തിരുവനന്തപുരം : മെഡിക്കൽകോളജ് ആശുപത്രി വളപ്പിലെ റോഡിലൂടെ രാത്രി സുഹൃത്തുക്കൾക്കൊപ്പം നടന്നു പോയ വനിതാ ഹൗസ് സർജനു നേരെ ലൈംഗിക അതിക്രമം. യുവതിയെ പിന്നിൽനിന്നു കടന്നുപിടിച്ച് രക്ഷപ്പെട്ടയാളെ ആശുപത്രിയിലെ കൂട്ടിരിപ്പുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിന് കൈമാറി.
വെഞ്ഞാറമൂട് മുക്കുന്നോർ കുഴിവിള കോളനിയിൽ ജയൻ(34)ആണ് അറസ്റ്റിലായത്. ഇയാൾക്ക് എതിരെ ഐപിസി 354എ(1), 506, ആശുപത്രി ജീവനക്കാർക്ക് എതിരായ അതിക്രമങ്ങൾ തടയൽ നിയമത്തിലെ 3,4 എന്നീ വകുപ്പുകൾ ചുമത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഡെന്റൽ മെഡിക്കൽ കോളജിലെ ഹൗസ് സർജനാണ് ദുരനുഭവമുണ്ടായത്. ഞായർ രാത്രി 8.15 നായിരുന്നു സംഭവം.
വനിതാ ഡോക്ടർ പറഞ്ഞത്:
രാത്രി ഹോട്ടലിൽ നിന്നു ഭക്ഷണം കഴിച്ചശേഷം രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഹോസ്റ്റലിലേക്കു പോകുകയായിരുന്നു. മെഡിക്കൽകോളജ് ആശുപത്രി റോഡിൽ മദ്യപിച്ച് ലക്കുകെട്ടു നിന്ന ആൾ ഞങ്ങളെ പിന്തുടർന്നു.
പഴയ കാഷ്വൽറ്റി ഫാർമസിക്കു സമീപം എത്തിയപ്പോൾ അയാൾ പിന്നിൽ നിന്ന് കടന്നു പിടിച്ചു. പേടിച്ച് നിലവിളിച്ചതോടെ അയാൾ എതിർ വശത്തേക്ക് ഓടിപ്പോയി. അവിടെ വഴി ഇല്ലെന്ന് കണ്ടപ്പോൾ അയാൾ വീണ്ടും ഞങ്ങൾക്ക് നേരെ വന്നു. പിന്നീട് കടന്നുകളഞ്ഞ അയാളെ ആശുപത്രിയിലെ കൂട്ടിരിപ്പുകാർ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.