അറിയാം, ഭൂകമ്പ സാധ്യതയുള്ള ഇന്ത്യൻ നഗരങ്ങൾ,

ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് തുര്‍ക്കിയിലും സിറിയയിലും ഭൂകമ്പം കനത്ത നാശം വിതച്ചത്.

ഇരു രാജ്യങ്ങളിലുമായി ഇതുവരെ ഇരുപതിനായിരത്തിലധികം പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ശാസ്ത്രം ഏറെ വളര്‍ന്നെങ്കിലും ഭൂകമ്പങ്ങള്‍ ഉണ്ടാവുന്നത് മുന്‍കൂട്ടി പ്രവചിക്കാന്‍ മനുഷ്യന് ഇതുവരെ കഴിഞ്ഞിട്ടില്ല. അതാണ് ദുരന്തം വളരെയധികം ആളുകളെ ബാധിക്കുന്നത്. എന്നാല്‍ ഭൂകമ്പ lങ്ങള്‍ ഉണ്ടാകാന്‍ കൂടുതല്‍ സാദ്ധ്യതയുള്ള പ്രദേശങ്ങള്‍ നേരത്തേ തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌, ഇന്ത്യയിലെ മൊത്തം ഭൂപ്രദേശത്തിന്റെ പകുതിയിലധികവും ഭൂകമ്പമേഖലകളിലാണ്. ഇവയെ വളരെ ഉയര്‍ന്ന അപകട സാദ്ധ്യതുള്ള പ്രദേശങ്ങള്‍, ഉയര്‍ന്ന അപകട സാദ്ധ്യതയുള്ള പ്രദേശങ്ങള്‍, മിതമായ അപകട സാദ്ധ്യതയുള്ള പ്രദേശങ്ങള്‍ എന്നിങ്ങനെയാണ് തരംതിരിച്ചിട്ടുള്ളത്.

ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളുടെ ചില ഭാഗങ്ങള്‍ എന്നിവ വളരെ ഉയര്‍ന്ന അപകടസാദ്ധ്യതയുള്ള മേഖലയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. ജമ്മു-കാശ്മീര്‍, ലഡാക്ക്, ഉത്തരാഖണ്ഡ് എന്നിവയുള്‍പ്പെടെ മിക്ക പശ്ചിമ ഹിമാലയന്‍ സംസ്ഥാനങ്ങളും; ഹിമാചല്‍ പ്രദേശിന്റെ ഭൂരിഭാഗവും, പഞ്ചാബിന്റെ ചില ഭാഗങ്ങള്‍, ഹരിയാന, ഉത്തര്‍പ്രദേശ്, ബീഹാര്‍, വടക്കന്‍ പശ്ചിമ ബംഗാള്‍, സിക്കിം, ഗുജറാത്ത്, മഹാരാഷ്ട്ര എന്നിവ ഉയര്‍ന്ന അപകട സാദ്ധ്യതയുള്ള പ്രദേശങ്ങളിലാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

നഗരങ്ങളുടെ കാര്യത്തില്‍ ഗുവാഹത്തി, ശ്രീനഗര്‍, പോര്‍ട്ട് ബ്ലെയര്‍ എന്നിവ ഉയര്‍ന്ന അപകട സാദ്ധ്യതുള്ള പ്രദേശങ്ങളിലാണ് ഉള്‍പ്പെടുന്നത്. ഡല്‍ഹി, കൊല്‍ക്കത്ത, പട്‌ന, ഷിംല, ലുധിയാന, അമൃത്‌സര്‍, ചണ്ഡീഗഡ്, ഡാര്‍ജിലിംഗ്, ഗാസിയാബാദ്, അംബാല, ഡെറാഡൂണ്‍, ഗോരഖ്, മൊറാദാബാദ്, നൈനിറ്റാള്‍, റൂര്‍ക്കി എന്നിവ ഉയര്‍ന്ന അപകട സാദ്ധ്യതയുള്ള പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന നഗരങ്ങളായാണ് പഠന റിപ്പോർട്ടിൽ കണക്കാക്കുന്നത്.