‘മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കരുത്’: സുപ്രീംകോടതിയിൽ ദിലീപിന്റെ സത്യവാങ്‍മൂലം

ന്യൂഡൽഹി • നടിയെ ആക്രമിച്ച കേസിൽ സാക്ഷിയായ മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കുന്നതിന് പ്രോസിക്യൂഷൻ ഉന്നയിക്കുന്ന കാരണം കഴമ്പില്ലാത്തതാണെന്ന് നടൻ ദിലീപ് സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞു. ദിലീപിന്റെ സഹോദരൻ അനൂപ്, കാവ്യ മാധവന്റെ മാതാപിതാക്കളായ മാധവൻ, ശ്യാമള എന്നിവരെ വീണ്ടും വിസ്തരിക്കണമെന്നാവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകാനാണെന്നും ദിലീപ് ആരോപിച്ചു.വിചാരണ ഉടൻ പൂർത്തിയാക്കാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി നാളെ പരിഗണിക്കും. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകൾ തിരിച്ചറിയാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. മുൻ ഭാര്യയായ മഞ്ജുവിന് തന്നോടു വിരോധമുണ്ട്.ഓഡിയോ ക്ലിപ്പുകൾ സംബന്ധിച്ച ഫൊറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിലെ തന്നെ സാക്ഷികളായ ഫൊറൻസിക് ഉദ്യോഗസ്ഥർ ഓഡിയോ ക്ലിപ്പുകളുടെ നിജസ്ഥിതി പരിശോധിക്കാൻ വൈദഗ്ധ്യമുള്ളവരാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി.വിചാരണ നിശ്ചിത സമയത്തിനകം പൂർത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ മറികടക്കാനായി അന്വേഷണ ഏജൻസി, പ്രോസിക്യൂഷൻ, പരാതിക്കാരി എന്നിവർ യോജിച്ചു പ്രവർത്തിക്കുകയാണ്. കാലതാമസം വരുത്തുകയെന്ന തന്ത്രമാണ് പ്രോസിക്യൂഷൻ പ്രയോഗിച്ചത്. തനിക്കെതിരെയുള്ള ആരോപണവും അഞ്ചര വർഷമായുള്ള വിചാരണയും വ്യക്തിപരവും പ്രഫഷനലുമായ ജീവിതം തകർത്തു. കരിയറിലെ 6 വർഷം നഷ്ടമായി.പുതിയതായി 44 സാക്ഷികളെ കൂടി വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിൽ മിക്കവരും കേസുമായി ബന്ധമുള്ളവരല്ല. ചിലർ ഒരു തവണ വിസ്തരിച്ച് വിട്ടവരാണ്. എന്തിനാണ് ഇവരെ വീണ്ടും വിസ്തരിക്കുന്നതെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടില്ല. ബാലചന്ദ്രകുമാറിന്റെ വിസ്താരം വേഗത്തിൽ പൂർത്തിയാക്കണമെന്നും ദിലീപ് ആവശ്യപ്പെട്ടു.വിചാരണ 6 മാസം കൊണ്ട് പൂർത്തിയാക്കണമെന്നായിരുന്നു ഉത്തരവെങ്കിലും 24 മാസമായിട്ടും തുടരുകയാണെന്ന് ദിലീപിനു വേണ്ടി മുതിർന്ന അഭിഭാഷകൻ മുകുൾ റോഹത്ഗി ചൂണ്ടിക്കാട്ടിയിരുന്നു.