റോഡിലെ കേബിളുകള്‍ പത്ത് ദിവസത്തിനകം നീക്കം ചെയ്തിരിക്കണം; ഇടപെട്ട് ഹൈക്കോടതി

കൊച്ചിയില്‍ അപകട സാധ്യതയുള്ള കേബിളുകള്‍ അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതി. പത്ത് ദിവസത്തിനകം കേബിളുകള്‍ നീക്കം ചെയ്യാന്‍ ഹൈക്കോടതി കെഎസ്ഇബിക്കും കോര്‍പറേഷനും നിര്‍ദേശം നല്‍കി. കേബിളുകള്‍ ആരുടേതാണെന്നറിയാന്‍ ടാഗ് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.കൊച്ചിയില്‍ കേബിളുകള്‍ കുരുങ്ങിയുളള അപകടങ്ങളില്‍ അടുത്ത മാസം 13ന് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടു. നേരത്തെ അനാവശ്യമായ മുഴുവന്‍ കേബിളുകളും നീക്കം ചെയ്യണമെന്നും കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. ഇത് നടപ്പാകാത്തതില്‍ കമ്മീഷന്‍ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.കൊച്ചിയില്‍ നിരവധി പേര്‍ക്കാണ് റോഡുകളില്‍ അലക്ഷ്യമായി കിടക്കുന്ന കേബിള്‍ കുരുങ്ങി അപകടമുണ്ടാകുന്നത് ചൊവ്വാഴ്ച കേബിള്‍ കുരുങ്ങി അപകടത്തില്‍പ്പെട്ട അഭിഭാഷകനായ കുര്യന്‍ ചികിത്സയിലാണ്. എംജി റോഡില്‍വച്ചുണ്ടായ അപകടത്തില്‍ കുര്യന്റെ കാലിനും കഴുത്തിനും പരുക്കേറ്റിരുന്നു. അതേസമയം പൊട്ടിവീണ കേബിളുകള്‍ കെഎസ്ഇബിയുടേതെന്നും ഇവ നീക്കം ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരുന്നു എന്നുമാണ് കൊച്ചി മേയര്‍ എം അനില്‍ കുമാറിന്റെ വിശദീകരണം. തദേശ സ്ഥാപനങ്ങളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മേയര്‍ പറഞ്ഞു.കേബിള്‍ കുടുങ്ങി അപകടം തുടര്‍ക്കഥയായതോടെ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും അപകടകരമാം വിധത്തിലുള്ള കേബിളുകള്‍ എത്രയും വേഗം മാറ്റാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വീണ്ടും അപകടവും ഇപ്പോള്‍ ഹൈക്കോടതി ഇടപെടലും.