*പ്രഭാത വാർത്തകൾ*2023 | മാർച്ച് 1 | ബുധൻ

◾സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസിനെതിരെ സര്‍ക്കാര്‍ നടപടി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ തസ്തികയില്‍നിന്ന് സിസ തോമസിനെ മാറ്റി. പുതിയ നിയമനം നല്‍കിയിട്ടില്ല. സിസ തോമസിനു പകരം നിയമിച്ചത് കെടിയു വൈസ് ചാന്‍സലര്‍ സ്ഥാനത്തുനിന്ന് സുപ്രീംകോടതി അയോഗ്യയാക്കിയ ഡോ.എം.എസ്. രാജശ്രീയെയാണ്.

◾ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യ മന്ത്രി സത്യന്ദ്ര ജെയിനും രാജിവച്ചു. രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അംഗീകരിച്ചു. അഴിമതിക്കേസില്‍ ഇരുവരും ജയിലാണ്. കഴിഞ്ഞ ജൂണിലാണ് സത്യേന്ദ്ര ജയിനെ തിഹാര്‍ ജയിലടച്ചത്. മദ്യനയക്കേസില്‍ കഴിഞ്ഞ ദിവസമാണ് മനീഷ് സിസോദിയയെ അഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റ് റദ്ദാക്കണമെന്ന ഹര്‍ജിയില്‍ തത്കാലം ഇടപെടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

◾റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. ഇന്നു മുതല്‍ രാവിലെ എട്ടു മുതല്‍ 12 വരെയും ഉച്ചയ്ക്കുശേഷം നാലു മുതല്‍ ഏഴു വരെയുമായിരിക്കും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക. എല്ലാ ജില്ലകളിലും റേഷന്‍ വിതരണം പഴയസമയക്രമത്തിലേക്ക് മാറ്റണമെന്ന കേന്ദ്ര നിര്‍ദ്ദേശപ്രകാരമാണ് സമയമാറ്റം. ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് നാലു വരെ നീട്ടിയിട്ടുണ്ട്.

◾ബഫര്‍ സോണ്‍ വിഷയം പഠിക്കാന്‍ സംസ്ഥാനം നിയോഗിച്ച വിദഗ്ധ സമിതി നാളെ മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കും. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ സമിതിയുടെ റിപ്പോര്‍ട്ട് പഠിച്ചശേഷം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.

◾മുഖ്യമന്ത്രി പിണറായി വിജയനു ചുറ്റും പവര്‍ ബ്രോക്കര്‍മാരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പാവപ്പെട്ടവര്‍ക്ക് ഒരു നീതിയും പാര്‍ട്ടിക്കാര്‍ക്ക് മറ്റൊരു നീതിയും എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഓരോ ഫയലും ഓരോ ജീവിതമാണെന്നു പറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കമുള്ള ഓഫീസുകളില്‍ എട്ടു ലക്ഷത്തോളം ഫയലുകളാണ് കെട്ടിക്കിടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

◾ചില ചെറ്റത്തരങ്ങള്‍ നമ്മളേയും സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. അതു തടയാന്‍ സര്‍ക്കാര്‍ ജാഗരൂകരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് കാര്യങ്ങള്‍ നേടിയെടുക്കാന്‍ പവര്‍ ബ്രോക്കര്‍മാരുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പവര്‍ ബ്രോക്കര്‍ പരാമര്‍ശം പ്രതിപക്ഷ നേതാവ് പഴയ ഓര്‍മ്മയില്‍നിന്ന് പറഞ്ഞതാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

◾മുഖ്യമന്ത്രി പിണറായി വിജയന് പല സ്ഥലത്തുനിന്നും അടി കൊണ്ടിട്ടുണ്ടെന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. പഴയ കാര്യങ്ങള്‍ താന്‍ പറയാന്‍ തുടങ്ങിയാല്‍ പിണറായി വിജയനു പുറത്തിറങ്ങി നടക്കാന്‍ കഴിയില്ല. മുഖ്യമന്ത്രി പരിപൂര്‍ണ ബോറനായി മാറിയതില്‍ ദുഖമുണ്ട്. ഇത്രയും തരം താഴാന്‍ പാടില്ലെന്നും പാര്‍ട്ടി തിരുത്തണമെന്നും കെ സുധാകരന്‍ പറഞ്ഞു.

◾ലൈഫ് മിഷന്‍ കേസില്‍ റിമാന്‍ഡിലുള്ള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ നല്‍കിയ ജാമ്യ ഹര്‍ജിയില്‍ വിചാരണ കോടതി വ്യാഴാഴ്ച വിധി പറയും. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് കള്ളപ്പണ കേസ് പരിഗണിക്കുന്നത്.

◾ഒന്നരമാസമായി കുടിവെള്ളം കിട്ടാത്ത നെട്ടൂരിലെ നാട്ടുകാര്‍ അനുഭവിക്കുന്നതു ഗുരുതരമായ വിഷയമെന്ന് ഹൈക്കോടതി. വാര്‍ട്ടര്‍ അതോറിറ്റി വിഷയം ഗൗരവത്തില്‍ എടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

◾മലപ്പുറം കോട്ടക്കലില്‍ കിണറില്‍ പണിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞ് ഒരു തൊഴിലാളി മരിച്ചു. എടരിക്കോട് സ്വദേശി അലി അക്ബറാണ് മരിച്ചത്. കൂടെ പണിയെടുത്തിരുന്ന രണ്ടു പേരെ രക്ഷപ്പെടുത്തി.

◾വരാപ്പുഴയില്‍ മുട്ടിനകത്ത് പടക്കവും വെടിമരുന്നുകളും സൂക്ഷിച്ച കെട്ടിടം സ്ഫോടനത്തില്‍ തകര്‍ന്നു. ഒരാള്‍ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞട്ടില്ല. ഏഴു പേര്‍ക്ക് പരിക്ക്. ജെന്‍സണ്‍, ഫെഡ്രീന, കെ ജെ മത്തായി, എസ്തര്‍, എല്‍സ, ഇസബെല്‍, നീരജ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

◾ഓഹരി ഇടപാടുകളില്‍ രണ്ടു കോടി രൂപയുടെ ബാധ്യതയിലായ യുവാവ് തൂങ്ങിമരിച്ചു. അടൂരില്‍ ഏഴംകുളം തൊടുവക്കാട് സ്വദേശി ടെന്‍സന്‍ തോമസ് (32) ആണു മരിച്ചത്.

◾തൃശൂര്‍ ജില്ലയിലെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ മറ്റ് ആനകള്‍ക്കൊപ്പം എഴുന്നള്ളിക്കുന്നതു വിലക്കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ വ്യവസ്ഥകള്‍ക്ക് വിധേയമായി ജില്ലയില്‍ ഉത്സവാഘോഷങ്ങളില്‍ ഒറ്റയ്ക്ക് എഴുന്നള്ളിക്കാം. ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. എഴുന്നള്ളിപ്പില്‍ ആനയുടെ വീഡിയോ ചിത്രീകരിച്ച് വനം വകുപ്പിനു കൈമാറണമെന്നും നിര്‍ദേശം.

◾നര്‍ത്തകിയും അവതാരകയും ടെലിവിഷന്‍ പ്രോഗ്രാം പ്രൊഡ്യൂസറുമായിരുന്ന ഷീബ ശ്യാമപ്രസാദ് അന്തരിച്ചു 59 വയസായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തില്‍. സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥയായിരുന്നു. അര്‍ബുദം ബാധിച്ച് തിരുവനന്തപുരത്ത് ചികിത്സയിലായിരുന്നു. ബിജെപി നേതാവ് ഒ. രാജഗോപാലിന്റെ മകന്റെ ഭാര്യയാണ്.

◾കോഴിക്കോട് ഗവണ്‍മെന്റ് ബീച്ച് ആശുപത്രിയില്‍ രോഗികള്‍ക്ക് ഇരിക്കാന്‍ കസേരയോ മരുന്നു കഴിക്കാന്‍ കുടിവെള്ളമോ ലഭ്യമാക്കാത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. ചികിത്സയ്ക്കെത്തിയ രോഗി നല്‍കിയ പരാതിയിലാണ് നടപടി.

◾തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മുഖ്യ ആസൂത്രക മുന്‍കാമുകി ഇന്‍ഷയാണെന്ന് പ്രവാസി മുഹിയുദീന്‍ അബ്ദുള്‍ ഖാദറിന്റെ മൊഴി. ഇന്‍ഷയും ദുബൈയിലുള്ള മറ്റൊരു സുഹൃത്തും ചേര്‍ന്നാണ് ആസൂത്രണം ചെയ്തതെന്നാണ് വെളിപ്പെടുത്തല്‍. മുന്‍കാമുകി ഇന്‍ഷയും സഹോദരനും അടക്കം ആറു പേരെയാണ് പൊലീസ് പിടികൂടിയത്.

◾വര്‍ക്കല നഗരസഭയിലെ ബിജെപി അംഗമായ ദളിത് വനിതയെ ജാതി വിളിച്ച് അധിക്ഷേപിച്ചതിനു ബിജെപി നേതാക്കള്‍ക്കെതിരേ കേസ്. പത്താം വാര്‍ഡ് ബിജെപി അംഗം ടി.എസ്. അശ്വതി നല്‍കിയ പരാതിയിലാണ് കേസ്. ബിജെപി വര്‍ക്കല മണ്ഡലം പ്രസിഡന്റും വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷയുമായ ആര്‍.വി. വിജി, നാലാം വാര്‍ഡ് അംഗം വി. സിന്ധു, പതിനെട്ടാം വാര്‍ഡ് അംഗം ഷീന ഗോവിന്ദ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

◾അടിമാലിക്കു സമീപം വീട്ടില്‍ അതിക്രമിച്ചു കയറി ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിയ യുവാവ് പിടിയില്‍. തെള്ളിപ്പടവില്‍ ആശംസിനെയാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റു ചെയ്തത്. കൊന്നത്തടി സ്വദേശി തേക്കനാംകുന്നേല്‍ സിബി, ഭാര്യ ജയ, അമ്മ ശോഭന എന്നിവരെയാണ് ആക്രമിച്ചത്. ഇവരുടെ മകന്റെ സുഹൃത്താണ് പ്രതി ആശംസ്.

◾പാലക്കാട് കയറാടി മാങ്കുറിശ്ശിയില്‍ വീട്ടുവളപ്പിലെ പന മുറിച്ചുമാറ്റുന്നതിനിടെ കയറില്‍ കുടുങ്ങി തടിക്കച്ചവടക്കാരന്‍ മരിച്ചു. പാലക്കാട് അയിലൂര്‍ കരിമ്പാറ ചേവിണി സ്വദേശി യാക്കൂബാണ്(54) മരിച്ചത്.  

◾കൊയിലാണ്ടിയില്‍ ലാബ് ജീവനക്കാരിയെ സ്ഥാപനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ജീവനക്കാരിയായ വയനാട് വൈത്തിരി സ്വദേശി ജസീല തസ്നിയാണ് മരിച്ചത്.

◾ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞു കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍ . കോതമംഗലം മലയന്‍കീഴ് കൂടിയാട്ട് വീട്ടില്‍ അലക്സിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

◾പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ മദ്രസ അദ്ധ്യാപകന് 67 വര്‍ഷം കഠിന തടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചെര്‍പ്പുളശ്ശേരി സ്വദേശി റഷീദിനെയാണ് കുന്നംകുളം അതിവേഗ പ്രത്യേക പോക്സോ കോടതി കോടതി ശിക്ഷിച്ചത്.

◾പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് പോക്സോ കേസ് പ്രതിയെ 24 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച് കോടതി. തേങ്കുറിശ്ശി സ്വദേശി നിത്യനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. ഒന്നേമുക്കാല്‍ ലക്ഷം രൂപ പിഴയും ചുമത്തി.

◾കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് എല്ലാ നേതാക്കളെയും പോലെ ശശി തരൂരും യോഗ്യനാണെന്ന് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ജാതി സമവാക്യങ്ങളടക്കം പരിഗണിക്കും. ശശി തരൂരിനെ പരിഗണിക്കണോയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ തീരുമാനിക്കും. താരിഖ് അന്‍വര്‍ പറഞ്ഞു.

◾അയ്യപ്പന്‍ അടക്കമുള്ള ഹിന്ദു ദൈവങ്ങളെ പരിഹസിച്ചു വിവാദ പ്രസ്താവന നടത്തിയ യുവാവിനെ പൊലീസ് വാനിനുള്ളിലിട്ട് മര്‍ദ്ദിച്ചവര്‍ അറസ്റ്റില്‍. ഇത്തരം വിവാദ പ്രസ്താവനകള്‍ക്കു കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബൈരി നരേഷിനെ (42) അറസ്റ്റു ചെയ്തിരുന്നു. ഇപ്പോള്‍ ലോ കോളജില്‍ ഒരു പരിപാടിക്ക് എത്തിയപ്പോഴാണ് മര്‍ദ്ദനമേറ്റത്.

◾ലിവിങ് ടുഗതര്‍ ബന്ധങ്ങള്‍ക്കു രജിസ്ട്രേഷന്‍ ഏര്‍പ്പെടുത്തണമെന്ന് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ഇത്തരം ബന്ധങ്ങളിലെ പങ്കാളികള്‍ കൊല്ലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടി അഭിഭാഷക മമതാ റാണിയാണ് ഹര്‍ജി നല്‍കിയത്.

◾വ്യവസായി മുകേഷ് അംബാനിക്കും കുടുംബത്തിനും ഇസെഡ് പ്ലസ് സുരക്ഷ നല്‍കണമെന്ന് സുപ്രീംകോടതി. രാജ്യത്തിനകത്തും വിദേശത്തും സുരക്ഷ നല്‍കണം. സുരക്ഷയുടെ ചെലവ് അംബാനി കുടുംബം നല്‍കണമെന്നും വിധിയില്‍ പറയുന്നു.

◾ഇന്ത്യ 'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ' ഭരണാധികാരിയായ നിത്യാനന്ദയെ വേട്ടയാടുന്നുവെന്ന് ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ പരാതിയുമായി കൈലാസ പ്രതിനിധി. മാ വിജയപ്രിയ എന്ന പ്രതിനിധിയാണ് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാംസ്‌കാരിക അവകാശങ്ങള്‍ക്കായുള്ള യോഗത്തില്‍ ഇന്ത്യക്കെതിരേ സംസാരിച്ചത്. ഇന്ത്യയില്‍ ഇയാള്‍ക്കെതിരേയുള്ള ലൈംഗീകാതിക്രമ കേസുകള്‍നിന്ന് രക്ഷപ്പെടാനാണ് നിത്യാനന്ദ രാജ്യം വിട്ടത്. പിന്നീട് സ്വന്തമായി 'കൈലാസ' എന്ന രാജ്യം വാങ്ങി ഭരണാധികാരിയായെന്നാണ് നിത്യാനന്ദയുടെ അവകാശവാദം.  

◾ഇസ്ലാമിക് സ്റ്റേറ്റിന്റെ കൊടുംഭീകരനെ അഫ്ഗാനിലെ താലിബാന്‍ ഭരണകൂടം വധിച്ചു. കാബൂളിലെ ഐ എസിന്റെ ഇന്റലിജന്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ് മേധാവി ഖാരി ഫത്തേയെയാണ് കൊന്നത്. കാബൂളില്‍ നയതന്ത്ര പ്രതിനിധികളെ അടക്കം ആക്രമിക്കാന്‍ ഇയാള്‍ പദ്ധതി തയ്യാറാക്കി വരികയായിരുന്നു.  

◾ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് ഇന്ന് മുതല്‍ ഇഡോന്റില്‍. രാവിലെ 9.30-നാണ് മത്സരം തുടങ്ങുക. നാലു മത്സരങ്ങളുള്ള ടെസ്റ്റില്‍ ആദ്യരണ്ടു കളികളും ജയിച്ചപ്പോള്‍ തന്നെ ഇന്ത്യ പരമ്പര സ്വന്തമാക്കിയത് ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ നിലവിലെ ജേതാക്കളായതുകൊണ്ടാണ്.

◾ഏറ്റവും കൂടുതല്‍ കാലം ലോക ഒന്നാം നമ്പറില്‍ തുടര്‍ന്ന ടെന്നീസ് താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി സെര്‍ബിയന്‍ ഇതിഹാസം നൊവാക് ജോക്കോവിച്ച്. കരിയറില്‍ ഇതുവരെ 378-ആഴ്ചകളാണ് സെര്‍ബിയന്‍ താരം ലോക ഒന്നാം റാങ്കില്‍ തുടര്‍ന്നത്. ജര്‍മന്‍ ഇതിഹാസതാരം സ്റ്റെഫി ഗ്രാഫിന്റെ 377 ആഴ്ചകളുടെ റെക്കോര്‍ഡാണ് ജോക്കോവിച്ച് മറികടന്നത്.

◾നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ മുന്‍ വര്‍ഷം ഇതേ കാലയളവിലെ 11.2 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച 4.4 ശതമാനമായി കുറഞ്ഞു. ചൊവ്വാഴ്ച പുറത്തുവിട്ട സര്‍ക്കാര്‍ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 2021-22ലെ 38.51 ലക്ഷം കോടി രൂപയില്‍ നിന്ന് ക്യു3യിലെ ജിഡിപി 40.19 ലക്ഷം കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്. എന്‍എസ്എസ്ഒ 2021-22ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 8.7 ശതമാനത്തില്‍ നിന്ന് 9.1 ശതമാനമായി ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ജൂണ്‍-സെപ്റ്റംബര്‍ പാദത്തില്‍ സമ്പദ്വ്യവസ്ഥ 6.3 ശതമാനമായി കുറഞ്ഞിരുന്നു, ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 13.5 ശതമാനമായിരുന്നിടത്താണ് ഇത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ച 5.4 ശതമാനമായിരുന്നു. 2022-23ലെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 6.8 ശതമാനമായും മൂന്നാം പാദത്തില്‍ 4.4 ശതമാനമായും ആര്‍ബിഐ പ്രവചിച്ചിരുന്നു.

◾അര്‍ജുന്‍ അശോകനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്'. നവാഗതനായ മാക്സ്വെല്‍ ജോസ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. തന്‍വി റാം ആണ് നായിക. ബിബിന്‍ദാസ്, ബിബിന്‍ വിജയ് എന്ന രണ്ടു ചെറുപ്പക്കാരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പഠിക്കുന്ന സമയത്ത് അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ഇവരെ ദാസനും വിജയനുമെന്ന പേരു ചാര്‍ത്തിയതോടെ ഇവര്‍ ഉറ്റ ചങ്ങാതിമാരുമായി മാറി. ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവര്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്നു. ഇതിനിടയില്‍ പല പ്രതിസന്ധികളാണ് ഇവരെ തേടിയെത്തിയത്. ഇവര്‍ക്കിടയില്‍ കരാട്ടെക്കാരിയായ ഒരു പെണ്‍കുട്ടി എത്തുന്നതോടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ധര്‍മ്മജന്‍, ഇടവേളബാബു, സോഹന്‍ സീനുലാല്‍, മേജര്‍ രവി, അഹമ്മദ് സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, അലന്‍സിയര്‍, ലെന, സരയൂ, നീനാ ക്കുറുപ്പ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. വിദ്യാധരന്‍ മാസ്റ്റര്‍, സുജാത മോഹന്‍, വിനീത് ശ്രീനിവാസന്‍, ആന്റണി ദാസന്‍ എന്നിവരാണ് ഗാനാലാപനം.

◾ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം 'മലൈക്കോട്ടൈ വാലിബനി'ല്‍ ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍ എത്തുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഏകദേശം അമ്പതു വര്‍ഷത്തോളം എതിരാളികളില്ലാതെ അജയ്യനായി ഗുസ്തി ഗോദ ഭരിച്ച താരമാണ് ഗുലം മുഹമ്മദ് ബക്ഷ് ഭട്ട് എന്ന ഗ്രേറ്റ് ഗാമ. ഗാമയായി മോഹന്‍ലാല്‍ എത്തുന്നുവെന്ന വാര്‍ത്ത മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. 1900 കാലഘട്ടത്തില്‍ നടക്കുന്ന കഥ പറയുന്ന മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ് ഈ വര്‍ഷം ജനുവരി പതിനെട്ടിന് രാജസ്ഥാനിലെ ജയ് സാല്‍മീറില്‍ ആരംഭിച്ചിരുന്നു. രാജസ്ഥാനില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന സിനിമയില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ജോണ്‍ മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

◾ജനപ്രിയ മോട്ടര്‍സൈക്കളുകളുടെ പുതിയ പതിപ്പ് അവതരിപ്പിച്ച് യമഹ ഇന്ത്യ. ട്രാക്ഷന്‍ കണ്‍ട്രോള്‍ സഹിതം ഉള്‍പ്പെടുത്തിക്കൊണ്ടാണ് പുതിയ മോഡല്‍ ലൈനപ്പ് യമഹ പുറത്തിറക്കിയത്. എഫ്സി എസ് എഫ്ഐ വി4 ഡീലക്‌സ്, എഫ് സി എക്സ്, എംടി 15 വി2 എന്നീ മോഡലുകളാണ് അവതരിപ്പിച്ചത്. പുതിയ മോഡലുകളില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം ഒരു സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭിക്കും. എഫ്സി എസ് എഫ്ഐ വി4 ഡീലക്‌സ് പതിപ്പിന്റെ ഡല്‍ഹി എക്സ്ഷോറൂം വില 1.27 ലക്ഷം രൂപയാണ്, എഫ്സി എക്സിന്റെ 1.36 ലക്ഷം രൂപയും ആര്‍15 എമ്മിന്റേത് 1.93 ലക്ഷം രൂപയും ആര്‍15 വി4ന്റേത് 1.81 ലക്ഷം രൂപയും എംടി15 വി2 ഡീലക്സിന്റേത് 1.68 ലക്ഷം രൂപയുമാണ്. യമഹ എഫ്സി എസ് എഫ്ഐ വി4 ഡീലക്‌സ് & എഫ്സി എക്സ് പതിപ്പുകള്‍ക്ക് 7,250 ആര്‍പിഎമ്മില്‍ 12.4 പിഎസ് പവറും 5,500 ആര്‍പിഎമ്മില്‍ 13.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും ഇതിന്റെ 149 സിസി എന്‍ജിന്‍. യമഹ ആര്‍ 15 എം & എംടി 15 വി 2 ഡീലക്സ് മോഡലുകളില്‍ ലിക്വിഡ് കൂള്‍ഡ് 155സിസി എഫ്ഐ എന്‍ജിനാണ് ആര്‍ 15 എം, എംടി 15 വി2 ഡീലക്‌സ് എന്നിവയ്ക്ക് കരുത്ത് പകരുന്നത്. 10,000ആര്‍പിഎമ്മില്‍ 18.4പിഎസ് കരുത്തും, 7,500ആര്‍പിഎമ്മില്‍ 14.2എന്‍എം പരമാവധി ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കും ഈ എന്‍ജിന്‍.

◾ചരിത്രം മാത്രമല്ല ഈ പുസ്തകം വരയാടുകളെ കുറിച്ചാണ് പറയുന്നത്. ഈ കുന്നുകളുടെ ആദ്യ അവകാശികളെന്ന് വിശ്വസിക്കുന്ന ആദിവാസി വിഭാഗമായ മുതുവാന്‍ സമുദായത്തെ കുറിച്ചാണ് ഉയരങ്ങളില്‍ മുട്ടയിട്ട് വളരുന്ന ട്രൗട്ട് മല്‍സ്യത്തെക്കുറിച്ചും വ്യാഴവവട്ടത്തിലെരിക്കല്‍ വിരുന്ന് എത്തുന്ന നീലക്കുറിഞ്ഞിയെക്കുറിച്ചുമാണ് മൂന്നാര്‍ മലകളുടെ പെരുമ അഥവാ ആനമുടിക്ക് ചുറ്റുമുള്ള മൂന്നാറിന്റെ വിശേഷങ്ങള്‍. 'മൂന്നാര്‍ - ചരിത്രം വിശേഷങ്ങള്‍'.എം.ജെ ബാബു. സൈന്ധവ ബുക്സ്. വില 209 രൂപ.

◾അമിതമായ സമ്മര്‍ദം മൂലം പലരിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മൈഗ്രെയ്ന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ കാണപ്പെടാറുണ്ട്. മൈഗ്രെയ്ന്‍ മൂലം തലയില്‍ നേരിയ വേദനയും ചിലപ്പോള്‍ കഠിനമായ വേദനയും ഉണ്ടാകും. ചില നേരത്ത് ഈ വേദന അസഹനീയമായിത്തീരും. ജലദോഷം, മാനസിക പിരിമുറുക്കം, ഞരമ്പുകളിലെ പിരിമുറുക്കം, ക്ഷീണം, മലബന്ധം, രക്തക്കുറവ് തുടങ്ങിയ കാരണങ്ങളാലും ആളുകളില്‍ മൈഗ്രെയ്ന്‍ പ്രശ്നമുണ്ടാകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൈഗ്രെയ്ന്‍ എന്ന പ്രശ്നത്തില്‍ നിന്ന് മുക്തി നേടാന്‍ നമ്മുടെ ഡയറ്റില്‍ ചില ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താം. മൈഗ്രെയ്ന്‍ അകറ്റാന്‍ നിങ്ങള്‍ക്ക് ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാം. ഡാര്‍ക്ക് ചോക്ലേറ്റില്‍ മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ അകറ്റുന്നു. അതിനാല്‍ ഇത് സ്ഥിരമായി കഴിച്ചാല്‍ മൈഗ്രെയ്ന്‍ പ്രശ്നത്തില്‍ നിന്നും മോചനം ലഭിക്കും. പഴത്തില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവ ധാരാളമായി കാണപ്പെടുന്നു വാഴപ്പഴം പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കുന്നു. ഇതോടൊപ്പം, രക്തത്തിലെ പഞ്ചസാര, മൈഗ്രെയ്ന്‍ എന്നിവ നിയന്ത്രിക്കാനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ വാഴപ്പഴം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. മൈഗ്രെയ്ന്‍ എന്ന പ്രശ്നത്തില്‍ നിന്ന് മുക്തി നേടാന്‍, നിങ്ങളുടെ ഭക്ഷണത്തില്‍ സമുദ്ര വിഭവങ്ങള്‍ അഥവാ സീ ഫുഡ്‌സ് ഉള്‍പ്പെടുത്താവുന്നതാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളുള്‍പ്പെടെയുളള പല ഗുണങ്ങളും കടല്‍ ഭക്ഷണങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു. ചൂര, സാല്‍മണ്‍ മത്സ്യം, ചെമ്മീന്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ബദാം കഴിക്കുന്നത് ഓര്‍മശക്തിയെ ശക്തിപ്പെടുത്തുന്നതിനൊപ്പം തലച്ചോറിനും നല്ലതാണ്. ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ സമ്മര്‍ദ്ദം കുറയ്ക്കാം. അതേസമയം, ഇത് ദിവസവും കഴിക്കുന്നത് മൈഗ്രേന്‍ എന്ന പ്രശ്നത്തില്‍ നിന്ന് മുക്തി നേടാനും സഹായിക്കും. നെല്ലിക്കയില്‍ ധാരാളം അവശ്യ പോഷകങ്ങള്‍ കാണപ്പെടുന്നുണ്ട്. മൈഗ്രേന്‍ എന്ന പ്രശ്നത്തില്‍ നിന്ന് മുക്തി നേടാന്‍ നെല്ലിക്ക കഴിക്കാവുന്നതാണ്. കറ്റാര്‍ വാഴയുടം നീരും കഴിക്കാവുന്നതാണ്.

*ശുഭദിനം*


അയാള്‍ വീടിന് മുകളിലത്തെ നിലയില്‍ നില്‍ക്കുമ്പോഴാണ് വഴിയില്‍ ഒരു പത്ത് വയസ്സുതോന്നിക്കുന്ന ഒരു കുട്ടിയുടെ ചുറ്റും കുറെ കുട്ടികള്‍ നില്‍ക്കുന്നത് അയാള്‍ ശ്രദ്ധിച്ചത്. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ ആ കുട്ടികള്‍ എല്ലാം പോയി. ആ പത്തുവയസ്സുകാരന്‍ ഒറ്റയ്ക്കായി. അയാള്‍ ആ ബാലനോട് ചോദിച്ചു: നിങ്ങള്‍ എന്തെടുക്കുകയായിരുന്നു? അവന്‍ പറഞ്ഞു: ഞാന്‍ അവര്‍ക്ക് ഒന്നാം ക്ലാസ്സിലെ പാഠം പഠിപ്പിക്കുകയായിരുന്നു. അത്ഭുതത്തോടെ അയാള്‍ ചോദിച്ചു: നീ എന്താണ് ഒന്നാം ക്ലാസ്സില്‍ പഠിച്ചത്? താങ്കള്‍ എന്താണ് ഒന്നാം ക്ലാസ്സില്‍ പഠിച്ചത്? അവന്‍ തിരിച്ചു അയാളോട് ചോദിച്ചു. അക്ഷരങ്ങളും അക്കങ്ങളും: അയാള്‍ മറുപടി പറഞ്ഞു. അപ്പോള്‍ അവന്‍ പറഞ്ഞു: ഞാന്‍ പഠിപ്പിച്ചത് ശ്വസിക്കാനാണ്. അതെന്തിന് പഠിക്കണം എന്ന സംശയം അയാളിലുണ്ടെന്ന് മനസ്സിലാക്കിയ അവന്‍ പറഞ്ഞു: പിരിമുറുക്കം വരുമ്പോഴും ദേഷ്യപ്പെടുമ്പോഴും സന്തോഷിക്കുമ്പോഴും സങ്കടം വരുമ്പോഴുമെല്ലാം വ്യത്യാസം വരുന്നത് ശ്വസനത്തിനാണ്. ജനനം മുതല്‍ മരണം വരെ കുടെയുള്ളതും ശ്വാസം മാത്രമാണ്. ശ്വാസം ക്രമപ്പെടുത്താന്‍ പഠിച്ചാല്‍ പിന്നെ മറ്റെല്ലാം മെച്ചപ്പെടും. വേണ്ടാത്തതെല്ലാം പഠിപ്പിക്കുന്നു എന്നതിനേക്കാള്‍ വേണ്ടതൊന്നും പഠിപ്പിക്കുന്നില്ല എന്നതാണ് മിക്ക പഠനക്രിയകളുടേയും വലിയ ദുരന്തം. അറിവിന്റെ കൊടുമുടിയിലേക്കു നയിക്കുന്ന പരീക്ഷകളും അവയില്‍ വെന്നിക്കൊടി പാറിച്ചുകൊണ്ടുളള വിജയങ്ങളുമാകുമ്പോള്‍ സാധാരണ വിദ്യാഭ്യാസം പൂര്‍ത്തിയാകും. എന്നാല്‍ അറിവ് ശേഖരണത്തിന് വേണ്ടിയുള്ളതെല്ലാം പഠിച്ചുകഴിഞ്ഞിട്ടും ജീവിതസന്ധാരണത്തിന് വേണ്ടതൊന്നും നേടിയില്ലെങ്കില്‍ അത്രയും വര്‍ഷങ്ങള്‍ പുസ്തകങ്ങളടെ മുന്നില്‍ ചെലവഴിച്ചത് വെറുതെയാകും. നമുക്ക് പാഠപുസ്തകളിലൂടെയുള്ള പഠനം മാത്രമല്ല, ജീവിക്കാനും പഠിക്കാം - *ശുഭദിനം.*