തമിഴ്‌നാട്ടിൽ കാമുകിക്ക് പ്രണയദിന സമ്മാനം വാങ്ങാനായി ആടിനെ മോഷ്ടിച്ച കോളജ് വിദ്യാർത്ഥിയും സുഹൃത്തും പിടിയില്‍. ജിംഗി താലൂക്കിലെ ബീരങ്കി മേട് ഗ്രാമത്തിലെ രണ്ടാം വർഷ കോളേജ് വിദ്യാർഥി എം.അരവിന്ദ് രാജ് (20), സുഹൃത്ത് എം.മോഹൻ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച പുലർച്ചെ മലയരശൻ കുപ്പം വില്ലേജിലെ എസ് രേണുകയുടെ ആടിനെയാണ് ഇരുവരും മോഷ്ടിച്ചത്. രേണുക ബഹളം വച്ചതോടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പരിസരവാസികൾ ചേർന്ന് പിടികൂടുകയായിരുന്നു.ഉച്ചയോടെ ഇരുവരെയും അറസ്റ്റ് ചെയ്യുകയും ആടിനെ രക്ഷപ്പെടുത്തുകയും ഇവർ ഉപയോഗിച്ചിരുന്ന ബൈക്ക് പിടികൂടുകയും ചെയ്തു.സമാനമായ ആട് മോഷണത്തിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാൻ പൊലീസ് അന്വേഷണം ആരംഭിച്ചു.