ഏകദിന ലോകകപ്പ് ഒക്ടോബര്‍ അഞ്ചിന് തുടങ്ങും, ഫൈനല്‍ നവംബര്‍ 19ന്

മുംബൈ: ഈ വര്‍ഷം അവസാനം ഇന്ത്യ വേദിയാവുന്ന ഏകദിന ലോകകപ്പ് ഒക്ടോബര്‍ അഞ്ചിന് തുടങ്ങും. നവംബര്‍ 19ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാകും ഫൈനല്‍ എന്ന് 'ക്രിക് ഇന്‍ഫോ' റിപ്പോര്‍ട്ട് ചെയ്തു.11 നഗരങ്ങളെ ലോകകപ്പ് വേദികളായി ബിസിസിഐ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 10 ടീമുകളായിരിക്കും ഫൈനല്‍ റൗണ്ടില്‍ മത്സരിക്കാനുണ്ടാകുക.അഹമ്മദാബാദിന് പുറമെ ബെംഗളൂരു, ചെന്നൈ, ഡല്‍ഹി. ധര്‍മശാല, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്നൗ, ഇന്‍ഡോര്‍, രാജ്കോട്ട്, മുംബൈ എന്നിവിടങ്ങളായിരിക്കും ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദികളാകുക. 46 ദിവസം നീണ്ടു നില്‍ക്കുന്ന ലോകകപ്പില്‍ മൂന്ന് നോക്കൗട്ട് മത്സരങ്ങള്‍(സെമി ഫൈനല്‍, ഫൈനല്‍) ഉള്‍പ്പെടെ 48 മത്സരങ്ങളായിരിക്കും ഉണ്ടായിരിക്കുക.