തിയറ്റർ റിവ്യൂസിന് വിലക്ക് ഏർപ്പെടുത്തി ഫിയോക്

തിയറ്ററിനകത്തെ വിഡിയോ ഫിലിം റിവ്യൂകൾക്ക് തിയറ്റർ സംഘടനായായ ഫിയോക് വിലക്കേർപ്പെടുത്തി. ഇന്ന് ചേർന്ന ഫിലിം ചേംബർ യോഗത്തിലാണ് തീരുമാനം. ഒടിടി റിലീസിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 42 ദിവസത്തിന് മുമ്പ് ഒടിടി റിലീസ് അനുവദിക്കില്ല. മാർച്ച് 31 നുള്ളിൽ ഒടിടി പ്ലാറ്റ്‌ഫോമുകളുമായി കരാർ ഒപ്പിട്ടവർക്ക് ഇളവുണ്ട്. ആ സിനിമകൾ 30 ദിവസത്തിന് ശേഷം ഒടിടിക്ക് വിടാമെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.‘‘തിയറ്ററിനകത്തു കയറിയുള്ള ഓൺ‌ലൈൻ ഫിലിം റിവ്യു െചയ്യുന്നത് നിരോധിക്കുകയാണ്. ഓൺൈലൻ മീഡിയ തെറ്റായ നിരൂപണങ്ങളാണ് സിനിമയ്ക്കു കൊടുക്കുന്നത്. ചിലരെ മാത്രം ലക്ഷ്യം വച്ചും റിവ്യൂസ് ചെയ്യുന്നുണ്ട്. അതുമൂലം സിനിമയുടെ കലക്‌ഷനെ വല്ലാതെ ബാധിക്കുന്നുണ്ട്. നിർമാതാക്കളുടെ ഭാഗത്തുനിന്നും ഇതുമായി ബന്ധപ്പെട്ട് വലിയ സമ്മർദമുണ്ടായിരുന്നു. തിയറ്റർ കോംപൗണ്ടിന് പുറത്തുനിന്ന് എന്തുവേണമെങ്കിലും ചെയ്യാം.‘‘എല്ലാ തിയറ്ററുകളിലേക്കും അറിയിപ്പ് പോയിട്ടുണ്ട്. റിവ്യൂ ചെയ്യാൻ വരുന്ന ഒരു മീഡിയയെയും തിയറ്ററിനുള്ളിൽ കയറ്റില്ല. യൂട്യൂബ് റിവ്യൂവേഴ്സിനെ വിലക്കാൻ ‍ഞങ്ങൾക്കാകില്ല. അതുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.’’–വിജയകുമാർ പറയുന്നു.ചിത്രങ്ങളുടെ റിലീസ് ദിവസവും അതിനടുത്ത ദിവസങ്ങളിലും ഓൺലൈൻ മാധ്യമങ്ങൾ നിരൂപണവും, ഇകഴ്ത്തലുകളും നടത്തുന്നത് പല സിനിമകളുടെയും കലക്‌ഷനെ ബാധിക്കുന്നതിനാൽ അത്തരത്തിലുളള പ്രവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ട് നിർമാതാക്കളുടെ സംഘടന ഫിയോക്കിന് കത്ത് എഴുതിയിരുന്നു. സിനിമകളുടെ വാണിജ്യ മൂല്യം ഇടിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം ചർച്ചകൾക്ക് തമിഴ്നാട് സർക്കാരും മുൻപ് വിലക്കേർപ്പെടുത്തിരുന്നു.