ഒരു ഗാനമേള പ്രോഗ്രാമിന് ശേഷം ഗായകൻ വിനീത് ശ്രീനിവാസൻ ഓടിരക്ഷപ്പെട്ടുവെന്ന തലക്കെട്ടോടെ സാമൂഹ്യ മാധ്യമത്തില്‍ ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരം വാര്‍ത്തകള്‍ ശരിയല്ലെന്ന് വ്യക്തമാക്കി തിരക്കഥാകൃത്ത് സുനീഷ് വാരനാട് രംഗത്ത് എത്തി. ആരാധകരുടെ തിരക്ക് നിയന്ത്രിക്കാനാകാതെ വന്നപ്പോള്‍ അദ്ദേഹം കാറിലേക്ക് ഓടി പോവുകയായിരുന്നു എന്ന് സുനീഷ് പറഞ്ഞു. വിനീത് നടത്തിയ ഗംഭീരമായ പോഗ്രാം ആയിരുന്നു എന്നും സുനിഷ് പറഞ്ഞു.സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് വാര്‍ത്തയുടെ സത്യാവസ്ഥ സുനീഷ് വ്യക്തമാക്കിയത്. വാരനാട്ടെ കുംഭഭരണിയുത്സവത്തോടനുബന്ധിച്ച് വിനീതിന്റെ ഗാനമേളയുണ്ടായിരുന്നു. രണ്ടര മണിക്കൂറോളം ഗംഭീരമായ പരിപാടിയായിരുന്നു വിനീതും,സംഘവും നടത്തിയത്. അഭൂതപൂർവ്വമായ തിരക്കായിരുന്നു. ഗാനമേള കഴിഞ്ഞ് സെൽഫി എടുക്കാനും,ഫോട്ടോയെടുക്കാനും മറ്റുമായി ആരാധകർ തിങ്ങിനിറഞ്ഞതോടെ സ്റ്റേജിന് പിന്നിൽ നിന്നും കുറച്ചകലെ പാർക്ക് ചെയ്‍തിരുന്ന കാറിലേക്ക് പോലും പോകാനാകാതെ വന്നു. ബലമായി പിടിച്ചുനിർത്തി സെൽഫിയെടുക്കാൻ തുടങ്ങിയതോടെയാണ് വിനീത് അവിടെ നിന്നും കാറിലേക്കോടിയത്. 'പ്രോഗ്രാം മോശമായി, വിനീത് ഓടിരക്ഷപ്പെട്ടു' എന്ന പേരിലുള്ള ലിങ്കാകർഷണ ഷെയറുകൾ ആ നല്ല കലാകാരനോട് കാണിക്കുന്ന ക്രൂരതയാണ് എന്നും സുനീഷ് വാരനാട് കുറിച്ചു.