രാജ്യത്തെ അവശ്യമരുന്നുകൾക്ക് ഏപ്രിൽ ഒന്നുമുതൽ വൻതോതിൽ വില കൂടും. 12 ശതമാനംവരെ വിലവർധനയ്ക്കാണ് നിർമാതാക്കൾക്ക് അനുമതി നൽകുന്നത്. ഇതിനുപുറമേ അവശ്യമരുന്ന് പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾക്കും 10 ശതമാനംവരെ വിലകൂടും. ചികിത്സച്ചെലവ് വൻതോതിൽ കൂടാൻ ഇത് വഴിയൊരുക്കും.
ആദ്യമായാണ് ഇത്രയും വലിയ വിലവർധന നടപ്പാവുന്നത്. 384 തന്മാത്രകളടങ്ങുന്ന ഔഷധങ്ങളാണ് അവശ്യമരുന്നു പട്ടികയിലുള്ളത്. ഏതാണ്ട് 900 മരുന്നുകൾ ഇതിൽ ഉൾപ്പെടും. നിയന്ത്രണത്തിന് വിധേയമായി കുറഞ്ഞ വിലയിലാണ് ഇവ വിൽക്കുന്നത്. മൊത്തവ്യാപാര വിലസൂചികയിലെ വർധന അടിസ്ഥാനമാക്കി നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റിയാണ് (എൻ.പി.പി.എ.) നിർമാതാക്കൾക്ക് വിലവർധയ്ക്ക് അനുമതി നൽകുന്നത്.
_അവശ്യമരുന്നുകളും പൊള്ളും_
പ്രമേഹം, അമിതരക്തസമ്മർദം, ഹൃദ്രോഗം, കൊഴുപ്പിലെ വ്യതിയാനങ്ങൾ തുടങ്ങി വിവിധ ജീവിതശൈലീ രോഗമുള്ളവർ ദിവസവും മരുന്നുകഴിക്കേണ്ടതുണ്ട്. പലർക്കും ഒന്നിലധികം അസുഖങ്ങളുമുണ്ടാകും. ഇത്തരം രോഗികൾക്ക് വിലവർധന കനത്ത തിരിച്ചടിയാവും.
കാൻസർ മരുന്നുകൾ, വേദനസംഹാരികൾ, ആന്റിബയോട്ടിക്കുകൾ, അലർജി മരുന്നുകൾ, നാഡി സംബന്ധമായ മരുന്നുകൾ ഇവയ്ക്കെല്ലാമാണ് വില വർധന ഉണ്ടാകുന്നത്