തിരുവനന്തപുരം : കോഴിക്കോട് നിന്ന് പുറപ്പെട്ട എയർഇന്ത്യയുടെ കോഴിക്കോട് - ദമാം വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി. പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകരാർ ശ്രദ്ധയിൽപ്പെട്ടതോടെ അടിയന്തിര ലാൻഡിംഗിന് അനുമതി തേടുകയായിരുന്നു. 182 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് രണ്ടര മണിക്കൂറിന് ശേഷമാണ് ലാൻഡിംഗ്. ലാൻഡിംഗ് സുരക്ഷിതമായിരുന്നുവെന്നും യാത്രികർ സുരക്ഷിതരാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലാവുകയായിരുന്നു. ഏറെ നേരം കോഴിക്കോട് വിമാനത്താവളത്തിന് ചുറ്റും പറന്നിരുന്നു. കോഴിക്കോട് വിമാനത്താവളത്തിൽ തന്നെ ആദ്യം ലാൻഡ് ചെയ്യാൻ അനുമതിക്ക് ശ്രമിച്ചിരുന്നു. പിന്നീട് സുരക്ഷ കൂടിയ തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാമെന്ന് തീരുമാനിക്കുകയുമായിരുന്നു. രാജ്യത്ത് സുരക്ഷിതമായി വിമാനം ലാന്റ് ചെയ്യാവുന്ന വിമാനത്താവളങ്ങളുടെ പട്ടികയിലാണ് തിരുവനന്തപുരമുള്ളത്. തിരുവനന്തപുരത്തെത്തിയതിന് പിന്നാലെ ഇന്ധനം ചോർത്തി കളഞ്ഞ ശേഷമാണ് വിമാനം നിലത്തിറക്കിയത്.
അടിയന്തിര ലാന്റിംഗിന് കൃത്യമായ പ്രോട്ടോക്കോൾ ഉള്ളതിനാൽ ഫയർഫോഴ്സ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കിയിരുന്നു. മാത്രമല്ല, സമീപത്തെ ആശുപത്രികൾക്കും പൊലീസ് സ്റ്റേഷനുകൾക്കും അടിയന്തിര സന്ദേശവും നൽകിയിരുന്നു. ഇതിനുശേഷമാണ് വിമാനം ലാൻഡിംഗ് നടത്തിയത്.