ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തിരുവനന്തപുരം നഗരം; ഇനി 2 നാൾ

ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തിരുവനന്തപുരം നഗരം. മുൻ വർഷങ്ങളെക്കാൾ ഭക്തരുടെ എണ്ണത്തിൽ വർധന ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുരക്ഷയ്ക്കായി 3300 പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ 150 വൊളന്റിയർമാർ, അഗ്നി രക്ഷാ സേനയുടെ 250 ജീവനക്കാർ തുടങ്ങിയവർ സേവനത്തിനുണ്ടാകും. കെഎസ്ആർടിസി 400 സർവീസുകൾ നടത്തും. 1270 പൊതു ടാപ്പുകൾ സജ്ജീകരിച്ചു. ശുചീകരണത്തിന് മൂവായിരം പേരെ കോർപറേഷൻ ഏർപ്പാടാക്കിയിട്ടുണ്ടെന്നും ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.ചൊവ്വാഴ്ച രാവിലെ 10.20 നാണ് അടുപ്പുവെട്ട്. ഉച്ചയ്ക്ക് 2.30 ന് നിവേദ്യം. അന്ന് രാത്രി കുത്തിയോട്ട വ്രതക്കാർക്കുള്ള ചൂരൽകുത്ത്. രാത്രി 10.15 ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. അടുത്ത ദിവസം രാവിലെ തിരിച്ചെഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയ ശേഷം രാവിലെ 8 ന് ദേവിയെ അകത്ത് എഴുന്നള്ളിക്കും. രാത്രി 9.15 ന് കാപ്പഴിക്കും. പുലർച്ചെ ഒന്നിന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ ഉത്സവത്തിനു സമാപനമാകും.തിരുവനന്തപുരം നഗരസഭയും പൊങ്കാലയ്ക്കുള്ള പ്രവർത്തനങ്ങളിൽ മുന്നിലുണ്ട്. ആരോഗ്യ വകുപ്പിന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും കൺട്രോൾ റൂമുകളും ക്ഷേത്ര പരിസരത്ത് സജ്ജമാക്കിയിട്ടുണ്ട്. ആംബുലൻസ് ഉൾപ്പെടെയുള്ള 10 മെഡിക്കൽ ടീമുകളെ രാവിലെ അഞ്ച് മണി മുതൽ പൊങ്കാല അവസാനിക്കുന്നതുവരെ നിയോഗിക്കും.