പ്രണയനൈരാശ്യത്തിലായ 17കാരിയെ ആശ്വസിപ്പിക്കാനെത്തി, സംസാരത്തിനിടെ പെണ്‍കുട്ടി പുഴയിലേക്ക് ചാടി; രക്ഷിക്കാന്‍ പിന്നാലെ ചാടിയ സുഹൃത്ത് മരിച്ചു

ആലുവയില്‍ പുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ സുഹൃത്ത് മരിച്ചു. പെരുമ്പാവൂര്‍ അല്ലപ്ര നടുവിലേടത്ത് വീട്ടില്‍ ഗൗതം (17) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി മാര്‍ത്താണ്ഡ വര്‍മ പാലത്തിനു മുകളില്‍നിന്നാണ് ഇരുവരും ചാടിയത്. 

പ്ലസ് ടു വിദ്യാര്‍ഥികളാണ് ഇരുവരും. ചെങ്ങന്നൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി പാലാരിവട്ടത്താണ് വാടകയ്ക്ക് താമസിക്കുന്നത്. കഴിഞ്ഞ ദിവസം 17കാരിയുടെ പ്രണയബന്ധം തകര്‍ന്നിരുന്നു. ഇതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു പെണ്‍കുട്ടി. ഇക്കാര്യം അറിഞ്ഞ് പെണ്‍കുട്ടിയെ ആശ്വസിപ്പിക്കാനെത്തിയതാണ് സുഹൃത്തായ ഗൗതം. 

സംസാരത്തിനിടെ പൊട്ടിക്കരഞ്ഞ പെണ്‍കുട്ടി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. ഇതോടെ സുഹൃത്തിനെ രക്ഷിക്കാന്‍ ഗൗതം പിന്നാലെ ചാടി. ഇതിനിടെ ഇരുവരും വെള്ളത്തില്‍ വീഴുന്നതു കണ്ട മീന്‍ പിടിത്തക്കാര്‍ രക്ഷിക്കാനെത്തി. രണ്ട് പേരെയും ഉടന്‍ തന്നെ ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗൗതമിന്റെ ജീവന്‍ രക്ഷിക്കാനായില്ല.