പ്രണയാഭ്യര്‍ഥന നിരസിച്ചു; യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍

പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയെ കൊലപ്പെടുത്താല്‍ ശ്രമിച്ച ഇന്‍സ്റ്റഗ്രാം സുഹൃത്ത് അറസ്റ്റില്‍. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്താണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട യുവതി പ്രണയാഭ്യര്‍ഥന നിരസിച്ചപ്പോള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കാന്‍ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. യുവതിയുടെ വീട്ടിലേയ്ക്ക് പ്രതി കയറി വരുന്നത് കണ്ട മാതാവ് ഉടന്‍ വാതിലടച്ചതിനാല്‍ ഇയാള്‍ക്ക് വീടിനകത്തേയ്ക്ക് കയറാന്‍ കഴിഞ്ഞില്ല. ഇയാളുടെ പക്കല്‍ നിന്ന് പെട്രോളും ലൈറ്ററും പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.