മകന് വേണ്ടി ഒന്നിച്ച് ലിസിയും പ്രിയനും; കയ്യടിച്ച് പ്രേക്ഷകരും

മകന് വേണ്ടി ഒന്നിച്ച് ലിസിയും പ്രിയദർശനും. ഏറെ നാളുകൾക്കു ശേഷം പ്രിയദർശനെയും ലിസിയെയും ഒന്നിച്ചു കണ്ടതിന്റെ സന്തോഷത്തിലാണ് മലയാളി പ്രേക്ഷകർ. ‌മകന്‍ സിദ്ധാർഥ് പ്രിയദര്‍ശന്റെ വിവാഹത്തിനാണ് വിവാഹമോചിതരായി അകന്നു താമസിക്കുന്ന ലിസിയും പ്രിയനും ഒരുമിച്ച് വീണ്ടുമെത്തിയത്. അമേരിക്കന്‍ പൗരയും വിഷ്വല്‍ എഫക്റ്റ്സ് പ്രൊഡ്യൂസറുമായ മെര്‍ലിന്‍ ആണ് സിദ്ധാർഥിന്റെ വധു. ചെന്നൈയിലെ ഫ്‌ളാറ്റില്‍ വളരെ സ്വകാര്യവുമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണിയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.മലയാള സിനിമയിലെ എവർഗ്രീൻ ദമ്പതികളായിരുന്ന സംവിധായകൻ പ്രിയദർശനും നടി ലിസിയും 24 വർഷത്തെ വിവാഹ ജീവിതം അവസാനിപ്പിച്ച് പിരിയാൻ തീരുമാനിച്ചത് ഏവരെയും അമ്പരപ്പിച്ചിരുന്നു. 1990 ലായിരുന്നു ലിസി–പ്രിയൻ വിവാഹം നടന്നത്. പ്രിയദർശൻ സിനിമകളിലെ സ്ഥിരം നായികയായിരുന്നു ലിസി. സിനിമാ തിരക്കുകൾക്കിടയിൽ ഇരുവരും തമ്മിലുണ്ടായ സൗഹൃദം ഗാഢബന്ധത്തിലേക്ക് വഴുതിമാറിയിരുന്നു. വിവാഹത്തിന് ശേഷം അവരുടെ ജീവിതം സുഹൃത്തുക്കളടക്കം അസൂയയോടെയാണ് നോക്കിക്കണ്ടിരുന്നത്. സിദ്ധാർഥ്, കല്യാണി എന്നിവരാണ് മക്കൾ.2015 ലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് പിരിയാൻ തീരുമാനിച്ചു എന്ന് ഇരുവരും പ്രഖ്യാപിച്ചത്. കാൽ നൂറ്റാണ്ടോളം സന്തുഷ്ടരായി ജീവിച്ച ലിസിയും പ്രിയനും വേർപിരിയാൻ തീരുമാനിച്ചത് അടുത്ത സുഹൃത്തുക്കളെപ്പോലും ഞെട്ടിച്ചു. എന്തുകൊണ്ട് പിരിയുന്നു എന്ന് ഇരുകൂട്ടരും പറഞ്ഞിട്ടില്ല മാത്രമല്ല പിരിയുന്നതിലെ വേദന ഇരുവരും പങ്കുവച്ചിരുന്നു. ആത്മസുഹൃത്തുക്കളായ സുരേഷ് കുമാറും മോഹൻലാലുമടക്കം പലരും പലതവണ ഇടപെട്ടിട്ടും ലിസിയെയും പ്രിയനെയും ഒരുമിപ്പിക്കാനായില്ല. ഇരുവരും ചേർന്ന് നൽകിയ സംയുക്ത ഹർജി 2016 ൽ കോടതി തീർപ്പാക്കി ഇവര്‍ക്ക് നിയമപ്രകാരം വിവാഹമോചനം അനുവദിച്ചു. വേർപിരിഞ്ഞെങ്കിലും പല ചടങ്ങുകളിലും ഇരുവരെയും നല്ല സുഹൃത്തുക്കളായി കാണാറുണ്ടായിരുന്നു.പിരിഞ്ഞു ജീവിക്കുന്നെങ്കിലും മകൻ സിദ്ധാർഥിന്റെയും മകൾ കല്യാണിയുടെയും ഏതു കാര്യത്തിന് ഇരുവരും ഒന്നിക്കാറുണ്ട്. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തിയും അവരുടെ ഏതുകാര്യത്തിനും ഒന്നിച്ചുണ്ടാകുമെന്നും വ്യക്തമാക്കിയായിരുന്നു ഇവർ പിരിഞ്ഞത്. ലിസിയും പ്രിയനും കുട്ടികളും ഒരുമിച്ചൊരു വേദിയിൽ എത്തിയത് മലയാളി പ്രേക്ഷകര്‍ക്കും മറക്കാനാകാത്ത കാഴ്ചയായി.ചന്തു എന്ന് അടുപ്പമുള്ളവർ വിളിക്കുന്ന സിദ്ധാർഥ് അമേരിക്കയിൽ ഗ്രാഫിക്സ് കോഴ്സ് കഴിഞ്ഞു തിരിച്ചെത്തിയ ശേഷം അച്ഛൻ പ്രിയൻ സംവിധാനം ചെയ്ത മരക്കാറിൽ വിഎഫ്എക്സ് സൂപ്പർവൈസറായി വർക്ക് ചെയ്തിരുന്നു. ഈ ചിത്രത്തിന് സിദ്ധാർഥിന് ദേശീയപുരസ്‌ക്കാരം ലഭിച്ചിരുന്നു. മരക്കാറിൽ കല്യാണി പ്രിയദർശനും അഭിനയിച്ചിരുന്നു.