റബ്ബർ മോഷണം പ്രതി പിടിയിൽ

കിളിമാനൂർ നെടുമ്പാറ സ്വദേശി മകം വീട്ടിൽ രാകേഷ് ചന്ദ്ര എന്നയാളുടെ നെടുമ്പാറയിലുള്ള ഒഴിഞ്ഞു കിടക്കുന്ന വീട്ടിൽ വാതിൽ കുത്തി തുറന്ന് അകത്തു കയറി മുറിയിൽ സൂക്ഷിച്ചിരുന്ന 40 ഓളം റബ്ബർ ഷീറ്റുകളും മൂന്ന് ചാക്കുകളിലായി ഏകദേശം 90 കിലോഗ്രാം തൂക്കം വരുന്ന ഒട്ടുപാലും മോഷ്ടിച്ചെടുത്ത കേസിലെ പ്രതിയായ അങ്കമാലി ഇളവൂർ പീടികപ്പറമ്പിൽ വീട്ടിൽ ജെയിംസ് മകൻ ജോബിൻ (36) ആണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്.

 മോഷ്ടിച്ചെടുത്ത ഷീറ്റുകളും ഒട്ടുപാലും രാത്രിയിൽ കൊണ്ടുപോകാൻ കഴിയാതെ അടുത്തുള്ള പുരയിടത്തിൽ സൂക്ഷിക്കുകയും കഴിഞ്ഞദിവസം (11.02.2023) രാവിലെ വാഹനവുമായി എത്തി അത് എടുത്തു കൊണ്ടു പോകാൻ ശ്രമിക്കവേ നാട്ടുകാർക്ക് സംശയം തോന്നി തടഞ്ഞുനിർത്തുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.
എന്നാൽ നാട്ടുകാരിൽ നിന്നും ഓടിരക്ഷപ്പെട്ട പ്രതിയെ കുറിച്ച് തിരുവനന്തപുരം ജില്ലാ പോലീസ് മേധാവി ഡി.ശില്പക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈഎസ്പി
.ജി ബിജുവിന്റെ നിർദ്ദേശപ്രകാരം കിളിമാനൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സനൂജ്,
സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷിജു,അജി എന്നിവർ ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

മോഷണത്തിൽ പ്രതിയെ സഹായിക്കാൻ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നുള്ള വിവരം അന്വേഷിച്ച് വരികയാണ്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.