തിരുവനന്തപുരം: അനധികൃത ബോട്ട് സവാരിക്കെതിരെ നടപടി സ്വീകരിച്ച എസ്ഐക്കെതിരെ ബോട്ടുടമയുടെ വധഭീഷണി. പൊഴിയൂർ എസ്ഐ സജികുമാറിനെയാണ് ബോട്ടുടമ മാഹിൻ ഭീഷണിപ്പെടുത്തിയത്. ഇയാൾക്കെതിരെ പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു.
ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് എസ്ഐ സജി കുമാറിനെ വിളിച്ച് ബോട്ടുടമ മാഹിന്‍ വധഭീഷണി മുഴക്കിയതും അസഭ്യം പറയുകയും ചെയ്തത്. പൊഴിയൂരിലെ ബോട്ട് ക്ലബിന്റെ ഉടമയാണ് മാഹിൻ. ലൈസൻസില്ലാതെ സർവ്വീസ് നടത്തുന്ന ബോട്ടുകള്‍ കഴിഞ്ഞ ദിവസം എസ്ഐ പിടികൂടിയിരുന്നു. ഒരു മാസം മുമ്പും അനധികൃത സർവ്വീസ് നടത്തിയ മാഹിന്റെ രണ്ട് ബോട്ടുകള്‍ എസ്ഐ പിടികൂടിയിരുന്നു. അന്ന് മാഹിനെതിരെ കേസെടുത്തുവെങ്കിലും ജാമ്യത്തിൽ വിട്ടയച്ചു. സിപിഎം പൂവാർ ലോക്കൽ കമ്മിറ്റി അംഗത്തിൻ്റെ മകനാണ് മാഹിൻ.
പൊലീസ് ഇന്നലെ വീണ്ടും പരിശോധന നടത്തിയതാണ് മാഹിനെ പ്രകോപിച്ചത്. എസ്ഐയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ഗുണ്ടാനിയമപ്രകാരവും ഇയാൾക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് പറഞ്ഞു.