അപകടഘട്ടങ്ങളിൽ രക്ഷാസ്ഥാനമായി തിരുവനന്തപുരം വിമാനത്താവളം; ഏതു കാലാവസ്ഥയിലും വിമാനം ഇറക്കാം

തിരുവനന്തപുരം • അടിയന്തര ഘട്ടങ്ങളിലെ രക്ഷാസ്ഥാനം എന്ന നിലയിൽ തിരുവനന്തപുരം വിമാനത്താവളത്തിന്റെ പ്രാധാന്യം വർധിക്കുന്നു. ഇന്നലെ കോഴിക്കോട് നിന്ന് സൗദിയിലെ ദമാമിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് ലാൻഡ് ചെയ്യാൻ തിരുവനന്തപുരം തിരഞ്ഞെടുത്തതും തിരുവനന്തപുരം ഏറ്റവും സുരക്ഷിതമായ വിമാനത്താവളങ്ങളിൽ ഒന്നാണെന്ന കാരണം കൊണ്ടാണ്.തിരുവനന്തപുരം വിമാനത്താവളത്തെ ‘ഓൾ വെതർ എയർപോർട്ട്’ (ഏതു കാലാവസ്ഥയിലും വിമാനം ഇറക്കാവുന്ന വിമാനത്താവളം) എന്നാണ് പൊതുവേ പറയുന്നത്. മഴയും മഞ്ഞും ഉൾപ്പെടെയുള്ള കാലാവസ്ഥകളിലെല്ലാം സുരക്ഷിതമായി വിമാനം ലാൻഡ് ചെയ്യാൻ കഴിയുന്നതാണ് ഇതിനു കാരണം. അറബിക്കടലിന്റെ തീരത്ത് റൺവേ സ്ഥിതി ചെയ്യുന്നതിനാൽ ഇടയിൽ മറ്റു വലിയ തടസ്സങ്ങളൊന്നുമില്ലാതെ പൈലറ്റിന് വളരെ വ്യക്തമായ ദൂരക്കാഴ്ച ലഭിക്കും.2018 ലെ പ്രളയകാലത്ത് കൊച്ചി വിമാനത്താവളത്തിൽ വെള്ളം കയറിയപ്പോൾ അവിടെ ഇറങ്ങേണ്ട വിമാനങ്ങൾ ലാൻഡ് ചെയ്തതും പ്രതിരോധ സേനകളുടെ വിമാനങ്ങൾ സർവീസ് നടത്തിയതും തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു. ഇന്ത്യയുടെ ഏറ്റവും തെക്കേയറ്റത്തെ തന്ത്രപ്രധാനമായ വിമാനത്താവളം എന്ന നിലയിലും രാജ്യാന്തര വ്യോമപാതയുടെ സമീപത്തുള്ള വിമാനത്താവളം എന്ന നിലയിലും തിരുവനന്തപുരത്തിനു പ്രാധാന്യമുണ്ട്.3374 കിലോമീറ്റർ ദൈർഘ്യമുള്ള റൺവേയിൽ ഏതു വലുപ്പമുള്ള വിമാനവും സുരക്ഷിതമായി ഇറക്കാനാകും. ഉടൻ തന്നെ റൺവേയുടെ ദൈർഘ്യം വർധിപ്പിക്കാനും പദ്ധതിയുണ്ട്.അടിയന്തര ഘട്ടങ്ങളിൽ വിമാനം അറ്റകുറ്റപ്പണി ചെയ്യാൻ എയർ ഇന്ത്യയുടെ മെയ്ന്റനൻസ് ആൻഡ് റിപ്പയർ ഓവർഹോൾ (എംആർഒ) ഉള്ളതു മറ്റു വിമാന കമ്പനികൾക്കും സഹായമാണ്.ഇന്ത്യയിൽ തന്നെ ഒരു പ്രധാന നഗരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളങ്ങൾ കുറവാണ്. പല വിമാനത്താവളങ്ങളും നഗര ഹൃദയത്തിൽ നിന്ന് 10– 40 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുമ്പോൾ തിരുവനന്തപുരം നഗര ഹൃദയത്തിൽ നിന്നു വിമാനത്താവളത്തിലേക്ക് 10 മിനിറ്റ് യാത്രാ ദൂരം മാത്രമാണുള്ളത്. അടിയന്തര ഘട്ടങ്ങളിൽ റോഡ്, റെയിൽ മാർഗങ്ങളും ഹോട്ടലുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങളും വളരെവേഗം ഉപയോഗിക്കാം എന്നതും തിരുവനന്തപുരത്തിന്റെ നേട്ടമാണ്.