രണ്ടാം ദിനം ഇന്ത്യൻ തിരിച്ചുവരവ്; 197 റൺസിൽ ഓസീസ് ഓൾ ഔട്ട്, 88 റൺസ് ലീഡ്

ഇൻഡോർ• ബോർഡർ– ഗാവസ്കർ ട്രോഫി മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഓസ്ട്രേലിയയെ 197 റൺസിനു പുറത്താക്കി ഇന്ത്യ. 88 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായാണ് രണ്ടാം ദിനം ആദ്യ സെഷനിൽ തന്നെ ഓസീസ് മടങ്ങിയത്. നാലു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഓസ്ട്രേലിയയെ 41 റണ്‍സ് കൂട്ടിച്ചേർക്കുന്നതിനിടെ ഇന്ത്യ പുറത്താക്കുകയായിരുന്നു.കാമറൂൺ ഗ്രീനിന്റെ നിര്‍ണായക വിക്കറ്റടക്കം വീഴ്ത്തിയ പേസർ ഉമേഷ് യാദവ് രണ്ടാം ദിനം കളി ഇന്ത്യയുടെ നിയന്ത്രണത്തിലാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അഞ്ച് ഓവറുകള്‍ പന്തെറിഞ്ഞ താരം 12 റൺസ് മാത്രം വിട്ടുകൊടുത്തു മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ആദ്യ ദിനം രവീന്ദ്ര ജഡേജ നാലു വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു. മൂന്നു വിക്കറ്റു നേടി ആർ. അശ്വിനും കരുത്തുകാട്ടി.തുടക്കത്തിൽ തന്നെ ഓപ്പണർ ട്രാവിസ് ഹെഡിനെ (ആറ് പന്തിൽ ഒൻപത്) നഷ്ടമായെങ്കിലും ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ എന്നിവരുടെ ബാറ്റിങ് കരുത്തിൽ ആദ്യ ദിനം ഓസീസ് മുന്നേറിയിരുന്നു. അർധ സെഞ്ചറി നേടിയ ഖവാജ 147 പന്തിൽ 60 റൺസെടുത്താണു പുറത്തായത്. മാർനസ് ലബുഷെയ്ൻ (91 പന്തില്‍ 31), സ്റ്റീവ് സ്മിത്ത് (38 പന്തിൽ 26) എന്നിങ്ങനെയാണു ആദ്യ ദിവസം പുറത്തായ മറ്റ് ഓസീസ് താരങ്ങളുടെ സ്കോറുകൾ. രണ്ടാം ദിവസം ഓസ്ട്രേലിയൻ മധ്യനിരയെ തകർത്തെറിഞ്ഞ് ഇന്ത്യ കളി നിയന്ത്രണത്തിലാക്കി.പീറ്റർ ഹാന്‍ഡ്സ്കോംബ് (98 പന്തിൽ 19), കാമറൂൺ ഗ്രീൻ (57 പന്തിൽ 21), അലക്സ് കാരി (ഏഴു പന്തിൽ മൂന്ന്), മിച്ചൽ സ്റ്റാർക്ക് (മൂന്ന് പന്തിൽ ഒന്ന്), നേഥൻ ലയൺ (എട്ടു പന്തിൽ അഞ്ച്) എന്നിങ്ങനെയാണ് രണ്ടാം ദിനം പുറത്തായ ഓസീസ് താരങ്ങൾക്കു നേടാനായ റൺസ്. മിച്ചൽ സ്റ്റാർക്കിനെ പുറത്താക്കിയതോടെ ഉമേഷ് യാദവ് ഇന്ത്യയിൽ നൂറാം ടെസ്റ്റ് വിക്കറ്റെന്ന നേട്ടം സ്വന്തമാക്കി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 109 റണ്‍സിന് പുറത്ത‌ായിരുന്നു. എടുത്തു പറയാവുന്ന പ്രകടനങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ആദ്യ ഇന്നിങ്സിലെ ബാറ്റിങ് അവസാനിപ്പിച്ചത്. 52 പന്തിൽ 22 റൺസെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഓസീസിനായി സ്പിന്നർ മാത്യു കോനമൻ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. നേഥൻ ലയൺ മൂന്നും ടോഡ് മർഫി ഒരു വിക്കറ്റും സ്വന്തമാക്കി.മികച്ച തുടക്കം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യ തകർച്ചയോടെയാണു തുടങ്ങിയത്. സ്കോർ 27ൽ നിൽക്കെ ആദ്യം പുറത്തായത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. 23 പന്തിൽ 12 റൺസെടുത്ത രോഹിത് ശർമയെ കോനമന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരി സ്റ്റംപ് ചെയ്താണു പുറത്താക്കിയത്. കെ.എൽ. രാഹുലിനു പകരമെത്തിയ ശുഭ്മൻ ഗിൽ നിരാശപ്പെടുത്തി. 21 റൺസെടുത്ത ഗില്ലിനെ കോനമന്റെ പന്തിൽ ഓസ്ട്രേലിയ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്താണു മടക്കിയത്.ചേതേശ്വർ പൂജാര (നാല് പന്തിൽ ഒന്ന്), രവീന്ദ്ര ജഡേജ (ഒൻപതു പന്തിൽ നാല്), ശ്രേയസ് അയ്യർ (രണ്ട് പന്തിൽ പൂജ്യം) എന്നിവരും പിന്നാലെ മടങ്ങിയതോടെ ഇന്ത്യ കടുത്ത പ്രതിരോധത്തിലായി. വിരാട് കോലി പിടിച്ചു നില്‍ക്കാൻ ശ്രമിച്ചെങ്കിലും 52 പന്തിൽ 22 റണ്‍സെടുത്തു പുറത്തായി. സ്പിന്നർ ടോഡ് മര്‍ഫിയുടെ പന്തിൽ കോലി എൽബി ആകുകയായിരുന്നു. ശ്രീകർ ഭരതിനെ (30 പന്തിൽ 17) നേഥൻ ലയൺ ബോൾഡാക്കി.പിന്നീട് അക്സർ പട്ടേൽ– ആർ. അശ്വിൻ സഖ്യത്തിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാൽ 29–ാം ഓവറിൽ‌ കുനേമന്റെ പന്തിൽ അലക്സ് കാരിയുടെ ക്യാച്ചിൽ അശ്വിൻ പുറത്തായി. 12 പന്തിൽ മൂന്നു റൺസ് മാത്രമാണ് അശ്വിൻ നേടിയത്. രണ്ടു സിക്സും ഒരു ഫോറുമുൾപ്പെടെ വാലറ്റത്ത് 17 റൺസ് നേടിയ ഉമേഷ് യാദവാണ് ഇന്ത്യൻ സ്കോർ 100 കടത്തിയത്. 33 പന്തിൽ 12 റണ്‍സുമായി അക്ഷർ പട്ടേൽ പുറത്താകാതെ നിന്നു.