തീപടർന്ന വിവരമറിഞ്ഞെത്തി, ഫയ‍ർമാൻ കണ്ടത് പൊള്ളലേറ്റ നിലയിലുള്ള അച്ഛനെ; ജീവൻ രക്ഷിക്കനായില്ല, തേങ്ങി വർക്കല നാട്

വർക്കല : തീ അണയ്ക്കാൻ എത്തിയ ഫയർഫോഴ്സ് ജീവനക്കാരൻ കണ്ടത് പൊള്ളലേറ്റ് കിടക്കുന്ന അച്ഛനെ. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ. വർക്കല പുന്നമൂട് സ്വദേശി വിക്രമൻ നായരാണ് (74) പൊള്ളലേറ്റ് മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെ വർക്കല പുന്നമൂട് ഐഐടിക്ക് സമീപം പുരയിടത്തിൽ തീ പടരുന്നതായി നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ചാണ് അഗ്നിശമന സേന സ്ഥലത്ത് എത്തിയത്.തീ കെടുത്തുന്നതിനിടയിലാണ് ഫയർമാൻ വിഷ്ണു പുരയിടത്തിലെ മാവിന്‍റെ ചുവട്ടിൽ തന്‍റെ പിതാവ് വിക്രമൻ നായരെ പൊള്ളലേറ്റ നിലയിൽ കാണുന്നത്. മുഖവും കാലും ഉൾപ്പെടെ ശരീരമാസകലം പൊള്ളലേറ്റിരുന്നു. ഉടൻ ഇദ്ദേഹത്തെ 108 ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിലേക്ക് എത്തിച്ചു. ആന്തരികാവയവങ്ങൾക്ക് പൊള്ളലേറ്റ വിക്രമൻ നായർ രാത്രി എട്ട് മണിയോടെ മരിക്കുകയായിരുന്നു.ഇദ്ദേഹം രാവിലെ പുരയിടത്തിന്റെ റോഡ്‌ ഭാഗം വൃത്തിയാക്കി തീ ഇടുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. റോഡരികിൽ കൂട്ടിയിട്ട പുല്ലിൽ തീ ഇടുകയും ഇത് പുരയിടത്തിലെ പുല്ലിലേക്ക് പടരുകയുമായിരുന്നു. ഇതിനിടയിൽ അബദ്ധത്തിൽ അകപ്പെട്ട് പോവുകയോ ബോധരഹിതനാവുകയോ ചെയ്തതായിരിക്കാം എന്നാണ് ഫയർഫോഴ്‌സിന്‍റെ നിഗമനം.