ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കേരള പദയാത്ര ഇന്ന് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കും. കാസർകോട് നിന്ന് കഴിഞ്ഞ ജനുവരി 26 ന് ആരംഭിച്ച കേരള പദയാത്ര 11 ജില്ലകളിലൂടെ സഞ്ചരിച്ചാണ് തിരുവനന്തപുരം ജില്ലയിലെത്തുന്നത്. ശാസ്ത്രം ജനനന്മയ്‌ക്ക്, ശാസ്ത്രം നവകേരളത്തിന് എന്ന മുദ്രാവാക്യമുയർത്തിയാണ് ജാഥാ പര്യടനം.വൈകിട്ട് നാലിന് പദയാത്രയെ ജില്ലാ അതിർത്തിയായ തട്ടത്തുമലയിൽ ഒ.എസ് അംബിക എംഎൽഎയുടെ നേതൃത്വത്തിൽ സ്വീകരിക്കും. ജില്ലയിലെ ആദ്യ സ്വീകരണ കേന്ദ്രം കിളിമാനുരാണ്. 27 ന് രാവിലെ 10 ന് കാരേറ്റ്, 11 ന് വെഞ്ഞാറമൂട്, 3 ന് പിരപ്പൻകോട് 5 ന് കന്യാകുളങ്ങറ കേന്ദ്രങ്ങളിൽ സ്വീകരണം നല്കും. 28 ന് രാവിലെ 11 ന് വട്ടപ്പാറ, 3 ന് കേശവദാസപുരം കേന്ദ്രങ്ങൾ പിന്നിട്ട് പദയാത്ര വൈകിട്ട് 5 ന് തിരുവനന്തപുരം ഗാന്ധിപ്പാർക്കിൽ സമാപിക്കും. സാമ്പത്തിക വിദഗ്ധനായ ഡോ. കെ.പി കണ്ണൻ, മുൻ ആരോഗ്യമന്ത്രി കെ.കെ ശൈലജ എന്നിവരാണ് 27 നും 28നും ജില്ലയിൽ പദയാത്രയെ നയിക്കുന്നത്.എല്ലാ സ്വീകരണകേന്ദ്രങ്ങളിലും സജിതാമഠത്തിൽ രചിച്ച് അരുൺലാൽ സംവിധാനം ചെയ്ത ‘ഷീ ആർക്കൈവ്’ നാടകവും വിൽക്കലാമേളയും അരങ്ങേറും. ഗാന്ധിപ്പാർക്കിലെ സമാപന സമ്മേളനം പത്രപ്രവർത്തകനായ പി സായ്നാഥ് ഉദ്ഘാടനം ചെയ്യും. മേയർ ആര്യാ രാജേന്ദ്രൻ, കെ.കെ ശൈലജ ജില്ലാ പഞ്ചായത്തു പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്കുമാർ, ഗ്രന്ഥശാലാസംഘം സെക്രട്ടറി വി.കെ മധു, പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റ് ഷാജി.എൻ.കരുൺ, പരിഷത്ത് പ്രസിഡന്റ് ബി. രമേശ്, ജനറൽ സെക്രട്ടറി ജോജി കൂട്ടുമ്മൽ എന്നിവർ സംസാരിക്കും.