അപൂർവങ്ങളില്‍ അപൂർവം; ടെസ്റ്റിലെ നമ്പർ 1 ബൗളർമാർ മറ്റൊരു നേട്ടത്തിലും ഒരേ കസേരയില്‍

അഹമ്മദാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ ബൗളർമാരില്‍ ഒന്നാം റാങ്ക് പങ്കിടുകയാണ് ഇന്ത്യന്‍ സ്‍പിന്നർ രവിചന്ദ്രന്‍ അശ്വിനും ഇംഗ്ലണ്ട് പേസർ ജയിംസ് ആന്‍ഡേഴ്സണും. കഴിഞ്ഞ ദിവസമാണ് ഇരുവരും റാങ്കിംഗില്‍ ഒപ്പമെത്തിയത്. അശ്വിനും ജിമ്മിക്കും നിലവില്‍ 859 റേറ്റിംഗ് പോയിന്‍റ് വീതമാണുള്ളത്. മറ്റൊരു കാര്യത്തിലും നിലവില്‍ ഇരുവരും ഒരേ സ്ഥാനം പങ്കിടുകയാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടത്തിന്‍റെ കാര്യത്തിലാണിത്. ജിമ്മിക്കും അശ്വിനും 32 വീതം അഞ്ച് വിക്കറ്റ് നേട്ടങ്ങളായി. അഹമ്മദാബാദിലെ പ്രകടനത്തോടെ പുതുക്കിയ ടെസ്റ്റ് റാങ്കിംഗ് വരുമ്പോള്‍ അശ്വിന്‍ കൂടുതല്‍ നേട്ടമുണ്ടാക്കാനാണ് സാധ്യത. ബോർഡർ-ഗാവസ്കർ ട്രോഫിലെ അഹമ്മദാബാദ് ടെസ്റ്റില്‍ ആറ് വിക്കറ്റ് പ്രകടനവുമായാണ് ആർ അശ്വിന്‍ റെക്കോർഡ് ബുക്കില്‍ ഇടംപിടിച്ചത്. അഹമ്മദാബാദില്‍ 47.2 ഓവറില്‍ 91 റണ്‍സ് വിട്ടുകൊടുത്താണ് ആർ അശ്വിന്‍ ആറ് ഓസീസ് ബാറ്റർമാരെ മടക്കിയത്. ഓപ്പണർ ട്രാവിസ് ഹെഡ്(32), കന്നി സെഞ്ചുറിക്കാരന്‍ കാമറൂണ്‍ ഗ്രീന്‍(114), അലക്സ് ക്യാരി(0), മിച്ചല്‍ സ്റ്റാർക്ക്(6), നേഥന്‍ ലിയോണ്‍(34), ടോഡ് മർഫി(41) എന്നിവർ അശ്വിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.  അശ്വിന്‍റെ ആറ് വിക്കറ്റ് നേട്ടത്തിനിടയിലും ഓസ്ട്രേലിയ കൂറ്റന്‍ സ്കോർ അഹമ്മദാബാദില്‍ സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സില്‍ ഓസീസ് 167.2 ഓവറില്‍ 480 റണ്‍സടിച്ചുകൂട്ടി. 422 പന്ത് നേരിട്ട് 180 റണ്‍സ് നേടിയ ഉസ്മാന്‍ ഖവാജയുടെ തകർപ്പന്‍ ഇന്നിംഗ്സാണ് സന്ദർശകർക്ക് കരുത്തായത്. ഖവാജയ്ക്കൊപ്പം 150 റണ്‍സിലേറെ കൂട്ടുകെട്ടുമായി കാമറൂണ്‍ ഗ്രീനും ശ്രദ്ധേയമായി. ഗ്രീന്‍ 170 പന്തില്‍ 114 റണ്‍സെടുത്തു. ഗ്രീനിന്‍റെ കന്നി ടെസ്റ്റ് സെഞ്ചുറിയാണിത്. അശ്വിന്‍റെ ആറിന് പുറമെ പേസർ മുഹമ്മദ് ഷമി രണ്ടും സ്പിന്നർമാരായ രവീന്ദ്ര ജഡേജയും അക്സർ പട്ടേലും ഓരോ വിക്കറ്റും നേടി. മറുപടി ബാറ്റിംഗില്‍ വിക്കറ്റ് നഷ്ടമില്ലാതെ 36 റണ്‍സെന്ന നിലയില്‍ ഇന്ത്യ രണ്ടാം ദിനം അവസാനിപ്പിച്ചു. രോഹിത് ശർമ്മ 17 ഉം ഗില്‍ 18 ഉം റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്നു.