പിതാവിന്റെ മൃതദേഹം കാത്ത് നിന്നപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ക്രൂര മര്‍ദനമേറ്റതായി ചൂണ്ടിക്കാട്ടി യുവാവ് പരാതി സമര്‍പ്പിച്ചു. നെടുമങ്ങാട് സ്വദേശി അഖിലാണ് മെഡിക്കല്‍ കോളജ് പൊലീസിന് പരാതി നല്‍കിയത്. ജാമ്യം ലഭിക്കുന്ന നിസാര വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നതെന്ന് യുവാവ് ആരോപിച്ചു.ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ് മെഡിക്കല്‍ കോളജിലെ ട്രാഫിക് വാര്‍ഡന്മാരായ സജീവനും ഷഫീഖും അഖിലിനെ മര്‍ദിച്ചത്. ഹൃദയ സ്തംഭനത്തത്തുടര്‍ന്ന് മരിച്ച പിതാവിന്റെ മൃതദേഹം ഏറ്റുവാങ്ങാന്‍ കാത്ത് നില്‍ക്കുകയായിരുന്നു അഖിലും സുഹൃത്തും. പുറത്തുപോയി വന്ന ഇവര്‍ ഒ.പി. കവാടത്തിലൂടെ ആശുപത്രിക്കകത്തേക്കു കയറാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമായത്.വാക്കേറ്റം ഉണ്ടാവുകയും തുടര്‍ന്ന് കൂടുതല്‍ ട്രാഫിക് വാര്‍ഡന്മാരെത്തി ഇവരെ സെക്യൂരിറ്റി ഓഫീസറുടെ മുറിക്കു സമീപം എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെ കസേരയില്‍ ഇരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവം അറിഞ്ഞിട്ടുണ്ടെന്നും പരാതിയുമായി ആരും എത്തിയില്ലെന്നും മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു. അതേസമയം ഒ.പി.യിലിരുന്ന് മദ്യപിച്ചത് ചോദ്യംചെയ്യുക മാത്രമാണുണ്ടായതെന്നാണ് മെഡിക്കല്‍ കോളജ് ജീവനക്കാര്‍ പറയുന്നത്.