'ഏതോ ജന്മകല്‍പനയില്‍'; വാണി ജയറാം അഥവാ എവര്‍ഗ്രീന്‍ ഹിറ്റ് ചാര്‍ട്ട്

സംഗീതത്തിന് ഭാഷയില്ല. അതേസമയം ഇന്ത്യ പോലെ ഇത്രയും ഭാഷകള്‍ സംസാരിക്കപ്പെടുന്ന ഒരു രാജ്യത്ത് ഭാഷാതീതമായി സ്വരമാധുരികൊണ്ട് തലമുറകളെ ഒന്നാകെ സ്പര്‍ശിച്ച ഗായകര്‍ കുറവുമാണ്. എസ് പി ബിക്ക് പിന്നാലെ വാണി ജയറാമും വിടവാങ്ങുമ്പോള്‍ സൃഷ്ടിക്കപ്പെടുന്നത് ഒരു വലിയ വിടവാണ്. വാണി ജയറാം എന്ന പേര് കേള്‍ക്കുമ്പോള്‍ ആസ്വാദകരില്‍ ഭൂരിഭാഗത്തിന്‍റെയും മനസിലേക്ക് വരുന്നത് പ്രണയവും വിരഹവും കലര്‍ന്ന ഗാനങ്ങളാകാമെങ്കിലും അതല്ലാതെയുള്ള നിരവധി വികാരങ്ങള്‍ അവര്‍ തന്‍റെ സ്വരത്തിലൂടെ പകര്‍ന്നു. മനോഹര മെലഡികള്‍ക്കൊപ്പം പെപ്പി നമ്പരുകളിലും ആ സ്വരം ഉയര്‍ന്നുകേട്ടു.ഇരുപതോളം ഇന്ത്യന്‍ ഭാഷകളില്‍ പതിനായിരത്തോളം ഗാനങ്ങള്‍ ആലപിച്ച വാണി ജയറാമിന്‍റെ പേര് എഴുപതുകളുടെ തുടക്കത്തിലാണ് ഇന്ത്യന്‍ സംഗീതാസ്വാദകരുടെ കാതലത്തിലേക്ക് എത്തിയത്. 1971 ല്‍ പുറത്തെത്തിയ ഗുഡ്ഡി എന്ന ഹിന്ദിയില്‍ പാടിയ ആദ്യ ചിത്രം തന്നെ ഒരു ഗായിക എന്ന നിലയില്‍ വലിയ ബ്രേക്ക് ആണ് വാണിക്ക് നല്‍കിയത്. ഋഷികേശ് മുഖര്‍ജിയുടെ സംവിധാനത്തില്‍ ജയ ബച്ചന്‍ ടൈറ്റില്‍ കഥാപാത്രമായെത്തിയ ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍ വസന്ത് ദേശായ് ആയിരുന്നു. വരികളെഴുതിയത് ഗുല്‍സാറും. ബോലേ രേ പപ്പിഹരാ എന്ന ഗാനം അക്കാലത്തെ ഹിറ്റ്ചാര്‍ട്ടുകളില്‍ വേഗത്തില്‍ തന്നെ ഇടംപിടിച്ചു. എഴുപതുകളിലും എണ്‍പതുകളിലും ഹിന്ദി സിനിമയിലെ പ്രശസ്തരായ സംഗീത സംവിധായകര്‍ക്കൊപ്പമെല്ലാം വാണി ജയറാം പ്രവര്‍ത്തിച്ചു.തമിഴിലും നിരവധി സംഗീത സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചുവെങ്കിലും അവയില്‍ ഏറ്റവും ജനപ്രീതി നേടിയ ഗാനങ്ങള്‍ ഇളയരാജ- വാണി ജയറാം കൂട്ടുകെട്ടില്‍ നിന്നായിരുന്നു. പാടാന്‍ ശ്രമകരമായ ഈണങ്ങള്‍ക്ക് ഭാവപൂര്‍ണിമ നല്‍കുന്നതില്‍ വിജയിച്ച അപൂര്‍വ്വം പാട്ടുകാരില്‍ ഒരാളായാണ് ഇന്ത്യന്‍ ചലച്ചിത്ര സംഗീത ലോകത്ത് വാണി ജയറാമിന്‍റെ അസ്തിത്വം. ഇളയരാജയുടെ ഈണത്തില്‍ വന്ന പല ഗാനങ്ങളും അതിന് തെളിവായിരുന്നു. സലില്‍ ചൌധരിയാണ് 1973 ല്‍ ഇന്ത്യന്‍ സംഗീത ലോകത്തെ ഈ പുതിയ കണ്ടെത്തലിനെ മലയാളികള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. ഒഎന്‍വി കുറുപ്പിന്‍റെ വരികളില്‍ സലില്‍ ചൌധരി ഈണം പകര്‍ന്ന് ആലപിച്ച സൌരയൂഥത്തില്‍ വിരിഞ്ഞോരു എന്നാരംഭിക്കുന്ന ഗാനമാണ് വാണിയുടെ സ്വരമാധുരിയില്‍ മലയാളത്തില്‍ ആദ്യമായി ആലപിക്കപ്പെട്ട ഗാനം. തുടര്‍ന്ന് വാല്‍ക്കണ്ണെഴുതി വനപുഷ്പം ചൂടി, തിരുവോണപ്പുലരിതന്‍ തിരുമുല്‍ക്കാഴ്ച കാണാന്‍, പത്മതീര്‍ഥ കരയില്‍, ആഷാഢമാസം ആത്മാവിന്‍ മോഹം, നാദാപുരം പള്ളിയിലെ തുടങ്ങി ആകാശവാണിയിലൂടെയുള്ള തുടര്‍ കേള്‍വിയില്‍ ആസ്വാദക ഹൃദയങ്ങളില്‍ ഇടംപിടിച്ച നിരവധി ഗാനങ്ങള്‍. എണ്‍പതുകള്‍ക്കുശേഷം ആ ഗാനങ്ങളുടെ എണ്ണം കുറഞ്ഞുവന്നു. 1995 മുതല്‍ മലയാള സിനിമയില്‍ നിന്ന് വിസ്മൃതിയിലായ ഈ ശബ്ദത്തെ തിരികെ കൊണ്ടുവന്നത് 1983 എന്ന ചിത്രത്തിലൂടെ എബ്രിഡ് ഷൈന്‍ ആയിരുന്നു. പുതുതലമുറ ആസ്വാദകരില്‍ തിയറ്ററുകളില്‍ ആദ്യമായി ആസ്വദിച്ച ഒരു വാണി ജയറാം ഗാനം ആ ചിത്രത്തിലൂടെയായിരുന്നു. ഗോപി സുന്ദറിന്‍റെ സംഗീതത്തില്‍ എത്തിയ ഓലെഞ്ഞാലി കുരുവീ എന്ന ഗാനം ഇന്‍സ്റ്റന്‍റ് ഹിറ്റ് ആയിരുന്നു. എബ്രിഡ് ഷൈനിന്‍റെ തന്നെ ആക്ഷന്‍ ഹീറോ ബിജുവിലെ പൂക്കള്‍ പനിനീര്‍പൂക്കള്‍, പുലിമുരുകനിലെ മാനത്തെ മാരിക്കുറുമ്പേ എന്നിവയാണ് തിരിച്ചുവരവില്‍ മലയാളത്തിലെ മറ്റ് ശ്രദ്ധേയ ഗാനങ്ങള്‍.