അബുദാബി: യുഎഇയില്‍ പ്രവാസികളുടെ താമസ വിസ പുതുക്കുന്നതിന് ബാധകമായ പുതിയ മാനദണ്ഡം പ്രാബല്യത്തില്‍. ഇനി മുതല്‍ ആറ് മാസത്തിലധികം കാലാവധിയുള്ള താമസ വിസകള്‍ പുതുക്കാന്‍ സാധിക്കില്ല. രാജ്യത്തെ ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയാണ് (ഐ.സി.പി) ഇക്കാര്യം അറിയിച്ചത്. യുഎഇയിലെ വിസാ നിയമങ്ങളില്‍ ഫെബ്രുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ സ്‍മാര്‍ട്ട് സേവനങ്ങളുടെ ഭാഗമായാണ് ഈ മാറ്റം. നേരത്തെ ഒരു വര്‍ഷം വരെ കാലാവധിയുള്ള താമസ വിസകള്‍ പുതുക്കാന്‍ അനുമതി നല്‍കിയിരുന്നു. ഇനി മുതല്‍ ആറ് മാസത്തില്‍ താഴെ കാലാവധിയുള്ള വിസകള്‍ മാത്രമേ പുതുക്കാന്‍ സാധിക്കൂ. അതേസമയം വിസ റദ്ദാക്കുകയും വിവരങ്ങളില്‍ മാറ്റം വരുത്തുകയും ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഒട്ടേറെ സേവനങ്ങള്‍ ഇപ്പോള്‍ വ്യക്തിഗത സ്‍മാര്‍ട്ട് അക്കൗണ്ട് വഴി ചെയ്യാന്‍ സാധിക്കും.നിലവില്‍ വിസയുടെയും എമിറേറ്റ്സ് ഐഡിയുടെയും വിവരങ്ങള്‍ പരസ്‍പരം ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഇവ പതുക്കുന്നതിന് പ്രത്യേക അപേക്ഷകളുടെ ആവശ്യമില്ല. ഓണ്‍ലൈനായി തന്നെ ഒരൊറ്റ അപേക്ഷ നല്‍കിയാല്‍ മതിയാവും. ശേഷം വിരലടയാളം നല്‍കേണ്ടവര്‍ നിശ്ചിത കേന്ദ്രങ്ങളില്‍ നേരിട്ട് ഹാജരായി അതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണം. ഫെഡറല്‍ അതോരിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയുടെ വെബ്‍സൈറ്റ് വഴിയാണ് സ്‍മാര്‍ട്ട് സേവനങ്ങള്‍ ലഭ്യമാവുക. ആദ്യമായി ഉപയോഗിക്കുന്നവര്‍ വ്യക്തിഗത വിവരങ്ങള്‍ നല്‍കി യൂസര്‍ഐഡിയും പാസ്‍വേഡും തെരഞ്ഞെടുത്ത് അക്കൗണ്ട് സൃഷ്ടിക്കണം. അതിന് ശേഷം വിസ പുതുക്കുന്നതിനുള്ള മെനു തെരഞ്ഞെടുത്ത് വിവരങ്ങള്‍ നല്‍കണം. ഫീസ് അടച്ച് ഇടപാട് പൂര്‍ത്തീകരിക്കാം. വിസയുടെ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുന്ന പുതിയ എമിറേറ്റ്സ് ഐഡി പോസ്റ്റില്‍ ലഭിക്കും. വിസ പുതുക്കാന്‍ അപേക്ഷ നല്‍കുമ്പോള്‍ പാസ്‍പോര്‍ട്ടിന് കുറഞ്ഞത് ആറ് മാസമെങ്കിലും കാലാവധി ഉണ്ടായിരിക്കണം. മെഡിക്കല്‍ പരിശോധന പൂര്‍ത്തീകരിക്കുകയും ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്തിരിക്കുകയും വേണം.