ഒമ്പത് നാഷണല്‍ ഇൻസ്റ്റിറ്റ്യൂട്ടുകള്‍ മാറ്റുരയ്ക്കുന്ന സമ്മോഹനിൽ വിവിധ സംസ്‌ഥാനങ്ങളിലെ ആയിരത്തിൽപരം കുട്ടികളാണ് പങ്കെടുക്കുന്നത്.
കലാപരിപാടികൾക്ക് പുറമെ
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവിഷ്‌ക്കരിച്ചിട്ടുള്ള വിവിധ പദ്ധതികളെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസുകളും ഭിന്നശേഷി പരിചരണം സംബന്ധിച്ചുള്ള സെമിനാറുകളും പ്രദര്‍ശനങ്ങളും സമ്മോഹന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കേവലം ഒരു കലോത്സവം എന്നതിനപ്പുറം ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയുടെ ഭാഗമാക്കാനുതകുന്ന സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് ദേശീയകലാമേളയിൽ നടക്കുന്നത്.
കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്‌ഥാനമാക്കാന്‍ എല്ലാ തരത്തിലുമുള്ള ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ്
ഭിന്നശേഷി ദേശീയ കലാമേളയ്ക്ക് നമ്മൾ ആതിഥ്യമരുളുന്നത്. സാമൂഹികമായി പാര്‍ശ്വവത്ക്കരിക്കപ്പെട്ടതിന്റെ ഫലമായി ആരും നവകേരള നിര്‍മ്മിതിയില്‍ നിന്നും മാറിനില്‍ക്കരുത് എന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ട്. അതിനാൽ കൂടിയാണ് ഈ ദേശീയ കലാമേളയ്ക്ക് വേദിയാകുന്നത്.
പരിമിതികളുടെ ലോകത്തുനിന്നും പ്രത്യേക ശേഷികളുടെ ലോകത്തേക്കുള്ള കുഞ്ഞുങ്ങളുടെ പ്രയാണത്തിന് എല്ലാ അർത്ഥത്തിലും കരുത്തുപകരുന്ന സമ്മോഹൻ, കലാവതരണത്തിന്റെയും ആസ്വാദനത്തിന്റെയും വേദി എന്നതിലുപരി അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പാഠങ്ങള്‍ പകർന്നുനല്‍കുന്ന ഒരു വേദിയായിക്കൂടി മാറുമെന്നുറപ്പാണ്.