കഴിഞ്ഞ ദിവസം മുടപുരം ആയുര്‍വേദാശുപത്രിക്കു സമീപം സ്ത്രീകള്‍ മാത്രമുളള വീട്ടിലെത്തിയ രണ്ടംഗ സംഘം തങ്ങള്‍ പാചകവാചക വിതരണം നടത്തുന്ന ചിറയിന്‍കീഴിലെ റീട്ടെയില്‍ കടയില്‍ നിന്നാണു വരുന്നതെന്നും പാചകവാതകത്തിനു മുന്‍കൂര്‍ റജിസ്‌ട്രേഷന്‍ നടത്തിയിട്ടുണ്ടോയെന്നു
ആരാഞ്ഞശേഷം സിലിണ്ടര്‍ ഉടന്‍ വേണമെങ്കില്‍ 1100 രൂപ നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
സിലിണ്ടര്‍ ക്ഷാമമായതിനാല്‍ സ്ഥിരമായി വരുന്നവര്‍ അവധിയിലാണെന്നും അറിയിച്ചാണു പണം വാങ്ങി വന്ന ബൈക്കില്‍ സ്ഥലം കാലിയാക്കിയത്. സമാനമായ സംഭവം കുറക്കട പുകയിലത്തോപ്പില്‍ ഭാഗത്തും അരങ്ങേറി. സംശയം തോന്നിയ വീട്ടമ്മമാര്‍ തുടര്‍ന്നു ചിറയിന്‍കീഴിലെ തമ്പുരാട്ടി ഗ്യാസ് ഏജന്‍സിയില്‍ ഫോണില്‍ വിളിച്ചന്വേഷിച്ചപ്പോഴാണു തട്ടിപ്പ് പുറത്തായത്. ഇതിനിടെ തട്ടിപ്പിനിരയായവരില്‍ ചിലര്‍ വീടുകളിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു പണം തട്ടിപ്പിനു നേതൃത്വം നല്‍കിയ ഒരു യുവാവിനെ തിരിച്ചറിയുകയും ചിറയിന്‍കീഴ് പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു