ഇൻഡോർ: മാർക്ക് ലിസ്റ്റ് വൈകിയെന്നാരോപിച്ച് പൂർവവിദ്യാർഥി പെട്രോളൊഴിച്ചു തീകൊളുത്തിയതിനെത്തുടർന്ന് ചികിത്സയിലായ പ്രിൻസിപ്പൽ ആശുപത്രിയിൽ മരണത്തിനു കീഴടങ്ങി. ഇൻഡോറിലെ ബിഎം ഫാർമസി കോളജ് പ്രിൻസിപ്പൽ വിമുക്ത ശർമയാണ്(54) ശനിയാഴ്ച പുലർച്ചെ നാലു മണിയോടെ ആശുപത്രിയിൽ മരിച്ചത്. ഫെബ്രുവരി 20 നാണ് മാർക്ക് ലിസ്റ്റ് വൈകുന്നു എന്നാരോപിച്ച് നടത്തിയ തർക്കത്തിനിടെ അശുതോഷ് ശ്രീവാസ്തവ(24) എന്ന പൂർവ വിദ്യാർഥി വിമുക്ത ശർമയുടെ ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയത്. സഹപ്രവർത്തകർ വിമുക്തയെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും 90 ശതമാനത്തിലേറെ പൊള്ളലേറ്റതിനാൽ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അശുതോഷ് സ്ഥിരമായി കോളജിലെത്തി ഭീഷണിപ്പെടുത്തുന്നുവെന്നും ആത്മഹത്യ ചെയ്യുമെന്നു മുന്നറിയിപ്പ് നൽകുന്നതായും കാട്ടി പ്രിൻസിപ്പൽ വിമുക്ത ശർമയും കോളജിലെ മറ്റു ജീവനക്കാരും മൂന്നു തവണ പൊലീസിൽ നേരത്തെ പരാതി നൽകിയിരുന്നു....