തിരുവനന്തപുരം ജില്ലയിൽ കാർഷിക സെൻസസിന്റെ ആദ്യഘട്ട പ്രവർത്തനം പൂർത്തിയാക്കി മടവൂർ ഗ്രാമപഞ്ചായത്ത്. വിവരണശേഖരണ പ്രവർത്തനങ്ങൾ നടത്തിയ എന്യൂമറേറ്റർമാർക്കുള്ള സർട്ടിഫിക്കറ്റ് ജില്ലാ കളക്ടർ ജെറോമിക് ജോർജ് വിതരണം ചെയ്തു.
ഐക്യരാഷ്ട്ര സഭ ഭക്ഷ്യകാർഷിക സംഘടനയുടെ നിർദേശപ്രകാരം രാജ്യവ്യാപകമായി നടത്തുന്ന കാർഷിക സെൻസസിന്റെ നടത്തിപ്പ് ചുമതല സാമ്പത്തിക സ്ഥിതി വിവര കണക്ക് വകുപ്പിനാണ്. മാർച്ചോടെ ജില്ലയിലെ ആദ്യഘട്ട പ്രവർത്തനങ്ങൾ പൂർത്തിയാകും. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന സെൻസസിൽ, താത്കാലികമായി തെരഞ്ഞെടുത്ത എന്യൂമറേറ്റർമാർ വഴിയാണ് ആദ്യഘട്ട വിവരശേഖരണം നടത്തുന്നത്. വാർഡുകളിലെ മുഴുവൻ വീടുകളും സന്ദർശിച്ച് ഭൂമി കൈവശക്കാരുടെ പട്ടിക തയാറാക്കുന്നതാണ് ഒന്നാം ഘട്ടം. ഭൂമിയുടെ വിസ്തൃതി, ഉടമസ്ഥാവകാശം, കൃഷി ഇനം, സാമൂഹ്യ വിഭാഗം, ലിംഗം തുടങ്ങിയ പ്രാഥമിക വിവരങ്ങൾ ഇതിന്റെ ഭാഗമായി ശേഖരിക്കും. രണ്ടാം ഘട്ടത്തിലാണ് പ്രധാന സർവേ നടക്കുന്നത്. കൈവശാനുഭവ ഭൂമിയുടെ വിതരണം, ഉടമസ്ഥത, ഭൂവിനിയോഗം, ജലസേചനം, വിളകളുടെ രീതി എന്നിവ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും. മൂന്നാം ഘട്ടത്തിൽ വളം, കീടനാശിനി എന്നിവയുടെ ഇൻപുട്ട് സർവേയും നടക്കും.
ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ അനീഷ് കുമാർ.ബി, ചിറയിൻകീഴ് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ ജിജി ടൈറ്റസ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്ട്രക്ടർ മനോഷ് കുറുപ്പ് എന്നിവരും പങ്കെടുത്തു.