കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ വിചാരണക്കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഉണ്ണി മുകുന്ദൻ ഹൈക്കോടതിയെ സമീപിച്ചു. അടുത്ത മാസം തുടങ്ങാൻ നിശ്ചയിച്ച വിസ്താരം ഏപ്രിലിലേക്ക് മാറ്റണമെന്നും നടൻ ആവശ്യപ്പെട്ടു. കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി ഉത്തരവിനായി മാറ്റി.ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന അഡ്വ സൈബി ജോസാണ് ഉണ്ണി മുകുന്ദനായി ഹൈക്കോടതിയിൽ ഹാജരായത്. ഹർജിയിൽ വ്യാജ സത്യവാങ്മൂലത്തിലൂടെ കോടതിയെ തെറ്റിദ്ധിരിപ്പിക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നിരുന്നു. കേസിൽ നേരത്തെ അനുവദിച്ച സ്റ്റേ ഹൈക്കോടതി റദ്ദാക്കിയതോടെയാണ് വിചാരണയ്ക്ക് നടപടി തുടങ്ങിയത്. അതേ സമയം, ഉണ്ണി മുകുന്ദന് എതിരായ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ വ്യാജ സത്യവാങ്മൂലം ഹാജരാക്കിയെന്നത് പച്ചക്കള്ളമാണെന്ന് അഭിഭാഷകൻ സൈബി ജോസ് ഹൈക്കോടതിയെ അറിയിച്ചു. പരാതിക്കാരി ഇ -മെയിൽ വഴി അയച്ച വിവരം കോടതിയെ ധരിപ്പിക്കുക മാത്രമാണ് താൻ ചെയ്തതെന്നും സത്യാവാങ്മൂലം നൽകിയിട്ടില്ലെന്നും സൈബി ഹൈക്കോടതിയിൽ വ്യക്തമാക്കി. കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യമില്ലെന്ന് പരാതിക്കാരി അയച്ച ഓഡിയോ സംഭാഷണം കൈയ്യിലുണ്ടെന്നും തെളിവുകൾ നൽകാൻ തയ്യാറാണെന്നും സൈബി ജോസ് വ്യക്തമാക്കി.അതേ സമയം ഉണ്ണി മുകുന്ദനുമായുള്ള കേസിൽ ഒത്തു തീർപ്പിനായി താൻ സത്യാവാങ്മൂലം നൽകിയിട്ടില്ലെന്നും തനിക്ക് നീതി ലഭിക്കണമെന്നും പരാതിക്കാരി കോടതിയിൽ ആവശ്യപ്പെട്ടു. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ മജിസ്ട്രേറ്റ് കോടതിയിലെ നടപടികൾ റദ്ദാക്കണമെന്ന നടന്‍റെ ഹർജിയിൽ വാദം നടക്കുന്നതിനിടെയാണ് പരാതിക്കാരി കോടതിയെ വിവരം അറിയിച്ചത്.