തിരുവനന്തപുരം: സർക്കാർ ജീവനക്കാർ സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിക്കാനും നടത്താനും പാടില്ലെന്ന് നിർദ്ദേശം . ആളുകൾ ചാനൽ സബ്സ്ക്രൈബ് ചെയ്യുമ്പോള്‍ ജീവനക്കാരന് വരുമാനമുണ്ടാകും. ഇത് സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാകുമെന്നതിനാൽ യൂട്യൂബ് ചാനൽ നടത്താനാകില്ലെന്നാണ് വിശദീകരണം.
യൂട്യൂബ് ചാനൽ ആരംഭിക്കാനുള്ള അനുമതി തേടി അഗ്നിശമനസേനാംഗം നൽകിയ അപേക്ഷ നിരസിച്ചാണ് ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവ്. നിലവിൽ പല സർക്കാർ ജീവനക്കാരും യൂട്യൂബ് ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അതിലേറെയും കുടുംബാംഗങ്ങളുടെ പേരിലാണ്.
സർക്കാർ ജീവനക്കാർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി ധനകാര്യവകുപ്പ് ഉൾപ്പെടെ ഉത്തരവ് ഇറക്കിയിട്ടുണ്ട്. പൊലീസ് സേനാംഗങ്ങൾ യൂണിഫോമിൽ സമൂഹമാധ്യമങ്ങളിൽ റീലുകളിലും മറ്റും പ്രത്യക്ഷപ്പെടുകയോ ഫോട്ടോകൾ ഷെയർ ചെയ്യുകയോ പാടില്ലെന്ന് പൊലീസ് ആസ്ഥാനത്തുനിന്ന് പലപ്പോഴും സർക്കുലറായി നിർദ്ദേശിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല.