ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ അഭിഭാഷക അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. സൈബി ജോസിനെതിരെ കേസെടുത്തു. എജിയുടെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്. കേസിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് നീക്കം.ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണൻ, ജസ്റ്റിസ് മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് സിയാദ് റഹ്മാൻ എന്നിവർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് സൈബി ജോസ് 77 ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. ആരോപണങ്ങളിൽ വിശദീകരണം നൽകാൻ സൈബിയോട് ബാർ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാർ കൗൺസിൽ ഓഫ് കേരള കേൾക്കും.