പോത്തൻകോട്ട് മന്ത് രോഗം പടരുന്നതായി റിപ്പോർട്ട് .പരിശോധന കർശനമാക്കി.

പോത്തൻകോട്ടും സമീപ പ്രദേശങ്ങളിലും താമസിക്കുന്ന അതിഥി തൊഴിലാളികൾക്കിടയിൽ മന്ത് രോഗം പടരുന്നത് ആശങ്കയിൽ. രണ്ടാഴ്ച മുമ്പ് അൻപത് അതിഥി തൊഴിലാളികളെ പരിശോധിച്ചതിൽ 18 പേർക്കാണ് മന്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ പതിമൂന്ന് പേർ തുടർ ചികിത്സ തേടിയപ്പോൾ മറ്റുള്ള അഞ്ചു പേരെ പറ്റി ആർക്കും ഒരറിവും ഇല്ല.

അവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഒരു പ്രതികരണവും ഇല്ലാത്ത അവസ്ഥയാണ്. ഇവർ ക്യാമ്പുകളിൽ ഉണ്ടോ അതോ നാട്ടിലേക്ക് തിരിച്ചു പോയോ എന്നറിയാൻ പോലും കഴിയുന്നില്ല. ഇവർ ക്യാമ്പുകളിൽ തന്നെ ഉണ്ടെങ്കിൽ മറ്റു തൊഴിലാളികൾക്കും രോഗം പടർന്നു പിടിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ആറു സ്ഥലങ്ങളിലാണ് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി സലിൽ.എ.സോണി, ആരോഗ്യ വകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു, പോത്തൻകോട് പോലീസ് എന്നിവർ ഒരുമിച്ച് പരിശോധന നടത്തിയത്.

ആറു കേന്ദ്രങ്ങളിൽ 210 അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതായി കണ്ടെത്തി. വൃത്തി ഹീനമായ അന്തരീക്ഷത്തിൽ കണ്ടെത്തിയതിനും പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നതുകൊണ്ടും കെട്ടിട ഉടമകളായ നവാസ് ,സെൽവൻ, സെൽവരാജ് ,ബദറുദ്ദീൻ, അസീസ് എന്നിവർക്ക് ഒരു ലക്ഷം രൂപയുടെ പിഴ ചുമത്തിയതായും പിഴ അടയ്ക്കാതെ വന്നാൽ കെട്ടിടം പൂട്ടി എടുക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഹെൽത്ത് ഇൻസ്‌പെക്ടർ ഷിബു അറിയിച്ചു. രണ്ട് മാസം മുൻപാണ് കെട്ടിട ഉടമയായ നവാസിനെ അതിഥി തൊഴിലാളികൾ മർദ്ദിച്ച സംഭവമുണ്ടായത് . വാടക ചോദിച്ചെത്തിയ നവാസിനെ കെട്ടിടം വൃത്തിഹീനമാണെന്നും അത് ശരിയാക്കാതെ വാടക തരില്ലെന്നും തൊഴിലാളികൾ പറഞ്ഞു.

തുടർന്ന് തൊഴിലാളികളും കെട്ടിട ഉടമയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടയിൽ സഹോദരങ്ങളായ അതിഥി തൊഴിലാളികൾ ഇരുമ്പുവടി കൊണ്ട് കെട്ടിട ഉടമയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. തുടർന്ന് രണ്ട് പേരെ പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തു. തുടർന്ന് മുഴുവൻ അതിഥി തൊഴിലാളികളുടെയും രേഖകൾ പോലീസിൽ ഹാജരാക്കണമെന്ന് പോത്തൻകോട് സി ഐ മിഥുൻ കെട്ടിട ഉടമകളോട് ആവശ്യപ്പെട്ടെങ്കിലും ആരും ഇതുവരെ ഹാജരാക്കിയിട്ടില്ല.
വരും ദിവസങ്ങളിൽ ശക്തമായ പരിശോധന നടത്തുമെന്ന് പോലീസും ആരോഗ്യ വകുപ്പും പറഞ്ഞു. രണ്ടാഴ്ച കഴിയുമ്പോൾ വീണ്ടും മന്ത് രോഗ പരിശോധന നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് റ്റി ആർ അനിൽ പറഞ്ഞു.