തിരുവനന്തപുരം: പൊലീസ് സ്റ്റേഷനുള്ളിൽ വെച്ച് കോസ്റ്റൽ വാർഡന് നേരെ ലൈംഗിക അതിക്രമം കാണിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. പൂവാർ കോസ്‌റ്റൽ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ആദർശിന് എതിരെയാണ് പൂവാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സ്റ്റേഷന് ഉള്ളിൽ ചായ ഇട്ടുകൊണ്ട് നിൽക്കുകയായിരുന്നു കോസ്റ്റൽ വാർഡനായ യുവതിയെ പിന്നിലൂടെ എത്തിയ ആദർശ് ശരീരത്തിൽ സ്പർശിച്ചെന്നും അതിക്രമം കാട്ടാൻ ശ്രമിച്ചു എന്നുമാണ് പരാതി.തുടർന്ന് യുവതി തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൂവാർ പൊലീസ് ആദർശിന് എതിരെ കേസെടുക്കുകയായിരുന്നു. വനിതാ സെൽ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ആദർശിനെതിരെ ലൈംഗിക അതിക്രമത്തിന് പൊലീസ് കേസെടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പ് ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇയാൾക്ക് എതിരെ തുടർ നടപടികൾ ഉണ്ടാകുമെന്നാണ് പൂവാർ പൊലീസ് അറിയിച്ചു.