രാക്ഷസക്കൊന്ന ആര്യങ്കാവിലും: വേരോടെ നശിപ്പിക്കാൻ നടപടി

കേരളത്തിലെ പല കാടുകളിലും ഇതിനകം നുഴഞ്ഞ് കയറിയ മഞ്ഞക്കൊന്ന, സ്വർണ്ണക്കൊന്ന എന്നീ പേരുകളിലും അറിയപ്പെടുന്ന രാക്ഷസക്കൊന്ന ആര്യങ്കാവ് കാടുകളിലും. വനത്തിന്റെയും വന്യജീവികളുടെയും അന്തകനായിട്ടാണ് രാക്ഷസകൊന്നയെ വനംവകുപ്പ് കാണുന്നത്. തെന്മല ഡിവിഷനിലെ ആര്യങ്കാവ് കടമാൻപാറ അരുവിക്കെട്ട് ഭാഗത്താണ് 'സെന്നസയാമ' എന്ന ശാസ്ത്രീയ നാമത്തിലുള്ള രാക്ഷസകൊന്നയെ കണ്ടത്.
7 മുതൽ 18 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഇതിൻെറ ജന്മദേശം മധ്യ-തെക്കേ അമേരിക്കയാണ്. മറ്റൊരു ചെടിയേയും ഇത് സമീപത്ത് വളരാൻ അനുവദിക്കാത്തതിനാൽ, ഇത് വളരുന്ന പ്രദേശം മരുന്നടിച്ച് കുറ്റിച്ചെടികൾ ഇല്ലാതാക്കിയ ഭൂമി പോലെയാകും.
അതോടെ ഭക്ഷണ ലഭ്യത കുറയുന്നതിനാൽ മൃഗങ്ങളും, പക്ഷികളും ഈ പ്രദേശങ്ങൾ വിട്ടു പോകും. മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാൻ ഇതൊരു കാരണമായി തീരും

ഇതിൻെറ വിത്തുകൾ 8 മുതൽ 9 വർഷം വരെ മണ്ണിൽ യാതൊരു കേടുംകൂടാതെ കിടക്കും എന്നതിനാൽ, ഈ സസ്യത്തിൻെറ പരിപൂർണ്ണ ഉന്മൂലനം മാത്രമാണ് ഒരേയൊരു പരിഹാരം. ഇത്രയും സ്ഥലത്തെ സസ്യങ്ങളെ മഴുവനായും ഇല്ലാതാക്കാൻ കോടിക്കണക്കിന് രൂപയും ഏകദേശം 12 വർഷത്തോളം നീളുന്ന അധ്വാനവും വേണ്ടിവരും എന്നാണ് വനംവകുപ്പിൻെറ കണക്കുകൂട്ടൽ.

  ആര്യങ്കാവിലെ അരുവിക്കെട്ടിൽ വിവിധ വകഭേദങ്ങളിലുള്ള 45 മരങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. 
2004-05 ൽ സംസ്ഥാനത്തെ വനങ്ങൾ പുഷ്ടിപ്പെടുത്താൻ വിദേശത്തുനിന്നു പുതിയയിനം സസ്യജാലങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ നാശകാരികളായ സെന്നസയാമയും കടന്നു കൂടിയെന്നാണ് വനംവകുപ്പ് പറയുന്നത്. ഇറക്കുമതി ചെയ്ത സസ്യങ്ങൾ‌ കടമാൻപാറയിലും നട്ടുപിടിപ്പിച്ചിരുന്നു. രാക്ഷസകൊന്നയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ ആര്യങ്കാവ് റേഞ്ച് ഓഫിസർ പാലോട് ബോട്ടാണിക്കൽ ഗാർഡൻ അധിക‍ൃതരെ അറിയിച്ചു.

പാലോട് നിന്നു ടെക്‌നിക്കൽ ഓഫിസർമാരായ ഡോ. ഇ.എസ്.സന്തോഷ് കുമാർ, എസ്.എം.ഷെരീഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ജനുവരി 25ന് കടമൻപാറ സന്ദർശിച്ച് ഈ മരങ്ങൾ സെന്നസയാമ ആണെന്ന് തിരിച്ചറിഞ്ഞു. മലേഷ്യ, ലാവോസ്, കംബോഡിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്നുള്ള ഒരു വിദേശ അലങ്കാര വൃക്ഷമാണ് സെന്നസയാമ എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ കാപ്പി, തേയില തോട്ടങ്ങളിൽ തണൽ ചെടിയായി നട്ടുപിടിപ്പിച്ചിരുന്നത് പിന്നീട് ഇതു കാടുകയറി.
കടമൻപാറയിലെ വലിയ മരങ്ങൾ കൂടാതെ നിരവധി ചെറു മരങ്ങളും തൈകളും കണ്ടെത്തി. ആക്രമണകാരിയായ ഇനത്തിൽ നിന്ന് തദ്ദേശീയ സസ്യങ്ങളെ രക്ഷിക്കാൻ, സെന്നസയാമയുടെ എല്ലാമരങ്ങളും വേഗം നശിപ്പിക്കാനും ഇവർ നിർദേശം നൽകി. നാശകാരിയായ രാക്ഷസകൊന്ന വർഗത്തിൽപ്പെട്ട സസ്യങ്ങൾ മറ്റ് മരങ്ങൾ നശിപ്പിക്കുന്നതുപോലെ ഇല്ലായ്മ ചെയ്യാൻ കഴിയില്ല. മൂടോടെ മുറിച്ചു കളഞ്ഞാലും അടിവേരുകളിൽ നിന്നു വീണ്ടും പൊട്ടിക്കിളിർക്കും.
അതിനാൽ മുറിക്കാതെയും പിഴുതുമാറ്റാതെയും മൂടോടെ പടിപടിയായി ഉണക്കി നശിപ്പിക്കുകയാണ് ചെയ്യുന്നത്. ചുവട്ടിൽ നിന്നും ഒരു മീറ്റർ വരെ ഉയരത്തിൽ പുറംതൊലിയും ഉള്ളിലെ വെളുത്ത തൊലിയും 40 ശതമാനം വരെ ചെത്തി നീക്കി ക്രമേണ മരം ഉണക്കി നശിപ്പിക്കുകയാണ് ചെയ്യുന്നത്. കടമാൻപാറയിൽ ഈ നടപടി പൂർത്തിയായി വരുന്നു. അടുത്ത മഴക്കാലത്തോടെ ഇനി കിളിർത്തുവരുന്ന തൈകളും ശാസ്ത്രീയമായി നശിപ്പിക്കുമെന്ന് കടമാൻപാറ ഫോറസ്റ്റ് സ്റ്റേഷൻ ഡപ്യൂട്ടി റേഞ്ച് ഓഫിസർ ശ്രീജിത്ത് പറഞ്ഞു. സമീപത്തെ എസ്റ്റേറ്റുകളിലുള്ള മഞ്ഞകൊന്നയുടെ വകഭേദത്തിലുള്ള തണൽ വൃക്ഷങ്ങൾ നശിപ്പിക്കാൻ നോട്ടിസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.