പിതൃതര്‍പ്പണ പുണ്യം തേടി ആയിരങ്ങള്‍; ശിവക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക്

കൊച്ചി• ശിവരാത്രി ഉത്സവത്തിന്റെ ഭാഗമായുള്ള ബലിതർപ്പണം നടത്തി ആയിരങ്ങൾ. കോവിഡ് തീർത്ത 2 വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള മഹാശിവരാത്രി നാളിൽ ആലുവ മണപ്പുറത്തു വൻ ജനാവലി പിതൃബലി തർപ്പണം നടത്തി. ഒരിക്കലെടുത്ത്, ഉറക്കമൊഴിച്ച്, ശിവപഞ്ചാക്ഷരി ചൊല്ലി അനേകായിരങ്ങൾ മണപ്പുറത്തു രാത്രി ചെലവഴിച്ചു.അർധരാത്രി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് ഔപചാരികമായി പിതൃകർമങ്ങൾ തുടങ്ങിയത്. വൈകിട്ടു തന്നെ പുഴയോരത്തെ ബലിത്തറകൾ ജനനിബിഡമായി. മണപ്പുറത്തേക്കുള്ള വഴികൾ തിങ്ങിനിറഞ്ഞു. ലക്ഷാർച്ചനയ്ക്കും ദീപാരാധനയ്ക്കും വൻ തിരക്ക് അനുഭവപ്പെട്ടു.തിരക്ക് കണക്കിലെടുത്ത് ബലിതർപ്പണത്തിനായി പെരിയാർ തീരത്ത് 114 ബലിത്തറകളാണ് ദേവസ്വം ബോർഡ് ഒരുക്കിയിട്ടുള്ളത്. അമാവാസി അവസാനിക്കുന്ന നാളെ രാവിലെ 11 വരെ ബലിതർപ്പണം നീണ്ടുനിൽക്കും. ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ആയിരങ്ങൾ ബലിതർപ്പണം നടത്തി.ആലുവ ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിച്ചു. ആലുവയിലേക്കു നീട്ടിയ ഷൊർണൂർ ജംക്‌ഷൻ – തൃശൂർ (06461) അൺ റിസർവ്ഡ് എക്സ്പ്രസിന് ഒല്ലൂർ, പുതുക്കാട്, നെല്ലായി, ഇരിങ്ങാലക്കുട, ചാലക്കുടി, ഡിവൈൻ നഗർ, കൊരട്ടി അങ്ങാടി, കറുകുറ്റി, അങ്കമാലി, ചൊവ്വര എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ഇന്നു രാത്രി 11.10നു തൃശൂരി‍ൽ നിന്നു തിരിച്ച്, 19നു പുലർച്ചെ 12.25ന് ആലുവയിലെത്തും.ദിവസവുമുള്ള തൃശൂർ – കണ്ണൂർ അൺ റിസർവ്ഡ് എക്സ്പ്രസ് (16609) നാളെ പുലർച്ചെ 5.05ന് ആലുവയി‍ൽ നിന്നാണ് സർവീസ് തുടങ്ങുക. ചൊവ്വര, അങ്കമാലി, കറുകുറ്റി, കൊരട്ടി അങ്ങാടി, ഡിവൈൻ നഗർ, ചാലക്കുടി, ഇരിങ്ങാലക്കുട, നെല്ലായി, പുതുക്കാട്, ഒല്ലൂർ, മുള്ളൂർക്കര, വള്ളത്തോൾ നഗർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. തൃശൂരിൽ 6.30ന് എത്തും. ദിവസവുമുള്ള നിലമ്പൂർ റോഡ്– കോട്ടയം എക്സ്പ്രസിന് (16325) 18നു മുള്ളൂർക്കര, ഒല്ലൂർ, നെല്ലായി, കൊരട്ടി അങ്ങാടി എന്നിവിടങ്ങളിലാണ് അധിക സ്റ്റോപ്.ശിവരാത്രി ആഘോഷത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോ സർവീസ് സമയം ഇന്നും നാളെയും നീട്ടി. ആലുവയിൽ നിന്നും എസ്എൻ ജംക്‌ഷനിൽ നിന്നും ഇന്നു രാത്രി 11.30 വരെ ട്രെയിൻ സർവീസുണ്ട്. രാത്രി 10.30നു ശേഷം 30 മിനിറ്റ് ഇടവേളകളിലായിരിക്കും സർവീസ്. നാളെ പുലർച്ചെ 4.30 നു മെട്രോ സർവീസ് തുടങ്ങും. രാവിലെ 7 വരെ 30 മിനിറ്റ് ഇടവിട്ടും 7 മുതൽ 9 വരെ 15 മിനിറ്റ് ഇടവിട്ടുമാണു സർവീസ്. 19നു നടക്കുന്ന യുപിഎസ്‌സി എൻജിനീയറിങ് സർവീസ്, കംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷ എഴുതാൻ എത്തുന്നവർക്കും ഉപകാരപ്പെടുന്ന രീതിയിലാണു സമയക്രമമെന്ന് കെഎംആർഎൽ അറിയിച്ചു.