ഇടുക്കി: പതിനേഴുകാരിയെ ഇരുപത്താറുകാരൻ വിവാഹം ചെയ്ത സംഭവത്തിൽ വരനും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസടുത്തു. കഴിഞ്ഞ വർഷം ജൂലൈയിലായിരുന്നു വിവാഹം. ദേവികുളം പൊലീസ് ആണ് കേസെടുത്തത്. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പെൺവീട്ടുകാർ വിവാഹം നടത്തിയത്. പെൺകുട്ടി ഇപ്പോൾ ആറു മാസം ഗർഭിണിയാണ്. ഗർഭിണിയായതിനു ശേഷമാണ് പ്രായപൂർത്തിയായിട്ടില്ലെന്നു മനസിലായത്. ഇതോടെ ദേവികുളം പൊലീസ് വരനെതിരെയും ഇരുവരുടെയും ബന്ധുക്കൾക്കെതിരെയും കേസെടുത്തു. പോക്സോ, ബാലവിവാഹം എന്നിവ ചുമത്തിയാണ് കേസ്. പൊലീസ് കേസെടുത്തതോടെ വരൻ ഒളിവിൽ പോയി. ഇയാൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്. ഇടുക്കിയിൽ സമീപകാലത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ബാലവിവാഹമാണിത്. ഇടമലക്കുടിയിലെ ആദിവാസി ഊരിൽ പതിനാറുകാരിയെ 47കാരൻ വിവാഹം ചെയ്തതായിരുന്നു ഒടുവിലത്തെ സംഭവം. ഈ കേസിൽ ഇതുവരെ പ്രതിയായ വരനെ പിടികൂടാനായിട്ടില്ല. സംസ്ഥാനത്തെ ശൈശവ വിവാഹങ്ങളിൽ നടപടി വേണമെന്ന് ഗവർണർ പ്രതികരിച്ചു.