ഡൽഹി – മുംബൈ എക്സ്പ്രസ് വേ: ആദ്യഘട്ടം ഇന്നു തുറക്കും

ന്യൂഡൽഹി• ഡൽഹി – മുംബൈ എക്സ്പ്രസ് വേയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. 12,150 കോടി രൂപ ചെലവഴിച്ചു നിർമിച്ച, 246 കിലോമീറ്റർ ദൂരം വരുന്ന ‍ഡൽഹി – ദൗസ – ലാൽസോട്ട് സെക്‌ഷനാണ് ആദ്യഘട്ടത്തിൽ കമ്മിഷൻ ചെയ്യുന്നത്. ഇതോടെ ഡൽഹിയിൽനിന്നു രാജസ്ഥാനിലെ ജയ്പുരിലേക്കുള്ള യാത്രാസമയം 5 മണിക്കൂറിൽ നിന്ന് മൂന്നര മണിക്കൂറായി കുറയും.1,386 കിലോമീറ്റർ പൂർത്തിയാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും നീളമുള്ള എക്സ്പ്രസ് വേ ആയിരിക്കും ഇത്. നിലവിൽ എട്ടുവരിപ്പാതയായാണു നിർമാണമെങ്കിലും ഭാവിയിൽ 12 വരിപ്പാതയാക്കാനാകും. അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാൻ ഒരു ഹെലിപ്പോർട്ടും സജ്ജീകരിക്കുന്നുണ്ട്. 2018 ൽ പദ്ധതിയിട്ട എക്സ്പ്രസ് വേയുടെ ആദ്യഘട്ടത്തിന് 2019 മാർച്ച് 9ന് ശിലയിട്ടു. 2024 അവസാനത്തോടെ പൂർത്തിയാകുമെന്നാണു കരുതുന്നത്.