ജഡ്ജിമാരുടെ പേരിൽ സൈബി കോഴ വാങ്ങി; കേസെടുത്ത് അന്വേഷണം ആരംഭിച്ചു
February 02, 2023
ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വക്കേറ്റ് സൈബി ജോസ് കിടങ്ങൂരിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഡോ. ദർവേഷ് സാഹിബ്ന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റ് എസ് പി, കെ എസ് സുദർശൻ ആണ് അന്വേഷണത്തിന് നേതൃത്വം നൽകും. അഴിമതി നിരോധന നിയമ വകുപ്പ് 7(1), ഇന്ത്യന്‍ ശിക്ഷാ നിയമം വകുപ്പ് 420 എന്നിവ പ്രകാരമാണ് കേസ്. മൂന്ന് ജഡ്ജിമാരുടെ പേരില്‍ അഭിഭാഷകന്‍ പണം കൈപ്പറ്റിയതായി മൊഴിയുണ്ടെന്ന് ഹൈക്കോടതി വിജിലന്‍സ്, ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരം സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി കൈമാറുകയും തുടർന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് കേസെടുത്തത്. ഉടൻ അറസ്റ്റ് ഉൾപ്പടെ ഉള്ള നടപടികളിലേക്ക് അന്വേഷണസംഘം നീങ്ങില്ലെന്നാണ് സൂചന.ഇതിനിടെ തനിക്കെതിരെ ഉയർന്ന ആരോപണങൾ സൈബി ജോസ് കിടങ്ങൂർ തള്ളി. വ്യക്തി വൈരാഗ്യമാണ് പരാതിക്ക് പിന്നിൽ എന്നാണ് നിലപാട്. അതേസമയം കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ അഭിഭാഷക അസോസിയേഷൻ സ്ഥാനത്ത് സൈബി ജോസ് കിടങ്ങൂരിന് തുടരാനാകില്ല.