തുര്‍ക്കിയെ വെല്ലുന്ന ഭൂചലനത്തിന് സാധ്യത; ഉത്തരാഖണ്ഡ് മുൾമുനയിൽ, മുന്നറിയിപ്പുമായി വിദഗ്ധർ

ഉത്തരാഖണ്ഡില്‍ തുര്‍ക്കിയിലുണ്ടായതിനേക്കാള്‍ ശക്തമായ ഭൂചലനത്തിന് സാധ്യതയെന്ന് നാഷണല്‍ ജിയോഫിസിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ചീഫ് സയന്റിസ്റ്റ് ഡോ. എന്‍.പൂര്‍ണചന്ദ്ര റാവു. ഭൂകമ്പമാപിനിയില്‍ എട്ടോ അതില്‍ കൂടുതലോ തീവ്രതയുള്ള ഭൂകമ്പമാണ് പ്രതീക്ഷിക്കുന്നത്. തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തിന്റെ തീവ്രത 7.8 ആയിരുന്നു. ഉത്തരാഖണ്ഡിലെ ഭൂകമ്പത്തിന്റെ തീയതിയും സമയവും കൃത്യമായി പ്രവചിക്കാനാവില്ലെങ്കിലും ഒട്ടും വൈകാനിടയില്ലെന്ന് ഡോ. റാവു പറഞ്ഞു. ഉത്തരാഖണ്ഡിന് താഴെയുള്ള ഭൂപാളിയില്‍ അതിതീവ്രമായ സമ്മര്‍ദം രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ ഭൂചലനത്തിലൂടെ മാത്രമേ ഭൂപാളിയിലുള്ള സമ്മര്‍ദം ലഘൂകരിക്കപ്പെടൂ.ഉത്തരാഖണ്ഡ് കേന്ദ്രീകരിച്ച് ഹിമാലയന്‍ മേഖലകളില്‍ 80 സീസ്മിക് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ തല്‍സമയം വിലയിരുത്തി വരികയാണ്. ഇതുവരെ ലഭിച്ച ഡേറ്റ പ്രകാരം ഈ മേഖലയില്‍ ഭൂമിക്കടിയിലുള്ള സമ്മര്‍ദം (STRESS) അതീവഗുരുതരമാണ്. ഈ ഭൂപ്രദേശത്ത് വിപുലമായ ജിപിഎസ് നെറ്റ്‍വര്‍ക്കും സ്ഥാപിച്ചു. ഇതിലുള്ള ജിപിഎസ് പോയന്റുകള്‍ നിരന്തരം മാറുന്നുണ്ട്. ഭൂമിക്കടിയിലെ മാറ്റങ്ങളാണ് ഇത് സൂചിപ്പിക്കുന്നത്. വേരിയോമെട്രിക് ജിപിഎസ് ഡേറ്റ പ്രോസസിങ് രീതി ഉപയോഗിച്ച് ഭൂമിയുടെ കാന്തികമേഖലയിലെ മാറ്റങ്ങള്‍ നിരീക്ഷിച്ചാണ് ഇത് കണ്ടെത്തിയത്.തുര്‍ക്കിയില്‍ 7.8 M രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടാക്കിയ അളവില്‍ നാശനഷ്ടങ്ങള്‍ അതിഭീമമായിരുന്നു. എട്ടില്‍ കൂടുതല്‍ തീവ്രതയുള്ള ഭൂചലനം ഹിമാലയന്‍ മേഖലയില്‍ ഉണ്ടായാല്‍ എന്താകും ഫലമെന്ന ആശങ്ക ശക്തമാണ്. എട്ടില്‍ കൂടുതല്‍ തീവ്രതയുള്ള ഭൂകമ്പങ്ങളെ ബൃഹത് ഭൂകമ്പങ്ങളെന്നാണ് (GREAT EARTHQUAKES) അറിയപ്പെടുന്നത്. ജമ്മു–കശ്മീര്‍ മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള ഹിമാലയ മേഖലയില്‍ ഇത്തരം ഭൂകമ്പങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലാണെന്ന് ഡോ. റാവു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജനസാന്ദ്രത, കെട്ടിടനിര്‍മാണശൈലി, ഗുണമേന്മ, ഭൂപ്രകൃതി എന്നീ ഘടകങ്ങള്‍ അനുസരിച്ചായിരിക്കും നാശനഷ്ടസാധ്യത.ജോഷി മഠിലും ബദരീനാഥിലും മറ്റ് മേഖലകളിലും ഉണ്ടാകുന്ന ഭൂമി ഇടിഞ്ഞുതാഴലും വിണ്ടുകീറലും തുടരുന്നതിനിടെയാണ് ഭൂകമ്പസാധ്യത കൂടി ശക്തമാകുന്നത്. ഈ സാഹചര്യത്തില്‍ പൂര്‍ണതോതില്‍ ചാര്‍ധാം യാത്ര അനുവദിക്കുന്നത് അപകടകരമാണെന്ന് ഡോ. റാവു മുന്നറിയിപ്പ് നല്‍കുന്നു. ഏപ്രിലി 22നാണ് ചാര്‍ധാം യാത്ര ആരംഭിക്കുന്നത്. കേദാര്‍നാഥ്, ബദരീനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയിലേക്ക് ആറുമാസം തീര്‍ഥാടനം അനുവദിക്കും. ലക്ഷക്കണക്കിനാളുകള്‍ ഈ കാലയളവില്‍ ഉത്തരാഖണ്ഡിലെ മലനിരകളിലെത്തും. റോഡുകള്‍ ഇടിഞ്ഞുതാണും വിണ്ടുകീറിയും അപായസാധ്യത ഇതിനകം തന്നെ വര്‍ധിച്ച സാഹചര്യത്തില്‍ കരുതലോടെ മാത്രമേ മുന്നോട്ടുപോകാവൂ എന്നാണ് വിദഗ്ധരുടെ അഭ്യര്‍ഥന.രാജ്യത്തെ ഭൂകമ്പമേഖലാ ഭൂപടത്തില്‍ ഹിമാലയന്‍ റെയ്ഞ്ച് സോണ്‍ അഞ്ചിലും നാലിലുമാണ് വരുന്നത്. ഭൂകമ്പസാധ്യത ഏറ്റവും കൂടുതലുള്ള സോണുകളാണിത്. 1720ലെ കുമാവോണ്‍ ഭൂചലനവും 1803ലെ ഗഡ്‍വാള്‍ ഭൂചലനവും ഉള്‍പ്പെടെ നാല് ബൃഹത്തായ ഭൂചലനങ്ങള്‍ ഈ മേഖലയില്‍ ഉണ്ടായിട്ടുണ്ട്. ഭൂപാളികള്‍ക്ക് ചലനസാധ്യത കൂടിയ സ്ഥലങ്ങളില്‍ നിശ്ചിത ഇടവേളകളില്‍ ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്. 100 വര്‍ഷമായി വന്‍ ഭൂചലനങ്ങള്‍ ഉണ്ടായിട്ടില്ലാത്ത ഉത്തരാഖണ്ഡില്‍ ഈ റിട്ടേണ്‍ പീരിയഡ് അതിക്രമിച്ച് കഴിഞ്ഞുവെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അതുതന്നെയാണ് ആശങ്ക വര്‍ധിപ്പിക്കുന്നതും.