കൊല്ലം അഞ്ചലിൽ ബൈക്കിടിച്ച് പരിക്കേറ്റ് അരമണിക്കൂറോളം റോഡരികില്‍കിടന്ന വയോധികന്‍ ചോരവാര്‍ന്ന് മരിച്ചു.

കൊല്ലം അഞ്ചലിൽ ബൈക്കിടിച്ച് പരിക്കേറ്റ് അരമണിക്കൂറോളം റോഡരികില്‍കിടന്ന വയോധികന്‍ ചോരവാര്‍ന്ന് മരിച്ചു. അപകടത്തില്‍ പരിക്കേറ്റ് അരമണിക്കൂറോളമാണ് വയോധികന്‍ റോഡരികില്‍ കിടന്നത്. വഴിയാത്രക്കാരായ ആരും ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചില്ല. ഇതിനിടെ, ബൈക്കോടിച്ചിരുന്നയാള്‍ മറ്റൊരു വാഹനത്തില്‍ കയറി രക്ഷപ്പെടുകയും ചെയ്തു. ഒടുവില്‍ അരമണിക്കൂറിന് ശേഷം പ്രദേശവാസിയായ ഷാനവാസ് എന്നയാള്‍ വയോധികനെ ജീപ്പില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് 70 വയസ്സോളം പ്രായമുള്ളയാളെ ബൈക്ക് ഇടിച്ചുതെറിപ്പിച്ചത്. വലിയശബ്ദം കേട്ട് സമീപവാസികളായ സ്ത്രീകളാണ് ആദ്യം സംഭവസ്ഥലത്ത് എത്തിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചോരവാര്‍ന്ന് റോഡരികില്‍ കിടക്കുകയായിരുന്ന വയോധികനെ ഇവര്‍ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആരും സഹായിച്ചില്ല. വഴിയാത്രക്കാരായ പലരും കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു.

അതേസമയം, വയോധികനെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ ബൈക്ക് യാത്രക്കാരനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് ഇയാള്‍ ഓട്ടോയില്‍ കയറിയാണ് രക്ഷപ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റതിനാല്‍ ആശുപത്രിയിലേക്ക് പോയതാണെന്നാണ് സമീപവാസികള്‍ ആദ്യം കരുതിയിരുന്നത്. എന്നാല്‍ ഇയാളെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചില്ല.