Megha-Tropiques-1: കാലഹരണപ്പെട്ട ഉപഗ്രഹം ഭൂമിയിൽ വിജയകരമാായി തിരിച്ചിറക്കി ഐഎസ്ആർഒ. 2011 ഒക്ടോബർ 12ന് വിക്ഷേപിച്ച മേഘാ ട്രോപിക്‌സ്-1 എന്ന ഉപഗ്രഹമാണ് തിരിച്ചിറക്കിയത്. കാലാവസ്ഥാ ഉപഗ്രഹമാണിത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഉപഗ്രഹം പസഫിക് സമുദ്രത്തിൽ പതിക്കുകയായിരുന്നു. ഐഎസ്ആർഒയും ഫ്രാൻസിന്റെ ബഹിരാകാശ ഏജൻസിയായ സിഎൻഇഎസും ചേർന്നാണ് ഈ ഉപഗ്രഹം ഒരുക്കിയത്. തെക്കേ അമേരിക്കയിൽ പെറുവിന്റെ തലസ്ഥാനമായ ലിമയിൽ നിന്ന് ഏകദേശം 3800 കിലോമീറ്റർ അകലെയാണ് ഉപഗ്രഹം ഇറക്കിയത്. കാലഹരണപ്പെട്ട ഉപഗ്രഹത്തിൽ 125 കിലോഗ്രാം ഇന്ധനം അവശേഷിച്ചിരുന്നു. 870 കിലോമീറ്റർ ഭ്രമണപഥത്തിലായിരുന്ന ഉപഗ്രഹം 300 കിലോമീറ്റർ ഭ്രമണപഥത്തിലേക്കു താഴ്ത്തി പലതവണ ഭൂമിയെ ചുറ്റി ഇന്ധനത്തിന്റെ അളവ് കുറച്ച ശേഷമാണ് തിരിച്ചിറക്കിയത്.തുടക്കത്തിൽ മൂന്ന് വർഷത്തെ സേവനമാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും പിന്നീട് 2021 വരെ ഒരു ദശാബ്ദകാലം ഈ ഉപഗ്രഹം വിവര ശേഖരണം നടത്തി. ഉഷ്ണമേഖലാ കാലാവസ്ഥാ നിരീക്ഷണമായിരുന്നു പ്രധാന ദൗത്യം. ഐക്യരാഷ്ട്ര സഭയുടെ നിർദേശം അനുസരിച്ച് കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങൾ ഓർബിറ്റിൽ നിന്ന് മാറ്റണം. ബഹിരാകാശ മാലിന്യം വലിയ പ്രതിസന്ധിയാകുന്ന സാഹചര്യത്തിലാണ് ഉപഗ്രഹം തിരിച്ചിറക്കുന്നത്.