തോതും ദൈര്‍ഘ്യവും എത്രത്തോളം കുറയ്ക്കാന്‍ സാധിക്കുന്നുവോ അത്രയും ഭാവി സുരക്ഷിതമാകുമെന്നും ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ.എസ്. ശ്രീനിവാസ കമ്മത്ത്, സെക്രട്ടറി ഡോ. ജോര്‍ജ്ജ് തുകലന്‍ എന്നിവര്‍ പറഞ്ഞു.

◾അവസരം കിട്ടിയാല്‍ കെ-റെയില്‍ സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. നാളെ വരാന്‍ പോകുന്നത് ഇന്നു മനസിലാക്കി ശാസ്ത്ര- സാങ്കേതിക വിദ്യകളിലൂടെ കേരളത്തെ നവീകരിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത്. കോട്ടയത്ത് ജനകീയ പ്രതിരോധയാത്രയില്‍ പ്രസംഗിക്കവേ ഗോവിന്ദന്‍ പറഞ്ഞു.

◾എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ആദരണീയനായ നേതാവെന്ന് പി ജയരാജന്‍. വേദകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദത്തെ കുറിച്ച് ഇപി ജയരാജന്റെ മലയാളം വാരികയിലെ ആരോപണത്തിനു പിറകേയാണ് പി ജയരാജന്റെ പ്രതികരണം. ഇപി എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും അതിനാല്‍ പ്രതികരിക്കാനില്ലെന്നും പി ജയരാജന്‍ പറഞ്ഞു.

◾പരാതിക്കാരിയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തെന്ന കേസിലെ പ്രതിയായ കാസര്‍കോട്ടെ ക്രൈം ബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വീസില്‍നിന്നു പുറത്താക്കി.

◾ഇരുപത്തയ്യായിം രൂപ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് അറസ്റ്റു ചെയ്ത തിരുവല്ല നഗരസഭ സെക്രട്ടറി നാരായണ്‍ സ്റ്റാലിനെ സസ്പെന്‍ഡു ചെയ്തു. വിജിലന്‍സ് കോടതി ഇയാളെ റിമാന്‍ഡു ചെയ്ത് ആറു ദിവസത്തിനു ശേഷമാണു സസപെന്‍ഡു ചെയ്തത്.

◾സ്ഥിരമായി ശല്യം ചെയ്തവര്‍ക്കെതിരേ മുളകുപൊടിയെറിഞ്ഞ സ്ത്രീയെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച മൂന്ന് ഓട്ടോ ഡ്രൈവര്‍മാര്‍ അറസ്റ്റിലായി. കന്യാകുമാരിയില്‍ മേല്‍പ്പുറത്താണു 35 കാരിയെ ഓട്ടോ ഡ്രൈവര്‍മാര്‍ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്.

◾തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കില്‍ സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ വെട്ടിക്കാട്ട് മുക്കിലെ ഇഷ്ടിക ഫാക്ടറി മാനേജര്‍ ഇടപ്പനാട്ട് പൗലോസ്(68), സ്ഥാപനത്തിലെ ഡ്രൈവര്‍ അടിയം സ്വദേശി രാജന്‍ (71)എന്നിവരാണ് മരിച്ചത്.

◾കൊല്ലം തേവലക്കരയില്‍ അമ്മയും മകനും വീടിനുള്ളില്‍ തീ പൊള്ളലേറ്റു മരിച്ചു. തേവലക്കര അരിനെല്ലൂര്‍ സന്തോഷ് ഭവനില്‍ ലില്ലി (65) മകന്‍ സോണി (40) എന്നിവരാണ് മരിച്ചത്.

◾പാലായിലെ കാര്‍മ്മല്‍ ജംഗ്ഷനില്‍ സ്ഫോടകവസ്തുക്കള്‍ ഉപേക്ഷിച്ച നിലയില്‍. ക്വാറികളില്‍ ഉപയോഗിക്കുന്ന മൂന്നു കോയില്‍ വെടിമരുന്നു തിരിയും മുപ്പത്തഞ്ചോളം പശയും നൂറ്റിമുപ്പതോളം കെപ്പുമാണ് മോണാസ്ട്രി റോഡ് സൈഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

◾ഷാര്‍ജയിലെ മലീഹ ഫോസില്‍ റോക്കില്‍ മലകയറ്റത്തിനിടെ തലയടിച്ച് വീണു മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി ബിനോയി (51)യാണ് മരിച്ചത്.

◾ചെങ്കോട്ടുകോണത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പിരപ്പന്‍കോട് സ്വദേശി അരുണ്‍പ്രസാദ്, കാട്ടായിക്കോണം സ്വദേശി വിനയന്‍ എന്നിവരാണ് പിടിയിലായത്.

◾കൊണ്ടോട്ടി നീറാട് പൊലീസ് ഉദ്യോഗസ്ഥന്റെ വീടിനു നേരെ സ്ഫോടകവസ്തു എറിഞ്ഞു. വേങ്ങര സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സിജിത്തിന് വീടിന് നേരെയാണ് ആക്രമണമുണ്ടായത്.

◾കഴിഞ്ഞ ദിവസം ബസ് സ്റ്റോപ്പിലേക്കു കാര്‍ പാഞ്ഞുകയറി മരിച്ച ശ്രേഷ്ഠ വിജയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു വീട്ടില്‍ മടങ്ങിയെത്തിയ ഉറ്റ സുഹൃത്ത് തൂങ്ങിമരിച്ചു. ആലംകോട് പുളിമൂട് പ്രസന്നാഭവനില്‍ പുഷ്പ്പരാജന്‍ പ്രമീള ദമ്പതികളുടെ മകന്‍ അശ്വിന്‍ രാജാണ് (22) മരിച്ചത്.

◾മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാലു യുവാക്കളെ തൃശൂര്‍ ചേര്‍പ്പ് എക്‌സൈസ് സംഘം പിടികൂടി. 21 ഗ്രാം എംഡിഎംഎയുമായി അമ്മാടം സ്വദേശികളായ അക്ഷയ് (30), പ്രജിത് (22), ജെഫിന്‍ (23), ആഷിക് എന്നിവരെയാണ് പിടികൂടിയത്.

◾തിരുവനന്തപുരം ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ കെട്ടിടത്തില്‍നിന്നു വീണു മരിച്ചു. സ്റ്റാര്‍ട്ടപ് കമ്പിനിയിലെ ജീവനക്കാരനായ മണക്കാട് സ്വദേശി എസ് രോഷിത് (23) ആണ് മരിച്ചത്.

◾തിരുവല്ലം പൂങ്കുളത്ത് പുരയിടത്തിലെ മണ്ണിടിഞ്ഞുവീണ് ഒരാള്‍ മരിച്ചു. പൂങ്കുളം സിഗ്നല്‍ സ്റ്റേഷന് സമീപം സുജിത ഭവനില്‍ ജയന്‍ (52) ആണ് മരിച്ചത്.

◾വാടാനപ്പള്ളി ഏഴാം കല്ലില്‍ ഉത്സവത്തിന് എഴുന്നള്ളിച്ച ആന ഇടഞ്ഞു. രണ്ടു കിലോമീറ്ററോളം ഓടിയ മുള്ളത്ത് ഗണപതി എന്ന ആനയെ പിന്നീടു തളച്ചു.

◾പോക്സോ കേസില്‍ മദ്രസ അധ്യാപകന് 53 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. ഒറ്റപ്പാലം സ്വദേശി സിദ്ധിക്ക് ബാകവി (43 )യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്.

◾പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. മലപ്പുറം കോട്ടക്കല്‍ പണിക്കര്‍ക്കുണ്ട് സ്വദേശി വളപ്പില്‍ അബ്ദുല്‍ മജീദിനെയാണ് അറസ്റ്റു ചെയ്തത്.

◾ഡല്‍ഹി മദ്യനയ അഴിമതി 292 കോടി രൂപയുടേതാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ എന്‍ഫോഴ്സ്മെന്റ് ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. സിബിഐ കേസില്‍ റിമാന്‍ഡിലുള്ള സിസോദിയയെ ഡല്‍ഹി പ്രത്യേക കോടതി ഉത്തരവനുസരിച്ചാണ് കസ്റ്റഡിയില്‍ വാങ്ങിയത്.

◾പ്രധാനമന്ത്രി നരേന്ദ്രമോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസും ഡല്‍ഹിയില്‍ നയതന്ത്രതല ചര്‍ച്ച നടത്തി. വ്യാപാരം, പ്രതിരോധം ഉള്‍പ്പെടെയുള്ള മേഖലകളിലെ സഹകരണം ഉറപ്പാക്കും. ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ഓസട്രേലിയന്‍ പ്രധാനമന്ത്രി വ്യക്തമാക്കിയതായും മോദി പറഞ്ഞു.

◾നടിയും മാണ്ഡ്യ ലോക്‌സഭാ എംപിയുമായ സുമലത ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചു. ജെഡിഎസ്സിന്റെ ശക്തികേന്ദ്രത്തില്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാര സ്വാമിയെ തോല്‍പ്പിച്ചാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സുമലത ലോക്‌സഭാ എംപിയായത്. ബിജെപിയില്‍ ചേരുന്ന കാര്യം തീരുമാനിച്ചില്ലെന്നും സുമലത പറഞ്ഞു.

◾ഓയോ റൂം സ്ഥാപകനും വ്യവസായിയുമായ റിതേഷ് അഗര്‍വാളിന്റെ പിതാവ് രമേഷ് അഗര്‍വാള്‍ ഫ്ളാറ്റ് മന്ദിരത്തിന്റെ ഇരുപതാം നിലയില്‍നിന്ന് വീണ് മരിച്ചു. ഗുരുഗ്രാമിലെ ഡിഎല്‍എഫ് ദി ക്രെസ്റ്റ് ഫ്ളാറ്റ് സമുച്ചയത്തില്‍നിന്നാണ് വീണത്. റിതേഷ് അഗര്‍വാളും അമ്മയും ഭാര്യയുമടക്കം ഫ്ലാറ്റിലുണ്ടായിരുന്നു.

◾മതനിരപേക്ഷ സഖ്യത്തില്‍ തമിഴ്നാട് മാതൃകയാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്റെ ഭരണത്തില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണ്. എല്ലാ കാലത്തും മുസ്ലിം ലീഗ് ഡിഎംകെയ്ക്ക് ഒപ്പമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി.

◾വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 10 വിക്കറ്റിന് തകര്‍ത്ത് യുപി വാരിയേഴ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ഉയര്‍ത്തിയ 139 റണ്‍സ് വിജയലക്ഷ്യം വെറും 13 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ യുപി മറികടന്നു. 96 റണ്‍സോടെ പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ അലിസ ഹീലിയാണ് യുപിയുടെ ജയം അനായാസമാക്കിയത്. കളിച്ച നാല് മത്സരങ്ങളും തോറ്റ റോയല്‍ ചലഞ്ചേഴ്‌സ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

◾ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സില്‍ ഓസ്ട്രേലിയ 480 റണ്‍സിന് പുറത്ത്. 180 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയുടെയും 114 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനിന്റെയും ഇന്നിങ്‌സുകളാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ഒന്നാം ഇന്നിങ്‌സിനിറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സെന്ന നിലയിലാണ്.

◾ഇന്ത്യന്‍ ബാങ്കുകളുടെ കിട്ടാക്കടം 2023 സാമ്പത്തിക വര്‍ഷത്തില്‍ 90 ബേസിസ് പോയിന്റ് കുറഞ്ഞ് അഞ്ച് ശതമാനത്തില്‍ താഴെയാകുമെന്ന് അസോചം-ക്രിസില്‍ റേറ്റിംഗ് പഠനം വെളിപ്പെടുത്തുന്നു. 2024 മാര്‍ച്ച് 31 ഓടെ ഇത് ദശാബ്ദത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ നാല് ശതമാനത്തിലെത്തുമെന്നും പഠനത്തിലുണ്ട്. കൊവിഡിന് ശേഷമുള്ള സാമ്പത്തിക സ്ഥിതിയിലെ ഉയര്‍ച്ചയും ഉയര്‍ന്ന വായ്പാ വളര്‍ച്ചയുമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തല്‍. 2018 മാര്‍ച്ച് 31ലെ ഏറ്റവും വലിയ 16 ശതമാനത്തില്‍ നിന്ന് അടുത്ത സാമ്പത്തിക വര്‍ഷം മൊത്ത കിട്ടാക്കടം രണ്ട് ശതമാനത്തില്‍ താഴെയായി താഴുന്ന കോര്‍പ്പറേറ്റ് വായ്പ വിഭാഗത്തിലായിരിക്കും ഏറ്റവും വലിയ പുരോഗതി. ഇത് സമീപ വര്‍ഷങ്ങളില്‍ ബാങ്കുകള്‍ നടത്തിയ ശുദ്ധീകരണത്തെ തുടര്‍ന്നാണിത്. കൊവിഡ് സമയത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ച എം.എസ്.എം.ഇ വിഭാഗത്തിലെ മൊത്ത കിട്ടാക്കട നിരക്ക് 2022 മാര്‍ച്ച് 31 ലെ 9.3 ശതമാനത്തില്‍ നിന്ന് 2024 മാര്‍ച്ചോടെ 10-11 ശതമാനമായി ഉയരുമെന്ന് പഠനത്തില്‍ പറയുന്നു.

◾സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രം 'തമിഴരശന്‍' മലയാളികളും കാത്തിരിക്കുന്ന ഒന്നാണ്. വിജയ് ആന്റണിയാണ് ചിത്രത്തില്‍ നായകന്‍. മലയാളത്തില്‍ നിന്ന് രമ്യാ നമ്പീശനുമുണ്ട്. പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ ചിത്രം മാര്‍ച്ച് 31ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നു. ബാബു യോഗേശ്വരന്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആര്‍ ഡി രാജശേഖര്‍ ഐഎസ്സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഇളയരാജ ആണ് സംഗീത സംവിധായകന്‍. എസ് കൗസല്യ റാണിയാണ് ചിത്രം നിര്‍മിക്കുന്നത്. രവീന്ദര്‍ ആണ് വിജയ് ആന്റണി ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂര്‍. വി വിശ്വനാഥനാണ് പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ്. എസ്എന്‍എസ് മൂവീസാണ് ചിത്രത്തിന്റെ ബാനര്‍.

◾മലയാളത്തിലെ പുതിയ തലമുറയിലെ ഏറ്റവും ജനപ്രിയരായ ഒരു സംഘം അഭിനേതാക്കള്‍ ഒന്നിച്ചണിനിരക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായ ചിത്രം 'ഖജുരാഹോ ഡ്രീംസ്' പ്രദര്‍ശനത്തിന് തയ്യാറെടുക്കുന്നു. അര്‍ജുന്‍ അശോകന്‍, ധ്രുവന്‍, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, അതിഥി രവി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുതിയ തലമുറയുടെ കാഴ്ച്ചപ്പാടുകള്‍ക്കൊപ്പം അവതരിപ്പിക്കപ്പെടുന്ന ചിത്രമാണ് 'ഖജുരാഹോ ഡ്രീംസ്'. സേതുവിന്റേതാണ് ഖജുരാഹോ ഡ്രീംസിന്റെ തിരക്കഥ. സോഹന്‍ സീനുലാല്‍, സാദിഖ്, വര്‍ഷാ വിശ്വനാഥ്, നേഹാ സക്സേന എന്നിവരും പ്രധാന താരങ്ങളാണ്. ചിത്രം നവാഗതനായ മനോജ് വാസുദേവാണ് സംവിധാനം ചെയ്യുന്നത്. ഹരി നാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു.

◾മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഒരു പുതിയ എംഎക്സ് (ഇ) ട്രിം ഉള്‍പ്പെടുത്തി അതിന്റെ ഉയര്‍ന്ന ജനപ്രീതിയുള്ള എക്സ്യുവി 700 എസ്യുവി മോഡല്‍ ലൈനപ്പ് കൂടുതല്‍ വിപുലീകരിക്കുമെന്ന് റിപ്പോര്‍ട്ട്. പുതിയ ട്രിം എംഎക്സ് ന് മുകളിലും എഎക്സ്3 ട്രിമ്മിന് താഴെയും പെട്രോള്‍, ഡീസല്‍ വേരിയന്റുകളുടെ വില വ്യത്യാസവും ആയിരിക്കും. 200ബിഎച്പി 380എന്‍എം മതിയായ 2.0ലിറ്റര്‍, 4സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനിലാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ ഓഫറില്‍ ലഭിക്കും. പുതിയ മഹീന്ദ്ര എക്സ്യുവി700 എംഎക്സ് (ഇ) ട്രിം പെട്രോള്‍-ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കോമ്പിനേഷന്‍ വാങ്ങുന്നവര്‍ക്ക് കൂടുതല്‍ താങ്ങാനാവുന്നതാക്കും. പുതിയ ആര്‍ഡിഇ മാനദണ്ഡങ്ങള്‍ 2023 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.

◾ആകാശവാണിയടക്കം ഏഴു തൊഴിലിടങ്ങളിലെ അനുഭവസാക്ഷ്യവും ഗ്രാമനഗര നേര്‍ജീവിതവും പറയുകയാണ് എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ എ പ്രഭാകരന്‍. 'ഓര്‍മ്മ നിഴലുകള്‍ നൂറുനിറങ്ങള്‍'. കൈരളി ബുക്സ്. വില 332 രൂപ.

◾ബ്രൗണ്‍ നിറത്തിലിരിക്കുന്ന സപ്പോട്ട രുചിയില്‍ മാത്രമല്ല ഗുണത്തിന്റെ കാര്യത്തിലും മുന്നിലാണ്. എല്ലുകള്‍ക്ക് മുതല്‍ ഹൃദയം, ചര്‍മ്മം, ശ്വാസകോശം എന്നിവയ്‌ക്കെല്ലാം സപ്പോട്ട നല്ലതാണ്. എന്നാല്‍ സപ്പോട്ട ദഹനത്തിന് നല്ലതാണെന്ന് കേട്ടിട്ടുണ്ടോ? ഒരു സപ്പോട്ടപ്പഴത്തില്‍ ഏകദേശം ഒന്‍പത് ഗ്രാം ഫൈബര്‍ ഉണ്ട്. ഡയറ്ററി ഫൈബറിന്റെ അളവ് കൂടുതലുള്ളതുകൊണ്ട് സപ്പോട്ടയ്ക്ക് ഒരുപാട് പോഷകഗുണങ്ങള്‍ ഉണ്ട്. മലബന്ധം പതിവായി അലട്ടുന്നവരാണെങ്കില്‍ സപ്പോട്ട ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഫ്‌ളേവനോയിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം, ഗ്യാസ്‌ട്രൈറ്റിസ് എന്നിവ തടയുന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളും സപ്പോട്ടയ്ക്കുണ്ട്. വന്‍കുടലിലെ കാന്‍സര്‍ സാധ്യത കുറയ്ക്കാനും സപ്പോട്ട സഹായിക്കുമെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. സപ്പോട്ടയില്‍ കലോറി കുറവാണ്, എന്നിരുന്നാലും ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നും. അതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പറ്റിയ പഴമാണിത്. ഇവയുടെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

*ശുഭദിനം*

1937 ല്‍ സോവിയറ്റ് യൂണിയനിലാണ് അവര്‍ ജനിച്ചത്. വീട്ടിലെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലാതിരുന്നതിനാല്‍ തന്റെ പതിനാറാം വയസ്സില്‍ അവര്‍ പഠനം ഉപേക്ഷിച്ച് ഒരു വസ്ത്രശാലയില്‍ ജോലി തുടങ്ങി. പിന്നീട് അവര്‍ക്ക് പാരാഷൂട്ടിങ്ങില്‍ താല്‍പര്യം തോന്നി. അതില്‍ പരിശീലനം നടത്തുകയും ചെയ്തു. അപ്പോഴാണ് 1961 ല്‍ യൂറി ഗഗാറിന്‍ ആദ്യമായ ബഹിരാകാശത്തേക്ക് എത്തിയത്. അന്ന് മുതല്‍ അവര്‍ വീണ്ടുമൊരു സ്വപ്നത്തിന് തിരി കൊളുത്തി. ബഹിരാകാശം! തനിക്കും ബഹിരാകാശയാത്രയ്ക്ക് താല്‍പര്യമുണ്ടെന്ന് സ്‌പേസ് ഏജന്‍സിക്ക് അവര്‍ കത്തയച്ചു. ആദ്യമൊന്നും പ്രതികരണം ലഭിച്ചില്ലെങ്കിലും അവര്‍ നിരന്തരം അവിടേക്ക് കത്തുകള്‍ അയച്ചുകൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം അവരെ തേടി സ്‌പേസ് ഏജന്‍സിയില്‍ നിന്നും വിളി വന്നു. പിന്നീട് നീണ്ട ശാരീരികവും മാനസികവുമായ കഠിനമായ പരിശീലനനാളുകളായിരുന്നു. പൈലറ്റ് ട്രെയിനിങ്ങ്, ഭാരമില്ലാത്ത അന്തരീക്ഷത്തോട് ഇണങ്ങാനുളള കഠിന പരിശീലനം, ഐസൊലേഷന്‍ ടെസ്റ്റ്, സെന്‍ട്രിഫ്യൂഗ് ടെസ്റ്റ്, തെര്‍മോ ചേംബര്‍ ടെസ്റ്റ് തുടങ്ങി നിരവധി കഠിനകരമായ പരിശീലനത്തിലൂടെ അവര്‍ക്ക് കടന്നുപോകേണ്ടിവന്നു. അങ്ങനെ 1963 ജൂണ്‍ 16 ന് വോസ്റ്റോക് 6 പേടകത്തില്‍ അവര്‍ ബഹിരാകാശത്തെത്തി. മൂന്ന് ദിവസം, കൃത്യമായ പറഞ്ഞാല്‍ 71 മണിക്കൂര്‍ കൊണ്ട് 48 തവണ ഭൂമിയെ വലംവെച്ച് അവര്‍ ഭൂമിയിലേക്ക് മടങ്ങി. ബഹിരാകാശം കണ്ട് അവര്‍ വണ്ടറടിച്ചപ്പോള്‍ ഭൂമിയിലെ മനുഷ്യര്‍ തങ്ങളുടെ റെക്കാര്‍ഡ് പുസ്തകത്തില്‍ ഒരു പേര് എഴുതിച്ചേര്‍ക്കുന്നതിന്റെ ത്രില്ലിലായിരുന്നു. ബഹിരാകാശത്തെത്തുന്ന ആദ്യ വനിത - വാലന്റീന തെരഷ്‌കോവ. ശാസ്ത്രവും സാങ്കേതികവിദ്യയും പര്യവേഷണവുമൊക്കെ പുരുഷന്മാരുടെ കുത്തകയാണെന്ന് ലോകം ഉറച്ചുവിശ്വസിച്ച ഒരു കാലത്താണ് വാലന്റീന ബഹിരാകാശത്തേക്ക്... തന്റെ സ്വപ്നങ്ങളിലേക്ക് പറന്നുയര്‍ന്നത്.. കഴിവും, കഠിനാധ്വാനവും വിജയമന്ത്രങ്ങളാണെന്ന് ഒരിക്കല്‍ കൂടി ഉരുവിട്ട് നമുക്കും വിജയത്തിലേക്ക് നടക്കാം - *ശുഭദിനം.*