'ആ ദൃശ്യങ്ങൾ ലോറി ഡ്രൈവറെ മർദ്ദിക്കുന്നതല്ല'; വൈറൽ വീഡിയോയുടെ സത്യം പറഞ്ഞ് പൊലീസ്

തൃശൂര്‍: ലോറി ഡ്രൈവറെ മർദ്ദിക്കുന്നതെന്ന രീതിയിൽ ഫേസ്ബുക്ക്, വാട്സ് ആപ് ഉൾപ്പെടെയുള്ള സോഷ്യൽമീഡിയിയിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ സംഭവവുമായി ബന്ധമില്ലാത്തതാണെന്ന് പൊലീസ്.  സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്ന വീഡിയോ തൃശൂർ ജില്ലയിലെ ചെറുശ്ശേരിയിൽ  2022 ഡിസംബർ മാസം  നടന്ന സംഭവത്തിന്റേതാണെന്ന് പൊലീസ് വ്യക്തമാക്കി. പൊലീസ്  നടപടി ആരംഭിച്ചിട്ടുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. തൃശൂർ വല്ലച്ചിറയിൽ ലോറി ഡ്രൈവറെ ശമ്പളം ചോദിച്ചതിന് ഉടമ മർദ്ദിച്ചെന്ന രീതിയിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്.കുട്ടിയെ ഉപദ്രവിച്ചതിനാലാണ് മർദ്ദനമെന്നും വാർത്തകൾ പുറത്തുവന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഒല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഡിസംബർ നാലിന് ഒല്ലൂരിലെ പെട്രോള്‍ പമ്പിനടുത്തു വച്ച് പത്താം ക്ലാസ് വിദ്യാർഥിനിയെ ലോറി ഡ്രൈവർ ആക്രമിച്ചിരുന്നു. ഇത് ചോദ്യം ചെയ്തെത്തിയ അച്ഛനും ഡ്രൈവറും പ്രശ്നമുണ്ടായെന്നും വാർത്തകൾ പുറത്തുവന്നു. സംഭവത്തിൽ ഇതുവരെ ആരും ഔദ്യോ​ഗികമായി പരാതി നൽകിയിട്ടില്ല.