വിവാഹം കഴിക്കാമെന്ന് ഉറപ്പ്, പിന്നെ കാലുമാറ്റം: കൊല്ലത്ത് 17 കാരിയുടെ ആത്മഹത്യയിൽ സുഹൃത്ത് പിടിയിൽ

കൊല്ലം: കൊല്ലത്ത് പതിനേഴുകാരി ജീവനൊടുക്കിയ സംഭവത്തില്‍ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാമ്പളളി സ്വദേശിയായ അഖിലാണ് പിടിയിലായത്. ഫെബ്രുവരി 25ന് രാവിലെയാണ് പതിനേഴുകാരിയെ വീടിനുള്ളിൽ  തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.  സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അഖിലിനെ ബെംഗളൂരുവില്‍ നിന്നാണ് പിടികൂടിയത്. അഖിൽ മകളെ പീഡിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ടതാണന്ന് ആരോപിച്ച് കുട്ടിയുടെ അമ്മ മുഖ്യമന്ത്രിക്കും  ഡിജിപിക്കും പരാതി നൽകിയിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പതിനേഴുകാരിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം കണ്ടെത്തിയത്. പെണഅ‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്ന യുവാവ് പിന്നീട് ബന്ധത്തില്‍ നിന്നും പിന്മാറിയിരുന്നു. ഇതിന്‍റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ്  പെണ്‍കുട്ടി അഖിലിനെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും. രണ്ടു വർഷത്തോളം ഇരുവരും പ്രണയിച്ചു. അഖില്‍ പെൺകുട്ടിക്ക് ഫോണ്‍ വാങ്ങിനൽകിയിരുന്നു. വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കിയെങ്കിലും അഖില്‍  പിന്നീട് ബന്ധത്തില്‍ നിന്നും പിന്മാറി. ഇതിന്റെ മനോവിഷമത്തിൽ പെണ്‍കുട്ടി ജീവനെടുക്കുകയായിരുന്നു. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തിയാണ്  അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. പലപ്രാവശ്യം വിലക്കിയിട്ടും അഖിൽ പെൺകുട്ടിയെ ശല്യം ചെയ്തെന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. അഖിലിന്‍റെ ശല്യം കൂടിയതോടെ മകളെ  കട്ടപ്പനയിലെ ബന്ധുവീട്ടിലേക്ക് വരെ മാറ്റിയിരുന്നുവെന്നാണ് വീട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച പെൺകുട്ടിയുമായി ഇയാൾ വഴിയിൽവച്ച് സംസാരിക്കുന്നത് നാട്ടുകാർ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. പെണ്‍കുട്ടിയുടെ അമ്മ ജോലി കഴിഞ്ഞെത്തിയപ്പോഴാണ്  മകളെ ജീവനെടുക്കിയ നിലയില്‍ കണ്ടെത്തിയത്.